തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി. സുധാകരന്‍ അപമാനിച്ച ഷമക്ക് ബി.ജെ.പിയിലേക്ക് വരാമെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നടക്കുന്നത് കുടുംബാധിപത്യം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഷമ രംഗത്തെത്തിയിരുന്നു. പ്രസ്താവനക്ക് പിന്നാലെ ഷമയെ തള്ളി കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു.
ഷമ മുഹമ്മദ് കോണ്‍ഗ്രസിന്റെ ആരുമല്ലെന്നും വിമര്‍ശനത്തെ കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നുമാണ് സുധാകരന്‍ പറഞ്ഞത്. പിന്നാലെ സുധാകരന് മറുപടിയായി തന്റെ ഐ.ഡി ഫേസ്ബുക്കിൽ പങ്കുവെച്ച് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. എ.ഐ.സി.സിയുടെ വക്താവ് എന്ന് കാണിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഐ.ഡിയാണ് ഷമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മലബാറിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവർ ഉണ്ടെന്നും വടകരയിൽ ഷാഫി പറമ്പിലിന് പകരം തന്നെ പരിഗണിക്കാമായിരുന്നു എന്നും ഷമ പറഞ്ഞിരുന്നു. സംവരണ സീറ്റ് ആയതുകൊണ്ടാണ് ആലത്തൂരിൽ രമ്യ ഹരിദാസനെ പരിഗണിച്ചതെന്നും അല്ലെങ്കിൽ അവരെയും തഴഞ്ഞേനെ എന്നും ഷമ കുറ്റപ്പെടുത്തിയിരുന്നു. പാർട്ടി പരിപാടികളിൽ സ്ത്രീകളെ സ്റ്റേജിൽ ഇരുത്താൻ പോലും നേതാക്കൾ തയ്യാറാകില്ലെന്നും ഷമ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: b gopalakrishnan invited shema muhammad in bjp