| Saturday, 25th May 2019, 4:52 pm

ഭീകരം, അസഹനീയം, അരോചകം; മാറിവരുന്ന സിനിമാ ഭാവുകത്വത്തിനു നേരെയുള്ള വെടിയുതിര്‍ക്കലാണ് ലൂസിഫറെന്ന് ഡോ. ബി. ഇക്ബാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ലൂസിഫര്‍ സിനിമയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്ലാനിംഗ് ബോര്‍ഡ് അംഗവും കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി. ഇക്ബാല്‍. മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിനു നേരെ ക്രൂരമായി വെടിയുതിര്‍ക്കുകയാണ് പൃഥ്വിരാജും മുരളി ഗോപിയും മോഹന്‍ലാലും ലൂസിഫറിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭീകരം, അസഹനീയം, അരോചകം എന്നിങ്ങനെയാണ് അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

മുരളി ഗോപിയുടെ തിരക്കഥയില്‍ നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായ സിനിമ 200 കോടി സ്വന്തമാക്കുന്ന ആദ്യ സിനിമയെന്ന റെക്കോഡും ഇതിനിടെ സ്വന്തമാക്കിയിരുന്നു. മാര്‍ച്ച് 28-ന് റിലീസ് ചെയ്ത ലൂസിഫര്‍ കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.

ബി. ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആമസോണ്‍ പ്രൈം വിഡിയോയില്‍ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫര്‍ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങിനെ വിശേഷിപ്പിക്കാന്‍ കഴിയും ഈ തട്ടിപൊളിപ്പന്‍ ബ്ലോക്ക് ബസ്റ്റര്‍ സിനിമയെ? മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളിഗോപി രചനയും നിര്‍വഹിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും പ്രധാന വേഷത്തില്‍ വരുന്ന , ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫര്‍ മാഫിയ ബന്ധമുള്ള രാഷ്ടീയക്കാര്‍, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകന്‍, സ്തീത്വത്തെ അപമാനിക്കുന്ന അര്‍ദ്ധ നഗ്‌ന ഐറ്റം ഡാന്‍സ് അടക്കം നിരവധി ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങള്‍ തന്നെയാണ് വിളമ്പിത്തരുന്നത്.

കമ്മട്ടിപ്പാടം മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നവ സിനിമാ തരംഗം കേരളത്തില്‍ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിര്‍ക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സര്‍വോപരി മോഹന്‍ ലാലും. ലൂസിഫറിലൂടെ.

We use cookies to give you the best possible experience. Learn more