ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ പട റെഡി; ടെസ്റ്റില്‍ തിരിച്ചെത്തി സ്റ്റാര്‍ ബാറ്റര്‍
Sports News
ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ പട റെഡി; ടെസ്റ്റില്‍ തിരിച്ചെത്തി സ്റ്റാര്‍ ബാറ്റര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th September 2024, 8:10 am

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പര നടക്കാനിരിക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമടങ്ങുന്ന പരമ്പരയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുക. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സ്‌ക്വാഡ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. 16 പേരടങ്ങുന്ന സ്‌ക്വാഡാണ് ബ.സി.സി.ഐ പുറത്ത് വിട്ടത്. കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് ടെസ്റ്റില്‍ തിരിച്ചിത്തിയിട്ടുണ്ട്.

2022ല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് താരം അവസാനമായി കളിച്ചത്. മാത്രമല്ല സ്പിന്‍ തന്ത്രങ്ങള്‍ക്ക് ശക്തി പകരാന്‍ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ ജോഡിയും തിരിച്ചെത്തിയിട്ടുണ്ട്.

അതേസമയം പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയിരുന്നു. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെയും രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെയും വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ബംഗളൂരുവിന്റെ സ്റ്റാര്‍ ബൗളര്‍ യാഷ് ദയാലിനെയും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ താരത്തിന് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റമത്സരം കളിക്കാനും സാധിക്കും. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിന് ഇനിയും ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതകള്‍ നീളുകയാണ്. ഇതുവരെ സഞ്ജുവിന് ടെസ്റ്റ് ടീമിന്റെ സ്‌ക്വാഡില്‍ പോലും ഇടം നേടാന്‍ സാധിച്ചിട്ടില്ല.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

 

Content Highlight: B.C.C.I Announces Team India’s Squad For First Test Against Bangladesh