ദീപിക പദുക്കോണിനെ പരിഹസിച്ച് ബി.എച്ച്.യു വിദ്യാര്‍ത്ഥികളുടെ സ്‌കിറ്റ്; വിമര്‍ശനം
ന്യൂദല്‍ഹി: വാരണാസിയിലെ ബനാറസ് ഹിന്ദു (ബി. എച്ച്.യു) യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള വീഡിയോ വിവാദത്തില്‍.
ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ വ്യക്തി ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോക്ക് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.
‘കോഫി വിത്ത് കരണ്‍’ എന്ന ടി.വി ഷോയിലെ ദീപികയുടെ ഡേറ്റിംഗ് ചരിത്രത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ ആക്ഷേപഹാസ്യപരമായി വേദിയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുകയായിരുന്നു.
‘പരാജയപ്പെട്ട റിലേഷന്‍ഷിപ്പുകളില്‍ നിന്നും വന്നതിനാല്‍ കുറച്ചുകാലം തനിച്ചായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, എനിക്ക് അറ്റാച്ച് ആവാന്‍ ആഗ്രഹമില്ലായിരുന്നു, ആത്മാര്‍ത്ഥത കാണിക്കാത്ത ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. ഞാന്‍ ആസ്വദിച്ചു! അവന്‍ (രണ്‍വീര്‍ സിങ് ) എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതുവരെ ഞാന്‍ അവനോട് കമ്മിറ്റ് ചെയ്തില്ല.
അങ്ങനെയൊരു കമ്മിറ്റ്‌മെന്റ് എനിക്ക് ഉണ്ടായിരുന്നില്ല. സാങ്കേതികമായി മറ്റ് ആളുകളെ കാണുമ്പോഴും ഞങ്ങള്‍ പരസ്പരം മനസുകൊണ്ട് തിരികെ എത്തുമായിരുന്നു,’ കോഫി വിത്ത് കരണില്‍ ദീപിക പറഞ്ഞിരുന്നു.
‘ദീപിക കി കഹാനി, ബി. എച്ച്. യു ക്കി സുബാനി’ എന്ന തലക്കെട്ടോടു കൂടിയുള്ള വീഡിയോയില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ബി.എച്ച്.യു വിദ്യാര്‍ത്ഥികള്‍ കോളേജ് പരിപാടിയില്‍ അവതരിപ്പിക്കുകയും വലിയ സ്‌ക്രീനില്‍ അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായും കാണാം.
വീഡിയോയില്‍ ‘ബാജിറാവു മസ്താനി’ സിനിമയിലെ മസ്താനി കഥാപാത്രത്തിന്റെ വേഷം ധരിച്ച ഒരു വിദ്യാര്‍ത്ഥിയെയും വിദ്യാര്‍ഥിയുടെ പിന്നിലെ സ്‌ക്രീനില്‍ വ്യത്യസ്ത പുരുഷന്മാരുമൊത്തുള്ള ദീപികയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തത് കാണാം.
എന്നാല്‍ പരിപാടിക്ക് ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നതായി ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ദീപികയെ മാത്രം ലക്ഷ്യമിട്ടുള്ള വ്യക്തിഹത്യയാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി.
വീഡിയോ ഇതിനകം 1.7 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്. നിരവധി പേരാണ് ദീപികയ്ക്ക് പിന്തുണയുമായി എത്തിയത്.
Content Highlight: B.H.U students mocked Deepikapadukone