Sports News
ചരിത്രത്തിലെ ആദ്യ താരം, ഒമര്‍സായിയുടെ താണ്ഡവത്തില്‍ പിറന്നത് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇരട്ട റെക്കോഡ്; തകര്‍ത്ത് വിട്ടത് ഇതിഹാസങ്ങളെ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 27, 03:14 am
Thursday, 27th February 2025, 8:44 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന്റെ വിജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്.

അഫ്ഗാനിസ്ഥാന്‍ സിംഹങ്ങള്‍ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 317ന് പുറത്താകുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ബാറ്റര്‍ ഇബ്രാഹിം സദ്രാന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് അഫ്ഗാനിസ്ഥാന്റെ തകര്‍പ്പന്‍ വിജയം. 146 പന്തില്‍ 177 റണ്‍സ് നേടിയാണ് താരം പുറത്തായത്. ആറ് സിക്സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

താരത്തിന് പുറമെ അഫ്ഗാനിസ്ഥാന് വേണ്ടി കൂടുതല്‍ സ്‌കോര്‍ നേടിയ താരം അസ്മത്തുള്ള ഒമര്‍സായിയാണ്. ആറാമനായി ഇറങ്ങി 31 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 41 റണ്‍സാണ് താരം നേടിയത്.

മാത്രമല്ല മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ അഞ്ച് സൂപ്പര്‍ താരങ്ങളെ പുറത്താക്കാനും ഒമര്‍സായിക്ക് സാധിച്ചു. ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍, ജോ റൂട്ട്, ജെയ്മി ഓവര്‍ട്ടണ്‍, ആദില്‍ റാഷിദ് എന്നിവരെയാണ് ഒമര്‍സായി പുറത്താക്കിയത്.  താരത്തിന്റെ ആദ്യത്തെ ഏകദിന ഫൈഫറാണിത്.

ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ 40+ റണ്‍സും ഫൈഫറും നേടുന്ന ആദ്യ താരമാകാനാണ് അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചത്. മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഒരു ടോട്ടല്‍ ഡിഫന്റ് ചെയ്ത് അഞ്ച് വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ ബൗളറാകാനും താരത്തിന് സാധിച്ചു.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഒരു ടോട്ടല്‍ ഡിഫന്റ് ചെയ്ത് അഞ്ച് വിക്കറ്റുകള്‍ നേടുന്ന താരങ്ങള്‍

ജാക്‌സ് കാലിസ് (സൗത്ത് ആഫ്രിക്ക)

മഖായ എന്റിനി (സൗത്ത് ആഫ്രിക്ക)

ജേക്കബ് ഓറം (ന്യൂസിലാന്‍ഡ്)

ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ)

അസ്മത്തുള്ള ഒമര്‍സായി (അഫ്ഗാനിസ്ഥാന്‍)

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചത് സൂപ്പര്‍ താരം ജോ റൂട്ടിനാണ്. 2083 ദിവസങ്ങള്‍ക്ക് ശേഷം ഏകദിനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് റൂട്ട് തിരിച്ചെത്തിത്. നേരിട്ട 98ാം പന്തിലാണ് റൂട്ട് നൂറടിച്ചത്.

ഏകദിന ഫോര്‍മാറ്റില്‍ താരത്തിന്റെ 17ാം സെഞ്ച്വറിയാണിത്. 111 പന്തില്‍ 11 ഫോറും ഒരു സിക്സറും അടക്കം 120 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. അസ്മത്തുള്ള ഒമര്‍യായ് യുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

Content Highlight: Azmatullah Omarzai In Great Record Achievement In ICC Champions Trophy