തിരുവനന്തപുരം: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ ഒരു സീറ്റില്‍ പോലും മുന്നേറ്റം കാഴ്ചവെക്കാനാവാത്തതില്‍ നിരാശ പങ്കുവെച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍.
‘ഞങ്ങള്‍ കോരിവച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’ എന്നായിരുന്നു മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് പരാജയകാരണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പി നടത്തി പ്രക്ഷോഭങ്ങള്‍ ഗുണം ചെയ്തത് കോണ്‍ഗ്രസിനാണെന്നും കോണ്‍ഗ്രസ് തരംഗത്തിന്റെ കാരണം ഇതാണെന്നുമാണ് ബി.ജെ.പി വിലയിരുത്തുന്നത്.
ശബരിമല വലിയ തോതില്‍ പ്രചരണ ആയുധമാക്കിയ പത്തനംതിട്ടയില്‍ പോലും ബി.ജെ.പി ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കേരളത്തില്‍ ഇരുപത് സീറ്റുകളില്‍ 19 സീറ്റും യു.ഡി.എഫ് നേടിയപ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ ആരിഫിന് മുന്നേറ്റം നടത്താനായത്.
എക്‌സിറ്റ് പോള്‍ ഫലങ്ങളടക്കം ബി.ജെ.പിക്ക് കേരളത്തില്‍ സീറ്റ് പ്രവചിച്ചിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും സീറ്റ് ഉറപ്പാണെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ബി.ജെ.പി നേതൃത്വം.