നാദാപുരം: സുഹൃത്തുകള്‍ക്കൊപ്പം പൊട്ട് തൊട്ട് നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുസ്‌ലിം യുവതിക്കെതിരെ ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയിലൂടേയും അല്ലാതേയും വേട്ടയാടുന്നതായി പരാതി. ബംഗലൂരുവില്‍ മൂന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയായ അസ്‌നിയ ആഷ്മിനെയാണ് നാദാപുരത്തെ പ്രാദേശിക വാട്‌സ്അപ്പ് ഗ്രൂപ്പുകളിലൂടേയും ഫെയ്‌സ്ബുക്കിലൂടേയുമടക്കം അപകീര്‍ത്തിപ്പെടുത്താനും മറ്റും ശ്രമിക്കുന്നത്.
ഒരു കാലത്ത് വാട്‌സ്അപ്പില്‍ വൈറലായിരുന്ന “ഇങ്ങള് മാഹീത്തെ പെമ്പിള്ളേരെ കണ്ടിക്കാ” എന്ന ഹിറ്റ് ഗാനം ആലപിച്ചത് അസ്‌നിയ ആയിരുന്നു. അന്നും തനിക്കെതിരെ മതപണ്ഡിതന്മാരായ ബാഖവിമാരില്‍ നിന്നും വിമര്‍നങ്ങളുണ്ടായിരുന്നുവെന്നും അസ്മിന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. എം.എസ്.എഫിന്റെ നാദാപൂരം നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാന്റെ നേതൃത്വത്തിലാണ് തനിക്കെതിരെ പ്രചരണങ്ങള്‍ നടക്കുന്നതെന്ന് അസ്‌നിയ പറയുന്നു. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ അസ്‌നിയ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വിഷയത്തില്‍ ഇന്നും അസ്‌നിയ ഒരു പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഈ പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ ഒരു കൂട്ടം ആളുകള്‍ അസഭ്യവര്‍ഷം തുടരുകയാണ്.
മുമ്പ് തട്ടമിടാത്ത ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴും തനിക്കെതിരെ ഇത്തരത്തില്‍ ആക്രമണം നടത്തിയിരുന്നുവെന്നും അസ്‌നിയ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ഇവരെ ചൊടിപ്പിച്ചത്. തന്റെ ഉപ്പയും അനിയനുമുള്ള ലീഗിന്റെ വാട്‌സ്അപ്പ് ഗ്രൂപ്പിലൂടെയാണ് തന്നെ നിലയ്ക്ക് നിര്‍ത്തണമെന്ന തരത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നതെന്നും യുവതി പറയുന്നു. സഹോദരിയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് തന്റെ സഹോദരനെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും അസ്‌നിയ ഡൂള്‍ ന്യൂസിനോട് വെളിപ്പെടുത്തി.
തിയ്യന്മാരുടെ കൂടെ പൊട്ട് തൊട്ട് നില്‍ക്കുന്നു എന്നാണ് നാദാപുരത്തെ പ്രാദേശിക വാട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ അസ്‌നിയ്‌ക്കെതിരായി പ്രചരിക്കുന്ന ക്ലിപ്പില്‍ പറയുന്നത്. ഇത്തരത്തിലുള്ള ക്ലിപ്പുകളും മെസേജുകളും വൈറലായതോടെയാണ് താന്‍ ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയതെന്നും അസ്‌നിയ പറഞ്ഞു.
സമാനമായ രീതിയില്‍ മുമ്പും തനിക്കെതിരെ അധിക്ഷേപങ്ങളുണ്ടായിട്ടുണ്ടെന്നും അസ്‌നിയ പറഞ്ഞു. പ്ലസ് വണില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ വന്ന സുഹൃത്തുക്കളെ വാപ്പ നോക്കി നില്‍ക്കെ പിടിച്ചു കൊണ്ടു പോയി പള്ളിയില്‍ കെട്ടിയിട്ടിരുന്നു. പിന്നീടും പലപ്പോഴായി തന്നെ ഇവര്‍ അധിക്ഷേപിച്ചതായി അസ്‌നിയ പറയുന്നു.
മതവെറിയുടെ ഇരയാണ് താനെന്നും മതവിശ്വാസമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കാന്‍ സാധിക്കില്ലേയെന്നും അസ്‌നിയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. വിഷയത്തില്‍ നാദാപുരം എസ്.ഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അസ്‌നിയ പറഞ്ഞു. സൈബര്‍ സെല്ലിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.