| Sunday, 8th April 2012, 10:08 am

സംഘപരിവാര്‍ ഭീഷണി; ഖുത്ബുദ്ധീന്‍ അന്‍സാരി നാടകം ഉപേക്ഷിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖുതുബുദ്ധീന്‍ അന്‍സാരി നാടകം അവതരിപ്പിക്കുന്ന ജിതേഷ് ദാമോദര്‍

ആലപ്പുഴ: സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ഗുജറാത്ത് കലാപത്തിന്റെ ഇരയെക്കുറിച്ച് പറയുന്ന നാടകത്തിന്റെ അവതരണം ഉപേക്ഷിച്ചു. “കേരളകൗമുദി” സീനിയര്‍ ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദറിന്റെ “കുത്ബുദീന്‍ അന്‍സാരി” എന്ന ഏകാംഗ നാടകത്തിനെതിരെയാണ് ബി.ജെ.പിയും ഹിന്ദുഐക്യവേദിയും രംഗത്തെത്തിയത്. ആലപ്പുഴ തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് നാളെ വൈകിട്ട് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന നാടകമാണ് ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്.

നാടകം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കരിവാരിത്തേയ്ക്കാനാണെന്നാരോപിച്ച് ബി.ജെ.പിയുടെയും ഹിന്ദു ഐക്യവേദിയുടെയും പ്രാദേശിക നേതാക്കള്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ ജി. കുറുപ്പിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. നാടകം അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെയുണ്ടായാല്‍ ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുമായി സഹകരിക്കില്ലെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍  അടിയന്തിരമായി സംഘാടക സമിതി വിളിച്ചുകൂട്ടി നാടകം നടത്തേണ്ടെന്ന് തീരുമാനിച്ചു. നാടകം നരേന്ദ്രമോഡിയെ അവഹേളിക്കുന്നതാണെന്ന് തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്ന സ്‌കൂള്‍ അധികൃതരുടെ മറുപടി അംഗീകരിക്കാന്‍ സംഘടനകള്‍ തയ്യാറായില്ല.

നരേന്ദ്രമോഡിയെയോ ഹിന്ദു മതത്തെയോ മോശമായി ചിത്രീകരിക്കുന്ന ഒരു വരി പോലും നാടകത്തിലില്ലെന്ന് അന്‍സാരിയായി വേഷമിടുന്ന ജിതേഷ് ദാമോദര്‍ വ്യക്തമാക്കി. ഗുജറാത്ത് കലാപത്തിന്റെ ഇരയായ അന്‍സാരി, തന്റെ ദയനീയ ചിത്രം മാധ്യമങ്ങളില്‍ വന്നതിന് ശേഷം മാധ്യമങ്ങളാല്‍ തന്നെ വേട്ടയാടപ്പെടുകയാണ്. എല്ലാ മതങ്ങളും ഒന്നാണെന്നുള്ള സന്ദേശവുമാണ് തന്റെ നാടകമെന്നും ജിതേഷ് പറഞ്ഞു. ഗോപി കുറ്റിക്കോല്‍ സംവിധാനം നിര്‍വഹിച്ച നാടകം ഇതുവരെ അഞ്ചു വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്‍.എസ്.സിന് സ്വാധീനമുള്ളതാണ് തിരുവമ്പാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. മറ്റൊരു പരിപാടിയില്‍ നാടകത്തെക്കുറിച്ച് വശദീകരിക്കാന്‍ ദാമോദറിന് അവസരം നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more