|

വമ്പന്‍ മാറ്റങ്ങളുമായി ഐ.പി.എല്‍; പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ പുതിയ പതിപ്പിനാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്.

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ടൂര്‍ണമെന്റിന് മുന്നോടിയായി ബി.സി.സി.ഐ ഐ.പി.എല്ലിലെ ചില നിയമങ്ങള്‍ക്ക് മാറ്റം വരുത്തുകയും ഐ.പി.എല്ലില്‍ ഗോള്‍ഡന്‍ ബാഡ്ജ് എന്ന ഒരു പുതിയ നിയമം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഗോള്‍ഡന്‍ ബാഡ്ജ്

നിലവിലെ ഐ.പി.എല്‍ കിരീടം നേടിയ ടീമിനാണ് ഈ ബഹുമതി ഉണ്ടാകുക. ഇത് പ്രകാരം 2024ലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ജേഴ്‌സിയില്‍ ഐ.പി.എല്ലിന്റെ ഗോള്‍ഡന്‍ ബാഡ്ജ് ഉണ്ടാകും. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകള്‍ നിലവിലെ ചാമ്പ്യന്മാര്‍ ഗോള്‍ഡന്‍ ബാഡ്ജ് ധരിക്കുന്നതുപോലെയുള്ള അംഗീകാരമാണിത്.

റീപ്ലേസ്മെന്റ് റൂള്‍

ബി.സി.സി.ഐ ഐ.പി.എല്ലിന്റെ റീപ്ലേസ്മെന്റ് റൂളിലും മാറ്റം വരുത്തിട്ടുണ്ട്. പരിക്കോ മറ്റ് കാരണങ്ങള്‍കൊണ്ടോ ഒരു താരത്തെ നഷ്ടപ്പെട്ടാല്‍ ആ കളിക്കാരനെ ഗ്രൂപ്പ് ഘട്ടത്തിലെ 12ാം മത്സരം വരെ റീപ്ലേസ് ചെയ്യാന്‍ പുതിയ നിയമം അനുവദിക്കും. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തതും ഒരു ഫ്രാഞ്ചൈസിയും വാങ്ങാത്തതുമായ അവൈലബിള്‍ കളിക്കാരനെയാണ് ഫ്രാഞ്ചൈസികള്‍ക്ക് പകരക്കാരനായി തെരഞ്ഞെടുക്കാന്‍ കഴിയൂ.

രണ്ട് പന്ത് നിയമം

നിലവില്‍ ടി-20 മത്സരത്തിന്റെ ഓരോ ഇന്നിങ്‌സിലും ഒരു പന്ത് മാത്രമേ ഉപയോഗിക്കാറുള്ളൂ. എന്നാല്‍ ഇന്ത്യയിലെ മഞ്ഞുവീഴ്ചയടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 2025 ഐ.പി.എല്‍ മുതല്‍ രണ്ട് പന്തുകള്‍ ഉപയോഗിക്കുന്ന നിയമം കൊണ്ടുവരും. രണ്ടാം ഇന്നിങ്‌സിലെ 11ാം ഓവര്‍ മുതല്‍ മത്സരം സന്തുലിതമായി നിലനിര്‍ത്തുന്നതിന് ന്യൂ ബോള്‍ ഉപയോഗിക്കാം.

സ്ലോ ഓവര്‍ റേറ്റിന് വിലക്ക് ഇല്ല

ഐ.പി.എല്‍ ടീം ക്യാപ്റ്റന്‍മാര്‍ക്ക് ഓവര്‍ റേറ്റിന്റെ പേരില്‍ ഉടനടി മത്സര വിലക്ക് നേരിടേണ്ടിവരില്ല. ക്യാപ്റ്റന്‍മാര്‍ക്ക് ഡീമെറിറ്റ് പോയിന്റുകള്‍ പിഴ ചുമത്തി ശിക്ഷ കൊടുക്കാനാണ് ബി.സി.സി.ഐ തീരുമാനം.

‘ക്യാപ്റ്റന് ഡീമെറിറ്റ് പോയിന്റുകള്‍ പിഴയായി ലഭിക്കും, പക്ഷേ സ്ലോ ഓവര്‍ റേറ്റിന് മാച്ച് വിലക്ക് നേരിടേണ്ടിവരില്ല,’ ലെവല്‍-1 കുറ്റത്തിന് 25 മുതല്‍ 75 ശതമാനം വരെ മാച്ച് ഫീ പിഴയായി ഈടാക്കും, അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇത് ഡീമെറിറ്റ് പോയിന്റുകള്‍ കണക്കാക്കും.

ലെവല്‍-2 കുറ്റം ഗൗരവമുള്ളതാണെന്ന് കൃത്യമായി കണക്കാക്കിയാല്‍, നാല് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിക്കും. ഓരോ 4 ഡീമെറിറ്റ് പോയിന്റുകള്‍ക്കും മാച്ച് റഫറിക്ക് 100 ശതമാനം പിഴയോ അധിക ഡീമെറിറ്റ് പോയിന്റുകളോ ആയി പിഴ ചുമത്താം. ഈ ഡീമെറിറ്റ് പോയിന്റുകള്‍ ഭാവിയില്‍ ഒരു മത്സര വിലക്ക് നേരിടാന്‍ ക്യാപ്റ്റന്‍ ബാധ്യസ്ഥനാകും,’ ബി.സി.സി.യുടെ പ്രസ്താവനയില്‍ പറയുന്നത്.

ഡിസിഷന്‍ റിവ്യൂ സിസ്റ്റം

ഡി.ആര്‍.എസില്‍ ഉയരം അടിസ്ഥാനമാക്കിയുള്ള നോ-ബോള്‍ അവലോകനങ്ങളും ഓഫ്-സ്റ്റമ്പിന് പുറത്തുള്ള വൈഡ്-ബോള്‍ അവലോകനങ്ങളും ഉള്‍പ്പെടുത്തത്തി. കൃത്യവും സ്ഥിരവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് അമ്പയര്‍മാരെ സഹായിക്കും. ഉതിനായി അപ്ഡേറ്റ് ചെയ്ത സിസ്റ്റം ഹോക്ക്-ഐ സാങ്കേതികവിദ്യയും ബോള്‍ ട്രാക്കിങ്ങും ഉപയോഗിക്കും.

Content Highlight: B.C.CI Change Some Rules In IPL 2025

Video Stories