കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞ കേസില്‍ ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചു.
ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടുകയായിരുന്നു.
തൃപ്തിയെ മടക്കി അയക്കാതെ പ്രതിഷേധം നിര്‍ത്തില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
എന്നാല്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്നു. പൊലീസ് സംരക്ഷണം ലഭിക്കുമെന്ന ഉറപ്പ് തനിക്ക് കിട്ടിയിരുന്നെന്നും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു തൃപ്തി ദേശായി പറഞ്ഞത്.