ടെഹ്റാൻ: മിഡിൽ ഈസ്റ്റിലൂടെ വീണ്ടും ബി-52 ബോംബർ വിമാനങ്ങൾ പറത്തി യു.എസ്. അമേരിക്കയുടെ നടപടിക്ക് പിന്നാലെ ശക്തമായ വിമർശനവുമായി ഇറാനും രംഗത്തെത്തി. ഇത്തരം ഭീഷണികൾ മുഴക്കുന്നതിന് പകരം അമേരിക്ക മിലിട്ടറി ബജറ്റ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി ചെലവിടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
പ്രതിരോധ നടപടികളുടെ ഭാഗമായാണ് ബി-52 ബോംബർ വിമാനങ്ങൾ പറത്തിയത് എന്നാണ് യു.എസ് സെൻട്രൽ കമാൻഡായ സെൻട്കോം നൽകുന്ന വിശദീകരണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമൊഴിയുന്നതിന് മുൻപ് ഇറാനെതിരെ മിലിട്ടറി നടപടികൾ സ്വീകരിക്കുമെന്ന സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെയാണ് അമേരിക്കയുടെ ബോംബർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലൂടെ പറന്നത്.
ഞായറാഴ്ച ബി-52 ബോംബർ വിമാനങ്ങൾ പറത്തിയ നടപടിയെ ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരിഫും അപലപിച്ചു. അമേരിക്കയുടെ നടപടി ഇറാനെ ഭീഷണിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
”ഞങ്ങൾ കഴിഞ്ഞ 200 വർഷമായി ഒരിക്കൽ പോലും യുദ്ധം തുടങ്ങിയിട്ടില്ല. പക്ഷേ കൈയേറ്റക്കാരെ പിടിച്ചുകെട്ടുന്നതിൽ ഞങ്ങൾക്ക് ഒട്ടും മടിയില്ല,” സരിഫ് ട്വിറ്ററിൽ കുറിച്ചു. ന്യൂക്ലിയർ ബോംബുകൾ ഉൾപ്പെടെ 32,000 കിലോഗ്രാം ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബോംബർ വിമാനങ്ങളാണ് അമേരിക്ക മിഡിൽ ഈസ്റ്റിൽ പറത്തിയത്. കഴിഞ്ഞ ആഴ്ചകളിലായി അഞ്ച് തവണ യു.എസ് ബോംബർ വിമാനങ്ങൾ പറത്തിയെന്നാണ് റിപ്പോർട്ട്.
ഇറാന്റെ ആണവശാസ്ത്രജ്ഞനായ മൊഹ്സിൻ ഫക്രീസാദിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ മുറുകുന്നത്. കൊലപാതകത്തിന് പിന്നിൽ അമേരിക്കയുടെ അടുത്ത സഖ്യകക്ഷി കൂടിയായ ഇസ്രഈലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. അതേസമയം ബൈഡൻ അധികാരത്തിലേറിയാൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ കുറയുമെന്നാണ് കരുതുന്നത്.