| Wednesday, 16th June 2021, 9:16 pm

ബി.ജെ.പിയുടെ നെഞ്ചത്ത് കയറിക്കളിച്ചാല്‍ പൊലീസും മുഖ്യമന്ത്രിയും കാര്യമറിയും; കേരളത്തില്‍ പൊലീസിനേക്കാള്‍ കൂടുതല്‍ ബി.ജെ.പിക്കാരാണെന്ന് മറക്കേണ്ടെന്ന് ഗോപാലകൃഷ്ണന്റെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും നേരെ ഭീഷണിയുമായി ബി.ജെ.പി. നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. കുഴല്‍പ്പണ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിമര്‍ശനം.

ബി.ജെ.പിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍, പൊലീസിനേക്കാള്‍ കൂടുതല്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭീഷണി.

കുഴല്‍പ്പണ കേസില്‍ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ ചോദ്യം ചെയ്യണമെന്നും വിജയരാഘവന്റെ ഫോണ്‍ പരിശോധിച്ചാല്‍ ബാക്കി പണത്തിന്റേയും പ്രതികളുടേയും കൂടുതല്‍ വിവരം കിട്ടുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രി ബിന്ദുവിന് വേണ്ടി കുഴല്‍പ്പണ കേസിലെ പ്രതികളില്‍ പലരും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

‘കൊടകര കുഴല്‍പ്പണ കേസില്‍ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി വിജയ രാഘവനെ പൊലീസ് ചോദ്യം ചെയ്യണം. അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ബാക്കി പണത്തിന്റേയും പ്രതികളുടേയും കൂടുതല്‍ വിവരം കിട്ടും. സി.പി.ഐ.എം. തിരക്കഥ അനുസരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കുഴല്‍പ്പണക്കേസ് കുഴലൂത്താക്കി ബി.ജെ.പിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പിണറായിയുടെ പൊലീസ് ശ്രമിക്കുന്നതെങ്കില്‍, പൊലീസിനേക്കാള്‍ കൂടുതല്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരും. കേരളത്തെ കലാപ ഭൂമിയാക്കാതിരുന്നാല്‍ നന്ന്,’ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കിലെഴുതി.

പിണറായി വിജയന്‍ രണ്ടാം വട്ടം അധികാരത്തില്‍ വന്നപ്പോള്‍ ബി.ജെ.പിയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് കരുതരുതെന്നും ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ ഒരു കാലം പിണറായിക്ക് ഉണ്ടായിരുന്നിരിക്കാം, അന്ന് തങ്ങള്‍ക്ക് ബാല്യവും ഇപ്പോള്‍ പിണറായിക്ക് വാര്‍ദ്ധക്യവുമായി എന്ന് മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘കുഴല്‍പ്പണ കേസ് പിണറായിയുടെ കുഴലൂത്തു കേസാക്കി മാറ്റി ബി.ജെ.പി യുടെ നെഞ്ചത്ത് കേറാമെന്ന് പൊലീസ് കരുതിയാല്‍ അതിശക്തമായി തന്നെ പ്രതികരിക്കും. ബി.ജെ.പി അന്വേഷണത്തോട് സഹകരിക്കുന്നത് പ്രസ്ഥാനത്തിന്റെ അന്തസ്സ് കൊണ്ടാണ്. അതൊരു ദൗര്‍ബ്ബല്യമായി കാണരുത്,’ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കിലെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൊടകര കുഴല്‍പ്പണ സംഭവം CPM സംസ്ഥാന സെക്രട്ടറി വിജയ രാഘവനെ പോലീസ് ചോദ്യം ചെയ്യണം.
അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ബാക്കി പണത്തിന്റേയും പ്രതികളുടേയും കൂടുതല്‍ വിവരം കിട്ടും. CPM തിരക്കഥ അനുസരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കുഴല്‍പ്പണക്കേസ് കുഴലൂത്താക്കി ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കില്‍, പോലീസിനേക്കാള്‍ കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടന്ന കാര്യം പോലീസും പോലീസ് മന്ത്രിയും അറിയേണ്ടിവരും. കേരളത്തെ കലാപ ഭൂമിയാക്കാതിരുന്നാല്‍ നന്ന്.

പോലീസ് CRPC പ്രകാരമാണ് അന്വേഷണം നടത്തേണ്ടത്, എന്നാല്‍ ഇന്ന് CPC (കമ്മൂണിസ്റ്റ് പ്രൊസീജര്‍ കോഡ്) പ്രകാരമാണ് അന്വേഷണം നടക്കുന്നത്. പിണറായിയുടെ പോക്കറ്റ് ബേബികളാണ് പുതിയ അന്വേഷണ സംഘമെന്ന് തെളിഞ്ഞിരിക്കുന്നു. അല്ലങ്കില്‍ ബിജെപിയുടെ പത്തു കോടി കുഴല്‍പ്പണമാണ് കൊടകരയില്‍ കവര്‍ച്ച ചെയ്തതതെന്ന് ആദ്യം പറഞ്ഞ വിജയരാഘവനെയാണ് പോലീസ് ചോദ്യം ചെയ്യേണ്ടിയിരുന്നത്.

കുഴല്‍പ്പണ കവര്‍ച്ചക്കേസിലെ പ്രതികളും വിജയരാഘവനും തമ്മില്‍ പല ബന്ധങ്ങളുമുണ്ട്. മന്ത്രി ബിന്ദുവിന് വേണ്ടി പ്രതികളില്‍ പലരും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രതികളെ രക്ഷിക്കാനാണ് വിജയരാഘവന്‍ ആദ്യം പ്രസ്താവന നടത്തിയത്. അന്വേഷണം സത്യസന്ധമാണങ്കില്‍ ആദ്യം വിജയരാഘവനെയാണ് ചോദ്യം ചെയ്യേണ്ടത്. അതല്ല, വിജയ രാഘവന്‍ വിടുവായിത്തം പറഞ്ഞതാണങ്കില്‍ തുറന്ന് പറഞ്ഞ് ക്ഷമ ചോദിക്കണം അതാണ് രാഷ്ട്രീയ മര്യാദ. പോലീസ് മണം പിടിച്ച് അന്വേഷിക്കരുത്, മണം പിടിച്ച് അന്വേഷിക്കുന്നത് പോലീസ് നായ്ക്കളാണ്, അന്വേഷണം നടത്തേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാകണം.

പിണറായി വിജയന്റെ പോക്കറ്റ് ബേബികളായി മാറിയ അന്വേഷണ സംഘം മര്യാദ കാണിച്ചാല്‍ മര്യാദയും തിരിച്ചാണെങ്കില്‍ മര്യാദകേടും ഉണ്ടാകും എന്ന് മനസ്സിലാക്കണം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കൊടകരയിലെ കുഴല്‍പ്പണം ബിജെപിയുടേതാണന്ന് പോലീസ് കോടതിയില്‍ പറഞ്ഞത്? ബിജെപിയുടേതാണന്ന് ആരും അവകാശപ്പെട്ടിട്ടില്ലന്ന് മാത്രല്ല പോലീസിന്റെ കയ്യില്‍ യാതൊരു തെളിവും ഇല്ല. എന്നിട്ടും ബിജെപിക്ക് അപകീര്‍ത്തി ഉണ്ടാക്കാന്‍ പോലീസ് ശ്രമിക്കുന്നത് ഇജങന്റെ കുഴലൂത്ത് പ്രകാരമാണ്. പോലീസിന്റെ മൊഴി CRPC പ്രകാരം തെളിവല്ല, അത് കൊണ്ടാണ് കമ്മൂണിസ്റ്റ് പ്രൊസീജര്‍ കോഡ് സിആര്‍പിസി പ്രകാരമാണ് ഇന്ന് പോലീസ് അന്വേഷണം നടത്തുന്നത് എന്ന് സംശയിക്കേണ്ടി വരുന്നത്. ഇത് അപകടകരമാണ്, കേരളം സെല്‍ ഭരണത്തിലേക്ക് നീങ്ങുന്നുവൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിണറായി വിജയന്‍ രണ്ടാം വട്ടം അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ ഒരു കാലം പിണറായിക്ക് ഉണ്ടായിരുന്നിരിക്കാം, അന്ന് ഞങ്ങള്‍ക്ക് ബാല്യവും ഇപ്പോള്‍ പിണറായിക്ക് വാര്‍ദ്ധക്യവുമായി എന്ന് മറക്കരുത് . കുഴല്‍പ്പണ കേസ്സ് പിണറായിയുടെ കുഴലൂത്തു കേസ്സാക്കി മാറ്റി ബിജെപി യുടെ നെഞ്ചത്ത് കേറാമെന്ന് പോലീസ് കരുതിയാല്‍ അതിശക്തമായി തന്നെ പ്രതികരിക്കും. ബിജെപി അന്വേഷണത്തോട് സഹകരിക്കുന്നത് പ്രസ്ഥാനത്തിന്റെ അന്തസ്സ് കൊണ്ടാണ് അതൊരു ദൗര്‍ബ്ബല്യമായി കാണരുത്. ആദ്യം CPM സംസ്ഥാന സെക്രട്ടറിയെ ചോദ്യം ചെയ്യുകയൊ ഫോണ്‍ പരിശോധിക്കുകയൊ ചെയ്ത് ബാക്കി കുഴല്‍പ്പണം പണം എവിടെ ഉണ്ടെന്ന് കണ്ടെത്തൂ, എന്നിട്ട് ആകാം ബിജെപിയുടെ നെഞ്ചത്ത് കയറ്റം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: B. Gopalakrishnan Threatens Cm On Kodakara Hawala Case

We use cookies to give you the best possible experience. Learn more