കൊച്ചി: കേരളത്തിലെ ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ ബോധം കുറവാണെന്നും അതുകൊണ്ടാണ് മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവര്‍ വോട്ട് ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍. മുസ്‌ലീം ലീഗ് മതേതര പാര്‍ട്ടിയല്ലെന്നും മതത്തിന്റെ പേരിലുള്ള പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ സൂപ്പര്‍ പ്രം ടൈം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ബി.ജെ.പി മതേതര പാര്‍ട്ടിയാണെന്നും രാജ്യത്തിന്റെ വിഷയം വരുമ്പോള്‍
തങ്ങള്‍ക്ക് എപ്പോഴും മതം രണ്ടാമതാണെന്നും അദ്ദേഹം പറഞ്ഞു. രാമന്‍ ഒരു മതമല്ല, ഇന്ത്യന്‍ ദേശീയതയുടെ അടയാളമാണെന്നും ബി. ഗോപാലകൃഷണന്‍ പറഞ്ഞു.
‘റിസര്‍വേഷനല്ലാതെ ലീഗ് ഏതെങ്കിലും ഹിന്ദുവിനെ മത്സരിപ്പിച്ചിട്ടുണ്ടോ. കെ.എം. ഷാജി കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തില്‍ പറയുന്നത് മുസ്‌ലിം ലീഗ് മതം, മതം എന്നാണ്. മതേതരത്വമാണ് എന്ന് ഷാജി പറഞ്ഞിട്ടില്ല.
ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ പറയുന്നു മതമല്ല ഞങ്ങളുടെ പാര്‍ട്ടി. രാജ്യവും മതവും വന്നാല്‍ ബി.ജെ.പിക്ക് മതം രണ്ടാം സ്ഥാനത്താണ്. ഭാരതത്തിനാണ് ഞങ്ങള്‍ പ്രധാന്യം നല്‍കുന്നത്. എന്നാല്‍ ലീഗ് മതേതര പാര്‍ട്ടിയല്ല എന്ന് എനിക്ക് പറയാന്‍ കഴിയും.
ബാബരി മസ്ജിദ് പൊളിക്കപ്പെട്ടതിന് ശേഷം മലപ്പുറത്ത് മുസ്‌ലിം ലീഗുകാരാല്‍ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലീഗ് ഹിന്ദുക്കള്‍ക്ക് പാല്‍പ്പായസം കൊടുക്കാറുണ്ട്. ശരിയാണ്, ഈ നാട്ടിലെ ഹിന്ദുക്കള്‍ ലീഗിന് വേട്ട് ചെയ്യാറുണ്ട്, സി.പി.ഐ.എമ്മിന് വോട്ട് ചെയ്യാറുണ്ട്. അവരുടെ അടിസ്ഥാനം തകര്‍ക്കുന്ന ആളുകള്‍ക്കും ഇവിടുത്തെ ഹിന്ദുക്കള്‍ വോട്ട് ചെയ്യും. വേണമെങ്കിലും എന്‍.ഡി.എഫിന്റെ കൂടയും പോകും. അങ്ങനെ കുറേ ഹിന്ദുക്കള്‍ കേരളത്തില്‍ ഉണ്ട്.
ഞാന്‍ അതില്‍ നിഷേധം ഒന്നും പറയുന്നില്ല. അങ്ങനെയല്ലായിരുന്നു ഹിന്ദുക്കള്‍ എങ്കില്‍ ലീഗിന്റെ സ്വാധീനം പോലെ പല സ്ഥലത്തും അങ്ങനെ ആയേനെ. ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ ബോധം കുറവാണ്. അത് ഞാന്‍ അംഗീകരിക്കുന്നു. അതുകൊണ്ടാണ് കെ.സുരേന്ദ്രന്‍ ഇവെടെ പരാജപ്പെട്ടത്. അതുകൊണ്ടാണ് ഹിന്ദുക്കള്‍ ലീഗിന് വോട്ട് ചെയ്തത്,’ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Content Highlight: B. Gopalakrishnan Hindus in Kerala lack political consciousness