മൊഴിമാറ്റ ഗാനങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍. മൊഴിമാറ്റ ഗാനങ്ങള്‍ എഴുതുന്നവരെ നമിക്കണമെന്നും താന്‍ വളരെ അപൂര്‍വമായി മാത്രമെ ഇത്തരം ഗാനങ്ങള്‍ എഴുതിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അത്തരം ഗാനങ്ങള്‍ എഴുതുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുമെന്നും ഹരിനാരായണന്‍ പറഞ്ഞു.
തനിക്ക് അങ്ങനെ എഴുതാനുള്ള ശേഷിയില്ലെന്നും അതിനാലാണ് അവസരങ്ങള്‍ കിട്ടിയാലും മൊഴിമാറ്റ ഗാനങ്ങളില്‍ നിന്നും ഒഴിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമക്ക് വേണ്ടി പാട്ട് എഴുതിയപ്പോള്‍ കവിത വേണ്ടായെന്ന് ഒരു സംവിധായകന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഹരിനാരായണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മൊഴിമാറ്റ ഗാനങ്ങള്‍ എഴുതുന്നവരെ സത്യം പറഞ്ഞാല്‍ നമിക്കണം. ഞാന്‍ വളരെ അപൂര്‍വമായി മാത്രമേ അത്തരം ഗാനങ്ങള്‍ എഴുതിയിട്ടുള്ളു.
ശരിക്കും എന്നെക്കൊണ്ട് പറ്റാത്ത ഒരു പണിയാണത്. മൊഴിമാറ്റ ഗാനങ്ങള്‍ എഴുതുമ്പോള്‍ ചുണ്ടുകളുടെ അനക്കം വരെ ശ്രദ്ധിക്കണം.
അങ്ങനെ എഴുതുന്നതിനുള്ള ശേഷി ഇല്ലാത്തതിനാല്‍ പലപ്പോഴും അതില്‍ നിന്നും ഒഴുവാകുകയാണ് പതിവ്. അതെന്റെ ഒരു കുറവായിട്ട്തന്നെയാണ് ഞാന്‍ കാണുന്നത്. പാട്ടുകള്‍ മൊഴിമാറ്റുമ്പോള്‍ യഥാര്‍ത്ഥ വരികളുടെ അര്‍ത്ഥം തന്നെ വേണമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ അത് ചിലപ്പോള്‍ മലയാളത്തില്‍ പറ്റിയെന്നുവരില്ല. ഓരോന്നിനും ഓരോ രീതിയുണ്ടാവുമല്ലോ.
അവര്‍ പറയുന്നത് കൊടുക്കുകയും വേണം, എന്നാല്‍ ഇവിടുത്തെ പ്രേക്ഷകരെ അലോസരപ്പെടുത്തുകയും ചെയ്യരുത്. ശരിക്കും പറഞ്ഞാല്‍ വേറൊരു ഭാഷയില്‍ നിന്ന് മൊഴിമാറ്റം ചെയ്യുന്നത് വലിയ കഷ്ടപാടാണ്. അതില്‍ നിന്നെല്ലാം അരക്കവിത പോലെ ഒരു പാട്ടെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവരെയൊക്കെ നമിക്കണം എന്നാണ് തന്റെ അഭിപ്രായം. സിജു തുറവൂരിനെ പോലെയുള്ള ഒരുപാട് പേരുണ്ട് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായി,’ ബി.കെ ഹരിനാരായണന്‍ പറഞ്ഞു.
പഴയ പാട്ടുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്നത്തെ പാട്ടുകള്‍ കവിത പോലെയായിരിക്കില്ല. അത് പാട്ടില്‍ മാത്രമല്ല എന്നാണ് എനിക്ക് തോന്നുന്നത്. പഴയ സിനിമകളിലുണ്ടായിരുന്ന കാവ്യാത്മകമായ സംഭാഷണങ്ങളില്‍ നിന്നുവരെ മാറ്റം വന്നു. അതുപോലെ തന്നെ ഡയലോഗ് ഡെലിവറിയും മാറിയിട്ടുണ്ട്. ഒരിക്കല്‍ പാട്ട് എഴുതിയപ്പോള്‍ കവിത വേണ്ടന്ന് ഒരു സംവിധായകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്.അതൊരു കാലത്തിന്റെ മാറ്റമാണ്.
content highlight: b harinarayanan talks about dubbing songs