പന്തിനും ദല്‍ഹിക്കും വീണ്ടും പണി കിട്ടി; കര്‍ശന നിര്‍ദേശവുമായി ബി.സി.സി.ഐ
Sports News
പന്തിനും ദല്‍ഹിക്കും വീണ്ടും പണി കിട്ടി; കര്‍ശന നിര്‍ദേശവുമായി ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th April 2024, 12:51 pm

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 106 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് ആണ് നേടിയത്. പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 17.2 ഓവറില്‍ 166 റണ്‍സിന് പുറത്താവുകയായിരുന്നു.

 

ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പന്തിനെയും ദല്‍ഹിയിലെ മുഴുവന്‍ കളിക്കാരെയും ബി.സി.സി.ഐ ശാസിച്ചു. ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കെതിരെ 106 റണ്‍സിന്റെ വലിയ തോല്‍വി ഏറ്റുവാങ്ങിയതിനു പുറകെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് വമ്പന്‍ പിഴയാണ് ടീം ക്യാപ്റ്റന്‍ വാങ്ങേണ്ടി വന്നത്.

സ്ലോ ഓവര്‍ റേറ്റിന്റെ പിടിയില്‍ വീണ്ടും ദല്‍ഹി വിടുകയായിരുന്നു. ഒരു ഓവര്‍ എറിയുന്നതിനുവേണ്ടി നിശ്ചിത സമയത്തില്‍ കൂടുതല്‍ എടുത്തതിനെ തുടര്‍ന്നാണ് ബി.സി.സി.ഐ പിഴ ചുമത്തിയത്. ടീമിന്റെ രണ്ടാമത്തെ ചട്ടലംഘനമാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും സ്ലോ ഓവര്‍ റേറ്റിന്റെ പിടിയില്‍ 12 ലക്ഷം രൂപ പന്തിന് പിഴ ലഭിച്ചിരുന്നു.

കൊല്‍ക്കത്തക്കെതിരെയും അത് ആവര്‍ത്തിച്ചപ്പോള്‍ 24 ലക്ഷം രൂപയാണ് താരത്തിന് പിഴയായി വന്നത്. താരത്തിനോടൊപ്പം ഇമ്പാക്ട് പ്ലെയര്‍ അഭിഷേക് പോറല്‍ ഉള്‍പ്പെടെയുള്ള ഡി.സി താരങ്ങള്‍ക്ക് 6 ലക്ഷം രൂപയോ അല്ലെങ്കില്‍ അവരുടെ മാച്ച് ഫീയുടെ 25 ശതമാനേമാ പിഴയായി ഈടാക്കും.

കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തില്‍ 22 റണ്‍സ് ആണ് ദല്‍ഹി എക്‌സ്ട്രാസില്‍ വഴങ്ങിയത്. ഒരു നോബുകളും 15 വൈഡും നാല് ബൈ റണ്ണും രണ്ട് എല്‍.ബി റണ്‍സും അടക്കം വിട്ടുകൊടുത്ത് ബൗളര്‍മാര്‍ ദയനീയമായ ബൗളിങ് പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ ഒരു ഓവര്‍ എറിഞ്ഞു തീര്‍ക്കാന്‍ ബൗളിങ് നിര ഏറെ കഷ്ടപ്പെടുകയായിരുന്നു.

ദല്‍ഹി ബാറ്റിങ്ങില്‍ നായകന്‍ റിഷബ് പന്ത് 25 പന്തി 55 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 32 പന്തില്‍ 54 റണ്‍സും നേടി നിര്‍ണായകമായെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

 

Content Highlight: B.C.C.I with strict instructions to Pant and Delhi