കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വിജയിച്ച് 2-1ന് പരമ്പര സ്വന്തമാക്കാനും അഫ്ഗാന്‍ സിംഹങ്ങള്‍ക്ക് സാധിച്ചിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് കടുവകള്‍ക്ക് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംഹങ്ങള്‍ 48.2 ഓവറില്‍ 246 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് ആണ്. 120 പന്തില്‍ നിന്ന് ഏഴ് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. അതോടെ തന്റെ എട്ടാമത്തെ ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
താരത്തിന് പുറമെ അസ്മത്തുള്ള ഒമര്‍സായി 77 പന്തില്‍ നിന്ന് അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടി പുറത്താകാതെ ടീമിനെ വിജയത്തില്‍ എത്തിക്കുകയും ചെയ്തു. മാത്രമല്ല അഫ്ഗാനിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ തീ പാറുന്ന പ്രകടനം നടത്താനും താരത്തിന് സാധിച്ചിരുന്നു.
37 റണ്‍സ് വഴങ്ങി 5.29 എന്ന എക്കോണമിയില്‍ നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു നേട്ടം കൊയ്യാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഇത്. മാത്രമല്ല 50 ഇന്റര്‍നാഷണല്‍ വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും ഈ ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചു.
ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാര്‍ (24), ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസ് (66), ജാക്കര്‍ അലി (1), നസും അഹമ്മദ് (5) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ഒമര്‍സായി സ്വന്തമാക്കിയത്. മത്സരത്തില്‍ താരത്തിന് പുറമെ മുഹമ്മദ് നബിയും റാഷിദ് ഖാനും ഓരോ വിക്കറ്റും നേടി.
അഫ്ഗാന് വേണ്ടി മുഹമ്മദ് നബി 34 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ബംഗ്ലാദേശിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് നാഹിദ് റാണയും മുസ്തഫിസൂര്‍ റഹാമാനുമാണ്. ഇരുവരും രണ്ട് വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ആറാമനായി ഇറങ്ങിയ മുഹമ്മദുള്ളയാണ്. 98 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 98 റണ്‍സാണ് താരം നേടിയത്. എന്നാല്‍ റണ്‍ ഔട്ടില്‍ കുരുങ്ങി വെറും രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെടുകയായിരുന്നു താരത്തിന്. 66 റണ്‍സ് നേടി ക്യാപ്റ്റന്‍ മെഹ്ദിയും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചാണ് കളം വിട്ടത്. മറ്റാര്‍ക്കും കാര്യമായ സംഭാവന ടീമിന് നല്‍കാന്‍ സാധിച്ചില്ല.
Content Highlight: Azmatullah Omarzai In Great Record Achievement