|

പി.കെ. ശ്രീമതിയോടുള്ള ഖേദപ്രകടനം ഔദാര്യമെന്ന ബി. ഗോപാലകൃഷണന്റെ വാദം തെറ്റ്; ഒത്തുതീര്‍പ്പ് രേഖ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പി.കെ ശ്രീമതിയോട് നടത്തിയ ഖേദപ്രകടനം തന്റെ ഔദാര്യമാണെന്നും അല്ലാതെ കോടതിയുടെ നിര്‍ദേശപ്രകാരമല്ലെന്ന ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷണന്റെ വാദം തെറ്റാണെന്ന് കാണിക്കുന്ന രേഖകള്‍ പുറത്ത്.

മാധ്യമങ്ങളുടെ മുന്നില്‍വെച്ച് ഖേദം പ്രകടിപ്പിക്കാമെന്ന നിബന്ധനയോട് കൂടിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് രേഖയില്‍ പറയുന്നത്. ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററില്‍വെച്ച് തയ്യാറാക്കിയ ഈ രേഖയില്‍ പി.കെ. ശ്രീമതിയും ബി. ഗോപാലകൃഷ്ണനും ഒപ്പുവെച്ചിട്ടുണ്ട്.

ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് പരസ്യമായി പി.കെ. ശ്രീമതിയോട് മാപ്പ് പറഞ്ഞ ബി. ഗോപാലകൃഷ്ണന്‍ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ മറുകണ്ടം ചാടുകയായിരുന്നു. ഒരു സ്ത്രീയുടെ കണ്ണീര്‍ കണ്ടാണ് താന്‍ ഖേദം പ്രകടിപ്പിച്ചതെന്നും അല്ലാതെ താന്‍ മാപ്പ് പറഞ്ഞില്ലെന്നും മാപ്പും ഖേദവും രണ്ടാണെന്നും ഗോപാലകൃഷ്ണന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ പി.കെ. ശ്രീമതിക്കെതിരെ നടത്തിയ അധിക്ഷേപ പരാമശത്തില്‍ ബി. ഗോപാലകൃഷ്ണനെതിരെ പി.കെ. ശ്രീമതി മാനനഷ്ടക്കേസ് നല്‍കിയിരുന്നു. പ്രസ്തുത കേസില്‍ ഇന്നലെ ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചതോടെ കേസ് ഒത്തുതീര്‍പ്പായി.

മന്ത്രിയായിരുന്ന കാലയളവില്‍ പി.കെ. ശ്രീമതിയുടെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യവകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും ബി.ജെ.പി നേതാവ് ഇന്നലെ കോടതിയില്‍ പറഞ്ഞു.

താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയും വിധത്തില്‍ തന്റെ കൈവശം തെളിവോ രേഖകളോ ഇല്ലെന്നും ശ്രീമതിക്ക് ഉണ്ടായ മനോവിഷമം ഉള്‍ക്കൊള്ളുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ ഇന്നലെ മാധ്യമങ്ങളോട് പറയുകയുണ്ടായി. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ സത്യം മാത്രമേ പറയാവൂ എന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ തന്റെ ജീവന്‍ പോയാലും മാപ്പ് പറയില്ലെന്ന് നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ പി.കെ. ശ്രീമതിയും ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കി. നിലവിലെ ഗോപാലകൃഷ്ണന്റെ നിലപാട് മാറ്റത്തില്‍ പ്രതികരിക്കാനില്ലെന്നും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അവര്‍ പ്രതികരിച്ചു.

Content Highlight: B. Gopalakrishnan’s claim that apology to P.K. Sreemathi was a gesture of generosity is wrong; Settlement document out