ഐ.പി.എല്‍ വാതുവെപ്പ്: രാജ് കുന്ദ്രയെ ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു
DSport
ഐ.പി.എല്‍ വാതുവെപ്പ്: രാജ് കുന്ദ്രയെ ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2013, 2:53 pm

[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍  രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ്കുന്ദ്രക്ക് സസ്‌പെന്‍ഷന്‍.

ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവും, രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമയുമായ രാജ് കുന്ദ്രയെ ബി.സി.സി.ഐയാണ് സസ്‌പെന്‍ഡ് ചെയ്തത്.[]

വാതുവെപ്പ് വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ക്രിക്കറ്റിലോ അനുബന്ധ പരിപാടികളിലോ ഇടപെടരുതെന്നും ബി.സി.സി.ഐ കുന്ദ്രക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദല്‍ഹിയില്‍ ചേര്‍ന്ന ബി.സി.സി.ഐ നിര്‍ണ്ണായക പ്രവര്‍ത്തക സിമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഇതിനിടെ വാതുവെപ്പ് കേസില്‍ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെയുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് കളിക്കാര്‍ക്ക് ആജീവനാന്ത വിലക്കിന് ശുപാര്‍ശ നല്‍കി.

കോഴ വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബി.സി.സി.ഐ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതി കമ്മീഷണറായ രവി സവാനിയായിരുന്നു വാതുവെപ്പ് വിവാദം അന്വേഷിച്ചത്.

വാതുവെപ്പ് കേസില്‍ നിരവധി പേരെയാണ് ഇതിനിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതോടെ വിവാദം കൂടുതല്‍ തലങ്ങളിലേക്കെത്തിയിരിക്കുകയാണ്.

കഴിഞ്ഞ മെയ് 16 നാണ് വാതുവെപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നിവരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.