| Thursday, 12th August 2021, 5:32 pm

കുരുതി ഒരു 'തീവ്ര ആഭാസം'; വിമര്‍ശനവുമായി ബി. ഇക്ബാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മലയാള ചിത്രം കുരുതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യവിദഗ്ധന്‍ ഡോ. ബി. ഇക്ബാല്‍. ചിത്രത്തെ ട്രോളിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പുമായാണ് ഇക്ബാല്‍ രംഗത്തെത്തിയിരിക്കുന്നത്.

കുരുതിയില്‍ തീവ്രവാദത്തെ അവതരിപ്പിച്ചിരിക്കുന്നതിനെ തീവ്ര ആഭാസമെന്നാണ് ഇക്ബാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ‘മനുഷ്യരുടെ സ്ഥായിയായ വികാരം ‘വെറുപ്പാണെന്ന്’ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആമസോണ്‍ പ്രൈം ‘കുരുതി’ തീവ്ര ആഭാസം അവസാനിക്കുന്നു,’ ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചിത്രത്തിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള നിര്‍ണായകമായ നിരവധി കഥാസന്ദര്‍ഭങ്ങളിലെ പാളിച്ചകളെയാണ് ഇക്ബാല്‍ നര്‍മത്തിന്റെ ഭാഷയില്‍ ചൂണ്ടിക്കാണിക്കുന്നത്.

‘തീവ്രവാദികള്‍ ഇരുചേരികളായി പിരിഞ്ഞ് മോട്ടോര്‍സൈക്കിളിലും ജീപ്പിലുമായി വനമധ്യത്തിലൂടെ ഹോളിവുഡ് സിനിമകളെ അതിശയിക്കുന്ന മരണപാച്ചില്‍ നടത്തുന്നു.

അവസാനം കുത്തും വെട്ടുമെല്ലാം കഴിഞ്ഞ് ഏതാനും സമ്മിശ്ര തീവ്രവാദികള്‍ ഹാരപ്പ, മോഹന്‍ ജദാരോ തുടങ്ങിയ നദീതട സംസ്‌കാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് കാനനചോലയുടെയും വനഭംഗിയുടെയും പശ്ചാത്തലത്തില്‍ പാറപ്പുറത്ത് മലര്‍ന്നും ചരിഞ്ഞും കിടന്ന് പുണ്യഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് തത്വചിന്തകള്‍ പങ്കിടുന്നു,’ ഇക്ബാലിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അനിഷ് പിള്ള കഥയെഴുതി മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഹിന്ദു – മുസ്‌ലിം വിദ്വേഷവുമെല്ലാം പ്രമേയമാകുന്ന ചിത്രത്തിന് സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ഭൂരിപക്ഷത്തിലെയും ന്യൂനപക്ഷത്തിലെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയാണ് ചിത്രം വിമര്‍ശിക്കുന്നതെന്ന് തോന്നുമെങ്കിലും സംഘപരിവാര്‍ നരേറ്റീവിലൂന്നികൊണ്ട് മാത്രമാണ് കുരുതി സഞ്ചരിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

പൃഥ്വിരാജ്, മാമുക്കോയ, റോഷന്‍ മാത്യു, ശ്രിന്ദ, മുരളി ഗോപി, മണികണ്ഠന്‍, നസ്‌ലന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്സ് ബിജോയിയുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു ആമസോണ്‍ പ്രൈം ഒ ടി ടി ”കുരുതി” (സംക്ഷിപ്തം)

ഒരു വയോജന തീവ്രവാദിയെ യുവ തീവ്രവാദി ശരിപ്പെടുത്തുന്നു. ക്രമസമാധാന പരിപാലനത്തിനായെത്തുന്ന ഭരണകൂടഭീകരതയുടെ പ്രതിനിധിയെ മറ്റൊരു തീവ്രവാദി വകവരുത്തുന്നു.

ഒരുമിച്ച് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന വിവിധവിഭാഗത്തില്‍ പെട്ട മനുഷ്യര്‍ അതിവേഗം തീവ്രവാദികളായി പരിവര്‍ത്തനം ചെയ്യപ്പെട്ട് തീപ്പന്തം, നാടന്‍തോക്ക്, പിച്ചാക്കത്തി, കടന്നല്‍ കൂട് തുടങ്ങിയവ ഉപയോഗിച്ച് അന്യോന്യം ആക്രമിക്കുന്നു. തീവ്രവാദികള്‍ ഇരുചേരികളായി പിരിഞ്ഞ് മോട്ടോര്‍സൈക്കിളിലും ജീപ്പിലുമായി വനമധ്യത്തിലൂടെ ഹോളിവുഡ് സിനിമകളെ അതിശയിക്കുന്ന മരണപാച്ചില്‍ നടത്തുന്നു.

അവസാനം കുത്തും വെട്ടുമെല്ലാം കഴിഞ്ഞ് ഏതാനും സമ്മിശ്ര തീവ്രവാദികള്‍ ഹാരപ്പ, മോഹന്‍ ജദാരോ തുടങ്ങിയ നദീതട സംസ്‌കാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് കാനനചോലയുടെയും വനഭംഗിയുടെയും പശ്ചാത്തലത്തില്‍ പാറപ്പുറത്ത് മലര്‍ന്നും ചരിഞ്ഞും കിടന്ന് പുണ്യഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് തത്വചിന്തകള്‍ പങ്കിടുന്നു.

ലാസ്റ്റില് എ പ്ലസ് പ്ലസ്, എന്‍ട്രന്‍സ് പരീക്ഷ, ഐ.എ.എസ് കോച്ചിങ്ങ്, മൊബൈല്‍ ആസക്തി എന്നിവയില്‍ അഭിരമിക്കുന്നവരായി നമ്മള്‍ തെറ്റിദ്ധരിക്കുന്ന യുവജനങ്ങളുടെ പ്രതിനിധികളായ പേനാക്കത്തിയേന്തിയ യുവാവും തീവ്രവാദിയുടെ മര്‍ദ്ദനമേറ്റ് കൈയൊടിഞ്ഞ യുവാവും കളകളാരവം മുഴക്കി ശാന്തമായി ഒഴുകുന്ന പുഴയുടെ മുകളിലുള്ള തൂക്കുപാലത്തില്‍ വച്ച് സന്ധിക്കുന്നു.

കാണികളുടെ മനോമുകരത്തിലേക്ക് ഹോളിവുണ്ട് ചിത്രമായ ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായ് (The Bridge on the River Kwai ) കടന്ന് വരുന്നു. (ചില പ്രേക്ഷകര്‍ ”കുരുതി രണ്ട്” റിലീസ് ചെയ്യപ്പെടാനുള്ള സാധ്യതയോര്‍ത്ത് ഞെട്ടുന്നു)

മനുഷ്യരുടെ സ്ഥായിയായ വികാരം ‘വെറുപ്പാണെന്ന്’ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആമസോണ്‍ പ്രൈം ‘കുരുതി’ തീവ്ര ആഭാസം അവസാനിക്കുന്നു.

നമ്മുടെ ആക്ഷന്‍ ഹീറോകളുടെ ഒ.ടി.ടി സിനിമകളുള്ളിടത്തോളം കാലം കോവിഡ് മഹാമാരിയെത്ര സഹനീയമെന്ന് പ്രേക്ഷകര്‍ ആശ്വാസത്തോടെ തിരിച്ചറിഞ്ഞ് ആഹ്‌ളാദിക്കുന്നു. എല്ലാം ശുംഭമായി പര്യവസാനിക്കുന്നു. ശേഷം അടുത്ത ഒ.ടി.ടി വെള്ളിത്തിരയില്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: B Ekbal criticises Malayalam movie Kuruthi

We use cookies to give you the best possible experience. Learn more