| Wednesday, 29th November 2023, 9:37 pm

മോയിന്‍കുട്ടി വൈദ്യര്‍ വെറുമൊരു മാപ്പിള കവിയല്ല

അസീസ് തരുവണ

അനന്യസുന്ദരമായ കാവ്യഭാഷകൊണ്ടും സവിശേഷമായ ദാര്‍ശനിക ഉള്‍കരുത്തുകൊണ്ടും മലയാളസാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭാശാലിയാണ് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍. അദ്ദേഹത്തിന് മുന്‍പോ ശേഷമോ അദ്ദേഹത്തെ പോലെ രചന നടത്തിയ മറ്റൊരു കവി നമ്മുടെ ഭാഷയിലുണ്ടായിട്ടില്ല. അരഡസനോളം ഭാഷകള്‍ സമഞ്ജസമായി സന്നിവേശിപ്പിച്ചാണ് മോയിന്‍കുട്ടി വൈദ്യര്‍ രചന നടത്തിയത്.

ഇത്തരത്തില്‍ ബഹുഭാഷകള്‍ ഉപയോഗിച്ച് രചന നിര്‍വഹിച്ച കവികള്‍ ലോക ഭാഷകളില്‍ മറ്റൊരാളുണ്ടെന്നു തോന്നുന്നില്ല. എന്നിട്ടും സമീപ കാലംവരെയും മുഖ്യധാരാസാഹിത്യമണ്ഡലത്തില്‍ ‘മാപ്പിള കവി’ എന്ന് മുദ്രകുത്തി അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയായിരുന്നു. ആദ്യകാലസാഹിത്യ ചരിത്രങ്ങളില്‍ ഒന്നിലും അര്‍ഹമായ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. തീര്‍ച്ചയായുമിത് നമ്മുടെ സാഹിത്യനിരൂപണ/സാഹിത്യചരിത്രരചനയുടെ അക്ഷന്തവ്യമായ തെറ്റും പരിമിതിയുമാണ്.

കേരള സാഹിത്യ ചരിത്രം, ഉള്ളൂര്‍

ഉദാഹരണമായി മഹാകവി ഉള്ളൂര്‍ രചിച്ച അഞ്ചുവാല്യങ്ങളടങ്ങുന്ന കേരളസാഹിത്യ ചരിത്രമെടുത്തു നോക്കുക. നാടോടിപ്പാട്ടുകളെപ്പറ്റി വിസ്തരിച്ചു പരിചയപ്പെടുത്തുന്ന ഭാഗത്താണ് മാപ്പിളപ്പാട്ടുകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. അതും കേവലമൊരുഖണ്ഡികയിലൊതുങ്ങുന്ന പരാമര്‍ശം. മോയിന്‍കുട്ടി വൈദ്യരുടെ പേരോ കൃതിയുടെനാമമോ മറ്റോ വ്യക്തമാക്കാതെ വൈദ്യരുടെ ബദര്‍പടപ്പാട്ടില്‍നിന്നുള്ള ഏതാനും വരികള്‍ മാപ്പിളപ്പാട്ടിനുദാഹരണമായി നല്‍കികൊണ്ട് അവസാനിപ്പിക്കുന്നു പരാമര്‍ശം.

അറബിമലയാള കാവ്യകൃതികളായ മാപ്പിളപ്പാട്ടുകളെ പൂര്‍ണമായും നാടോടി സാഹിത്യത്തിന്റെ ഗണത്തിലേക്കുമാറ്റി നിര്‍ത്തിയതു തന്നെ ശരിയായ സമീപനമല്ല.

രചയിതാവാരെന്നു വ്യക്തമായ, നാടോടി സ്വഭാവം ഒട്ടുമില്ലാത്ത അസംഖ്യം കൃതികള്‍ മാപ്പിളപ്പാട്ടു സാഹിത്യത്തിലുണ്ട്. അതിനാല്‍ മാപ്പിളപ്പാട്ടുശാഖയെ തന്നെ നാടോടി സാഹിത്യത്തിന്റെ ഗണത്തില്‍ തള്ളുന്നത് ഫോക് ലോര്‍ സിദ്ധാന്തങ്ങള്‍ക്കെതിരാണ്.

ഉള്ളൂര്‍ തുടങ്ങി വെച്ച ഈ തെറ്റായ സമീപനം പിന്നീട് പലരും അതേപടി അനുകരിക്കുകയാണ് ചെയ്തത്. സാഹിത്യചരിത്ര രചനയില്‍ അവലംബിച്ചുപോരുന്ന രീതിശാസ്ത്രത്തിന്റെയും സമീപനത്തിന്റെയും പൊതുമാനദണ്ഡമായി അവ പിന്നീട് മാറി. മാപ്പിളപ്പാട്ടിനും മോയിന്‍കുട്ടി വൈദ്യരടക്കമുള്ള നിരവധി കവികള്‍ക്കും മുഖ്യധാരയില്‍ ഇടം കിട്ടാതെ പോയതിന് ഇതിടയാക്കിയിട്ടുണ്ട്. ഇതൊരു നിസ്സാര പിഴവായി കാണുക സാധ്യമല്ല.

എം.ലീലാവതിയും എരുമേലി പരമേശ്വരന്‍ പിള്ളയും

എം. ലീലാവതി, എരുമേലി പരമേശ്വരന്‍ പിള്ള തുടങ്ങിയവര്‍ രചിച്ച സാഹിത്യചരിത്ര ഗ്രന്ഥങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, സാഹിത്യചരിത്രഗ്രന്ഥങ്ങള്‍ പൊതുവെ, മോയിന്‍കുട്ടി വൈദ്യരടക്കമുള്ള മാപ്പിളപ്പാട്ടുകവികളോടു സ്വീകരിച്ച സമീപനം രണ്ടാം തരം തന്നെയാണ്.

ഇതു കേവലം ഏതെങ്കിലും കവികളുടേയോ കാവ്യപ്രസ്ഥാനങ്ങളുടേയോ തമസ്‌ക്കരണത്തില്‍ ഒതുങ്ങുന്നതല്ല; മലയാള ഭാഷയെ സക്രിയമായി ഉള്‍കൊള്ളുന്നതിനുവേണ്ടി രൂപപ്പെടുത്തിയ, അയ്യായിരത്തിലേറെ ഗദ്യപദ്യ കൃതികള്‍ രചിക്കപ്പെട്ട (ആറായിരത്തിലേറെ പദ്യഗ്രന്ഥങ്ങളും ആയിരത്തിലേറെ ഗദ്യഗ്രന്ഥങ്ങളും അറബി-മലയാളത്തിലുണ്ടായിട്ടുണ്ടെന്ന് ചരിത്ര ഗവേഷകനായ കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം) അറബി-മലയാളമെന്ന ലിപിസമ്പ്രദായത്തോടു തന്നെയുള്ള സമീപനമാണ്.

അറബി-മലയാളലിപിയാണ് ഈ മാറ്റിനിര്‍ത്തലിനു പൊതുവെ പറയുന്ന മറുന്യായം.

അതേസമയം, അറബിമലയാളമോ മലയാളമോ വശമില്ലാത്ത ബ്രിട്ടീഷുകാരനായ എഫ്. ഫോസറ്റാണ് വൈദ്യര്‍ കൃതികളെപ്പറ്റി പ്രൗഢമായ രണ്ടു പ്രബന്ധങ്ങള്‍ ആദ്യമെഴുതിയതെന്ന കാര്യം നാം വിസ്മരിക്കരുത്.

വാസ്തവത്തില്‍, എന്താണ് അറബി മലയാളം? മാപ്പിളപ്പാട്ട്? അതില്‍ മോയിന്‍കുട്ടി വൈദ്യരുടെ സ്ഥാനമെന്താണ്? അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതകളെന്തൊക്കെയായിരുന്നു? പ്രൊഫ. ബി.എഫ്. മുഹമ്മദ് അബ്ദുറഹിമാനും അഡ്വ.ബി.എഫ്. അബ്ദുല്‍ റഹ്മാനും ചേര്‍ന്നെഴുതിയ ‘മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം’ എന്ന ലഘുകൃതിയെ മുന്‍നിര്‍ത്തി ചില ആലോചനകള്‍ പങ്കു വെക്കാം.

‘മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം’

പ്രൊഫ. ബി.എഫ്. മുഹമ്മദ് അബ്ദുറഹിമാനും അഡ്വ.ബി.എഫ്. അബ്ദുല്‍ റഹ്മാനും

പരിഷ്‌ക്കരിച്ച അറബി ലിപി ഉപയോഗിച്ച് മലയാള പദങ്ങള്‍ എഴുതുന്ന ലിപിസമ്പ്രദായത്തെയാണ് അറബി-മലയാളം എന്ന് പറയുന്നത്. അറബി-മലയാള ലിപിസമ്പ്രദായം എന്നു പ്രചാരത്തില്‍ വന്നു? അറബി-മലയാളലിപിയുടെ ആവിഷ്‌കര്‍ത്താവ് ആര് എന്നീചോദ്യങ്ങള്‍ക്കൊന്നും ഖണ്ഡിതമായ ഉത്തരങ്ങളില്ല. മലയാള ഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തച്ഛനോളംതന്നെ അറബി മലയാളത്തിന് കാലപ്പഴക്കമുണ്ട് എന്നതിന് ഖാദി മുഹമ്മദ് രചിച്ച മുഹ്‌യുദ്ദീന്‍മാല തെളിവാണ്.

അറബി മലയാളത്തിന്റെ ഉത്ഭവത്തെപ്പറ്റി പ്രധാനമായും രണ്ട് വാദഗതികളാണ് നിലവിലുള്ളത്. അതിലൊന്ന്, അറബികളാണ് അറബി മലയാളം രൂപപ്പെടുത്തിയത് എന്നതാണ്. വ്യാപാരം എന്നതോടൊപ്പം മതപ്രചാരണവും അറബികളുടെ കേരളീയ യാത്രയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

അതിനാല്‍ ഇസ്‌ലാമികമായ ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും തദ്ദേശിയര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാന്‍ പര്യാപ്തമായ ഒരു ഭാഷ അനിവാര്യമായിത്തീര്‍ന്നു. എന്നാല്‍ ഈ ആവശ്യം നിര്‍വ്വഹിക്കുവാനുതകുന്ന ഒരു ഭാഷയുടെ അസാന്നിധ്യം വലിലൊരു പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടൊപ്പം ഖുര്‍ആന്‍ പാരായണം, ഏറ്റവും പ്രാഥമികമായ ചില ആരാധനകള്‍ എന്നിവയ്ക്ക് അറബിലിപി പരിജ്ഞാനം അനിവാര്യമാകയാല്‍ കേരളീയരെ അറബിലിപി പഠി പ്പിക്കേണ്ടത് അനിവാര്യമായി വന്നു. അറബി ലിപി പരിജ്ഞാനം മേല്‍പറഞ്ഞ ഭാഷാ പ്രതിസന്ധി പരിഹരിക്കുവാന്‍ എളുപ്പം വഴിയൊരുക്കി.

പ്രാദേശിക ഭാഷ അതിന്റെ തന്നെ ലിപി ഉപയോഗി ച്ച് എഴുതുന്നതിന് പകരം അറബിലിപി ഉപയോഗിച്ച് പ്രാദേശിക ഭാഷ എഴുതുന്ന രീതി അറബികള്‍ സ്വീകരിച്ചു. അങ്ങനെയാണ് അറബി-മലയാളം രൂപപ്പെട്ടത്.

അറബികള്‍ എത്തിച്ചേര്‍ന്ന ദേശങ്ങളിലെല്ലാം ഇത്തരത്തിലുള്ള ലിപിവ്യവസ്ഥകള്‍ രൂപപ്പെടുത്തിയതായി കാണാം.

അറബി-തമിഴ്,അറബി-കന്നഡ, അറബി-ബംഗാളി, അറബി-കശ്മീരി, അറബി- തുര്‍ക്കിസ്താനി, അറബി-ബര്‍ക്കൂരി (ബഡ്ഗലി), അറബി-മാലി, അറബി-മലേഷ്യാ, അറബി-പുഷ്ത്ത്, ഹിന്ദുസ്താനി, ഫാര്‍സി, അറബി-സിന്ധി, അറബി-തുര്‍ക്കി, അറബി-സ്വിസ് (സ്വഖ് ലിയ്യ:), അറബി-ഉന്തസ്, അറബി-താഷ്‌കന്റ് മുതലായവ ഉദാ ഹരണം.

കേരളത്തിലെത്തിയ അറബികളാണ് അറബി മലയാള ലിപി സമ്പ്രദായം രൂപപ്പെടുത്തിയത് എന്ന അഭിപ്രായക്കാരാണ് ഒ. അബുവും സി.കെ. കരീമും (ഒ. അബു, അറബിമലയാള സാഹി ത്യചരിത്രം.1970, സി.കെ കരീം, കേരള മുസ്ലിം ഡയറക്ടറി. 1960)

പ്രൊഫ. കെ.എ. ജലീലിന്റെ അഭിപ്രായത്തില്‍, ഹിജറാബ്ദം ഒന്നാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ തന്നെ തങ്ങള്‍ കുടിയേറിപ്പാര്‍ക്കുകയോ മതപ്രചരണാര്‍ത്ഥം ചെന്നെത്തുകയോ ചെയ്ത നാടുകളിലെ പ്രദേശിക ഭാഷകള്‍ അറബി ലിപികളില്‍ എഴുതിത്തുടങ്ങിയ മുസ്‌ലിങ്ങള്‍ ക്രിസ്താബ്ദം ഒമ്പതാം നൂറ്റാണ്ടില്‍ മലബാറില്‍ വന്നപ്പോള്‍ ഇന്നാട്ടിലെ ഭാഷയും അറബിലിപികളില്‍ എഴുതിത്തുടങ്ങി എന്നു വിചാരിക്കാതിരിപ്പാന്‍ നിര്‍വ്വാഹമില്ല (ലിപികളും മാനവസംസ്‌കാരവും. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 1989)

പ്രൊഫ. കെ.എ. ജലീലിന്റെ ലിപികളും മാനവസംസ്‌കാരവും

അറബിമലയാളം വിദേശീയരായ അറബികളുടെ ബോധപൂര്‍വ്വമായ സൃഷ്ടിയല്ല എന്നും അറബിലിപിജ്ഞാനം നേടിയ തദ്ദേശീയരുടെ വ്യവഹാരപരിശ്രമത്തിന്റെ ഫലമായി രൂപം കൊണ്ടതാണന്നുമുള്ളതാണ് അറബിമലയാളത്തിന്റെ ഉല്‍ഭവത്തെക്കുറിച്ചുള്ള രണ്ടാമത്തെ കാഴ്ചപ്പാട്.

മതപരമായ ആവശ്യങ്ങള്‍ക്കായി മാപ്പിളമാര്‍ അറബിലിപിജ്ഞാനം നേടി. ഈ ലിപി മാപ്പിളമാര്‍ അവരുടെ വ്യവഹാരാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി. തങ്ങളുടെ വാമൊഴിയിലെ മതപരമായ കാര്യങ്ങള്‍ രേഖപ്പെടുത്താനായിരിക്കും ആദ്യം ഈ രീതി പ്രയോഗിച്ചത്.

ഖുര്‍ആനിലേയും മറ്റും വിശുദ്ധവചനങ്ങളും സൂക്തങ്ങളും ഭക്തിഗീതങ്ങളും മലയാളത്തിലോ ആര്യലിപിയിലോ എഴുതുന്നത് കുറ്റകരമാണെന്ന ഒരു ധാരണ മതപ്രബോധനത്തിന്റെ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഒരു പുതിയ ലിപി കണ്ടെത്തുവാന്‍ കേരളീയ മുസ്‌ലിങ്ങള്‍ നിര്‍ബന്ധിതരായി. ഇതിന്റെ പരിണിത ഫലമായാണ് അറബിമലയാളലിപി രൂപപ്പെട്ടതെന്ന് കാണാം.

അറബിയിലേയും മലയാളത്തിലേയും അക്ഷരങ്ങള്‍ എഴുതാവുന്നവിധത്തില്‍ അറബിലിപിമാലയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് അറബി മലയാള ലിപി രൂപപ്പെടുത്തിയത്. അറബി, പേര്‍ഷ്യന്‍ എന്നീ പൗരസ്ത്യ ഭാഷകളിലെ പദങ്ങളും, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലെ പദങ്ങളും, തമിഴ്, കന്നട, തുളു തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ പദങ്ങളും അറബിമലയാള ഭാഷയില്‍ വിപുലമായ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

പേര്‍ഷ്യന്‍, അറബി, ഉറുദു, തമിഴ് തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകളിലെ സ്വരങ്ങളെയും ശബ്ദവൈവിധ്യങ്ങളെയും ഉച്ഛാരണ വ്യത്യാസമില്ലാതെ ഉപയോഗിക്കുവാന്‍ പറ്റുംവിധമാണ് അറബിമലയാള ലിപി സംവിധാനം ചെ യ്തിരിക്കുന്നത്.

ഇസ്‌ലാം മതപ്രചാരണത്തിന്റെ ആരംഭദശയില്‍ കേരളത്തില്‍ തമിഴില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമാകാത്ത ഒരു സങ്കര ഭാഷയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. തുഞ്ചത്തെഴുത്തച്ഛന്റെ കാലംവരെ കേരളീയര്‍ വരമൊഴിക്ക് അപൂര്‍വ്വമായ നിലയില്‍ വട്ടെഴുത്തും, കോലെഴുത്തും ഉപയോഗിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ കണ്ടെടുക്കപ്പെട്ട ഗദ്യമായ വാഴപ്പിള്ളിശാസനത്തിലെ ലിപി വട്ടെഴുത്താണ്.

അറബികളാണ് കേരളത്തില്‍ കടലാസ് കൊണ്ടുവന്നത്. താളിയോലകളില്‍ നിന്നും എഴുത്തിന്റെ തലത്തെ കടലാസിലേക്ക് പരിചയപ്പെടുത്തിയ അറബികള്‍ മലയാളത്തെ തങ്ങളുടെ ലിപിയിലൂടെ കടലാസിലേക്ക് രേഖപ്പെ ടുത്താനും ശ്രമിച്ചു. ആദ്യകാല അറബിമലയാളകൃതികളെല്ലാം രചിക്കപ്പെട്ടത് തലശ്ശേരി, പൊന്നാനി തുടങ്ങിയ തീരപ്രദേശങ്ങളിലാണ്.

പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ ഇസ്‌ലാം മതം ഉള്‍നാടുകളില്‍ പ്രചരിക്കുന്നതോടുകൂടിയാണ് അറബിമലയാളവും വളര്‍ച്ച പ്രാപിക്കുന്നത്.

മലയാളഭാഷയുടെ വികാസപരിണാമങ്ങളെപ്പറ്റി അഗാധമായി പഠിച്ച ശുരനാട്ട് കുഞ്ഞന്‍പിള്ള, അറബിമലയാളത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു: ‘പ്രകാശിതവും അപ്രകാശിതവുമായ ആയിരക്കണക്കിന്‌ ഗദ്യ-പദ്യ(പാട്ട്) പുസ്തകങ്ങള്‍ അറബി-മലയാളത്തിലുണ്ടെന്ന് കേള്‍ക്കുന്നു. കേരളയാത്രക്കിടയില്‍ അവയില്‍ പലതും ഞാന്‍ വായിച്ചു കേട്ടു. എല്ലാ ശാസ്ത്രങ്ങളെക്കുറിച്ചുമുള്ള നിലവാരം പുലര്‍ത്തുന്ന ഗ്രന്ഥങ്ങളും നിഘണ്ടുക്കളും
അതില്‍ പെടുന്നു. കണ്ണൂരിലെ അറക്കല്‍ അലി രാജാവിന്റെ പിന്‍ഗാമികള്‍ കേരളം അടക്കി വാണിരുന്നുവെങ്കില്‍ മലയാളഭാഷയുടെ സര്‍വാംഗീകൃത ലിപിതന്നെ അറബി-മലയാളമാവുമായിരുന്നു’ (യുവകേരളം. പുസ്തകം 2 ലക്കം 3)

ശുരനാട്ട് കുഞ്ഞന്‍പിള്ള

ഗദ്യരൂപത്തിലും പദ്യരൂപത്തിലുമായി നിരവധി സര്‍ഗ്ഗാത്മകസൃഷ്ടികള്‍ അറബിമലയാളത്തിലുണ്ട്. മതപരമായ വിജ്ഞാന സമ്പാദനം ലക്ഷ്യം വെച്ചുകൊണ്ട് രൂപപ്പെടുത്തിയതിനാല്‍ത്തന്നെ അറബിമലയാളത്തിലെ ഒട്ടുമിക്കകൃതികളിലേയും പ്രതിപാദ്യം ഇസ്‌ലാം മത ചിന്തകളോടും ചരിത്രത്തോടും ബന്ധപ്പെട്ടുകിടക്കുന്നു.

അറബിമലയാളത്തില്‍ ആദ്യകാലങ്ങളില്‍ പദ്യസാഹിത്യത്തിനായിരുന്നു പ്രചാരം. ഗദ്യസാഹിത്യം വികസിക്കുന്നത് പില്‍ക്കാലത്താണ്. ഗദ്യത്തിലെ ഭാഷ ലളിതവും വാമൊഴിരൂപത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നതുമാണ്. കര്‍ത്താവ് അനുവാചകരോട് നേരിട്ട് സംവദിക്കുന്ന രീതിയിലാണ് മിക്കവാറും കൃതികള്‍. രചനാരീതിയിലും പദപ്രയോഗത്തിലും പ്രമേയസ്വീകരണത്തിലും അറബിമലയാളത്തിന്റേത് മാത്രമായ ചില പ്രത്യേകതള്‍ ഈ കൃതികളിലുണ്ട്.

അറബിമലയാളകൃതികള്‍ രചിക്കുന്നതിന് കൃത്യമായ സങ്കേതങ്ങള്‍ നിലവിലുണ്ടായിരുന്നു. ഗദ്യമാതൃകകള്‍ ഉണ്ടാകുന്നതിന് മുമ്പ് ഇസ്‌ലാമികാധ്യാപനങ്ങള്‍ സാമാന്യ ജനങ്ങളെ പഠിപ്പിക്കാനായിട്ടാണ് വൈജ്ഞാനിക വിഭാഗത്തില്‍പ്പെടുന്ന പദ്യകൃതികള്‍ ഉണ്ടായിട്ടുള്ളത്.

തത്വചിന്ത, വിശ്വാസാചാരങ്ങള്‍, കര്‍മ്മാനുഷ്ഠാനനിയമങ്ങള്‍ എന്നിവ പ്രതിപാദിക്കുന്ന ധാരാളം പദ്യ കൃതികളുണ്ട്. ചില ചരിത്രകാവ്യങ്ങളും കാണാന്‍ കഴിയുന്നുണ്ട്. അറബിമലയാള സര്‍ഗ്ഗാത്മക പദ്യകൃതികള്‍ വൈവിധ്യപൂര്‍ണ്ണമായ നിരവധി പ്രസ്ഥാനങ്ങളും രചനാസങ്കേതങ്ങളും കൊണ്ട് നിറഞ്ഞതാണ്.

മലയാള ഭാഷാപിതാവായ എഴുത്തച്ഛന്റെ കാലഘട്ടത്തില്‍ പോലും സജീവമായിരുന്ന കാവ്യശാഖയാണ് മാപ്പിളപ്പാട്ടുകള്‍.

അറബിമലയാള സാഹിത്യത്തിലെ പദ്യശാഖയാണ് മാപ്പിളപ്പാട്ടുകള്‍. ഗാനപ്രധാനങ്ങളാണവ. ശബ്ദാലങ്കാരങ്ങള്‍ക്കു പ്രാധാന്യമുള്ള സാഹിത്യമാണിത്. മാപ്പിള ജനസമൂഹത്തിന്റെ ചരിത്രവും സംസ്‌കാരവും ലയിച്ച് ചേര്‍ന്ന കാവ്യരൂപമാണ് മാപ്പിളപ്പാട്ട്. അറബി മലയാള ലിപിയിലായിരുന്നു ആദ്യകാലങ്ങളില്‍ മാപ്പിളപ്പാട്ടുകള്‍ രചിച്ചിരുന്നത്.

വിഷയഭേദമനുസരിച്ച് മാപ്പിളപ്പാട്ടുകളെ വിവിധ പേരുകളില്‍ തരംതിരിക്കപ്പെട്ടിട്ടുണ്ട്. മാലപ്പാട്ടുകള്‍, കിസ്സപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, മദ്ഹ്പാട്ടുകള്‍, വിരുത്തങ്ങള്‍, കെസ്സുകള്‍, എന്നിങ്ങനെ പോവുന്നു.

മാപ്പിളപ്പാട്ടു ശാഖയിലെ ശ്രേദ്ധേയമായ ഒരു വിഭാഗമാണ് പടപ്പാട്ടുകള്‍. പടപ്പാട്ടുകള്‍ എന്നതിന് യുദ്ധചരിത്രഗാനങ്ങള്‍ എന്നാണര്‍ത്ഥം. ബദ്ര്‍, ഉഹ്ദ്, ഹിജ്‌റ, ഫുതുഹുസ്സാം, ബഹ്നസ് വല്‍അഹ്നസ്, തബൂക്ക്, യര്‍മുക്ക്, യസൂദ് പട, മക്കം ഫത്ഹ്, മലപ്പുറം പടപ്പാട്ട്, ത്വാഇഫ് പടപ്പാട്ട്, ഖന്തഖ് പടപ്പാട്ട്, ഹുനൈന്‍ പടപ്പാട്ട്, മുഅ്ത്തപടപ്പാട്ട്, ഖൈബര്‍ പടപ്പാട്ട്, ജിന്നു പടപ്പാട്ടുകള്‍, ഖിലാഫത്ത് ലഹളപ്പാട്ടുകള്‍ മുതലായ നൂറില്‍ പരം കൃതികള്‍ പടപ്പാട്ടുവിഭാഗത്തിലുള്‍പ്പെടുന്നു.

ഇസ്‌ലാമിക ചരിത്രത്തിലെ എല്ലാ യുദ്ധങ്ങളേയും ആസ്പദമാക്കി അറബിമലയാളത്തില്‍ പടപ്പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അപൂര്‍വ്വമായി ചില സാങ്കല്‍പ്പിക യുദ്ധങ്ങളെ അടിസ്ഥാനമാക്കിയും പടപ്പാട്ടുകള്‍ രചിച്ചിട്ടു ണ്ട്. എന്നാല്‍ അവയിലെ കഥാപാത്രങ്ങള്‍ ചരിത്രപുരുഷന്‍മാര്‍ തന്നെയാണ്. ജിന്നു പടപ്പാട്ടുകള്‍ ഇതിനുദാഹരണങ്ങളാണ്.

ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമല്ലാത്തതും എന്നാല്‍ കേരളത്തിലെ മാപ്പിളമാരുടെ ജീവിതവുമായി ബന്ധപ്പെട്ടതുമായ ചില സമരകഥകളും പടപ്പാട്ടുകള്‍ക്ക് വിഷയമായിട്ടുണ്ട്. മലപ്പുറം പടപ്പാട്ട്, ചേരൂര്‍പടപ്പാട്ട് എന്നിവ ഉദാഹരണങ്ങളാണ്. ഇസ്‌ലാം മതത്തിന്റെ ആവിര്‍ഭാവകാലഘട്ടങ്ങളില്‍ ഇസ്‌ലാം മത വിശ്വാസികളും, അവിശ്വാസികളും തമ്മില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്രമാണ് ഗാനരൂപത്തില്‍ യുദ്ധവിവരണങ്ങളായി ഈ പടപ്പാ ട്ടുകളില്‍ നിബന്ധിച്ചിരിക്കുന്നത്.

പടപ്പാട്ടുകള്‍ മാപ്പിള മുസ്‌ലിങ്ങളെ ബ്രിട്ടനും ജന്മിത്തത്തിന്നുമെതിരില്‍ നിര്‍ബാധം പടപൊരുതാന്‍ കരുത്തരാക്കിയ ശക്തിമത്തായ മാധ്യമങ്ങളായിരുന്നു. ബദ്ര്‍, ഉഹ്ദ്, ഫത്ഹുശ്ശാം, മലപ്പുറം പടപ്പാട്ട്, ചേറൂര്‍ പടപ്പാട്ട് മുതലായവ അവയില്‍ പ്രസിദ്ധമായതത്രെ.

അതിനാല്‍ ചേറൂര്‍ പടപ്പാട്ട് മുതലായവ ഇംഗ്ലീഷുകാര്‍ കണ്ടു കെട്ടുകയുണ്ടായി.

അറബിമലയാളത്തിലെ ഏറ്റവും പ്രശസ്ത കവിയായ മോയിന്‍ കുട്ടി വൈദ്യരുടെ ഏറ്റവും മികച്ച കൃതികള്‍ അദ്ദേഹത്തിന്റെ പടപ്പാട്ടുകളാണ്. പ്രത്യേകിച്ചും ബദര്‍പടപ്പാട്ട്. ബദര്‍ പടപ്പാട്ടിനെ ഒരു ഇതിഹാസകാവ്യമായി ഈ കൃതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പഠനങ്ങള്‍ മുന്‍പ് നടന്നതായി അറിയില്ല. എന്ത് തന്നെയായാലും ഇതൊരു നല്ലചുവട് വെപ്പാണ്. ഇത്തര ത്തിലുള്ള പുതുവായനകളാണ് കാലം ആവശ്യപ്പെടുന്നത്. തീര്‍ ച്ചയായും വരുംകാല ഗവേഷകര്‍ക്ക് ഇതൊരു വഴികാട്ടിയാകുമെന്നതില്‍ സംശയമില്ല.

കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം

ആരായിരുന്നു മോയിന്‍കുട്ടി വൈദ്യര്‍ എന്നും അദ്ദേഹത്തിന്റെ കാവ്യസംഭാവനകള്‍ എന്തൊക്കെയായിരുന്നുവെന്നും ഹൃസ്വമെ ങ്കിലും ആഴത്തില്‍ പഠനവിധേയമാക്കിയിട്ടുണ്ട്, ‘മോയിന്‍ കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ച’ത്തില്‍. ഈ പുസ്തകത്തിലെ ഒരു പ്രധാന അദ്ധ്യായം ബദ്‌റില്‍മുനീര്‍ ഹുസ്നുല്‍ജമാല്‍ എന്ന കാവ്യത്തെ മുന്നിര്‍ത്തിയുള്ളതാണ്.

മലയാളഭാഷയിലെ ആദ്യത്തെ കാല്പ്പനിക കാവ്യമാണ് ബദ്‌റില്‍മുനീര്‍ ഹുസ്നുല്‍ജമാല്‍

ഇരുപതാമത്തെ വയസ്സില്‍ (1872) മോയിന്‍കുട്ടി വൈദ്യര്‍ എഴുതിയ ബദ്‌റുല്‍ മുനീര്‍ ഹുസ്നുല്‍ജമാല്‍ അക്കാലത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കാവ്യമാണ്. ഖാജാമുഈനുദ്ധീന്‍ ഷാ ശിറാസയുടെ കഥയെ ഇതിവൃത്തമാക്കിയാണ് ഈ കാവ്യം രചിച്ചത്.

സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തെ പ്രമേയമാക്കിയ അറബി മലയാളത്തിലെ ആദ്യത്തെ രചനയാണിത്. കാവ്യത്തിലെ നായികാനായകന്മാര്‍ മനുഷ്യരാണ്. എന്നാല്‍ ഉപകഥാപാത്രങ്ങളും മിക്കവാറും കഥാരംഗങ്ങളും അലൗകികമാണ്. പറക്കു ന്ന തേര്, മാന്ത്രിക കൊട്ടാരങ്ങള്‍, ഇലപറിച്ച് തൊപ്പിയാക്കി ധരിച്ചാല്‍ ആര്‍ക്കും പറക്കാവുന്ന സര്‍ഹന്ദ്മരം. കടലിലും ആകാശങ്ങളിലുമായി നടക്കുന്ന പ്രണയകേളികളും പോരാട്ടങ്ങളും ജിന്നുകളും ഭൂതങ്ങളും നിറഞ്ഞ ലോകങ്ങള്‍. അങ്ങനെ അസാധാരണലോകത്തുവെച്ച് അത്ഭുതകരമായ രീതിയിലാണ് കഥ പുരോഗമിക്കുന്നത്.

നായികാനായകന്മാരായ ബദ്‌റുല്‍ മുനീറിന്റേയും ഹുസനുല്‍ ജമാലിന്റേയും സൗന്ദര്യത്തികവിനേയും വിരഹ വേദനയേയും പറ്റി അതിമനോഹരമായി പാടുമ്പോഴും ഒരര്‍ത്ഥത്തില്‍ സ്വതന്ത്ര്യപ്പോരാളിയാണ്. പിതാവിന്റെ ഇച്ഛയ്‌ക്കെതിരായി മന്ത്രികുമാരനായ ബദ്‌റുല്‍ മുനീറിനെ സ്‌നേഹിക്കുകയും അതു തുടരാനാവില്ലെന്നുകണ്ട് അയാളേയും കൂട്ടി നാടുവിട്ടോടുകയും ചെയ്യുന്ന രാജകുമാരിയായ ഹുസ്നുല്‍ ജമാലിന്റെ കഥയാണ് വൈദ്യര്‍ പറയുന്നത്.

ഒളിച്ചോട്ടം ആസൂത്രണം ചെയ്യുന്നതും അതിനു മുന്‍കൈയ്യെടുക്കുന്നതും ആ യുവതിയാണ്.

ആ പോക്കില്‍ സാഹചര്യവശാല്‍ കാമുകന്‍ കൈവിട്ടുപോയപ്പോള്‍ ആ പെണ്‍കിടാവ് പിതാവിന്റെ കൊട്ടാരത്തിലേക്ക് മടങ്ങുന്ന കാര്യം ആലേചിക്കുകപോലും ചെയ്യാതെ കാമുകനെ സ്വന്തമായി അന്വേഷിച്ചു കണ്ടെത്തുവാന്‍ വേണ്ടി, വിധിയെ വെല്ലുവിളിച്ച് മുന്നോട്ടു പോകുന്നു. ആ പോക്കില്‍ തന്റെ ശരീരം കാമിച്ചു വന്നവരെയെല്ലാം വാക്കുകൊണ്ടും വാളുകൊണ്ടും നേരിട്ട് തോല്‍പ്പിക്കുന്നു.

സ്ത്രീവാദത്തിന്റെ്‌റെ ഇന്നത്തെ അളവുകോല് വെച്ച് നോക്കിയാല്‍ പോലും സ്‌നേഹത്തിന്റെ എന്ന പോലെ സ്വാതന്ത്യ്ര്യബോധത്തിന്റേയും പ്രതീകമായി നിലകൊള്ളാന്‍ പ്രാപ്തയാണ് ഹുസുനുജു മാല്‍. ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് പ്രണയസാഫല്യത്തിനുവേണ്ടി നാടും വീടും ഉപേക്ഷിച്ച് പോകുന്ന ഒരു യുവതിയെ നായികയാക്കാന്‍ മോയിന്‍കുട്ടി വൈദ്യര്‍ക്ക് സാധിച്ചു.

അത്തരം കഥകളുമായി കുമാരനാശാന്റെ നളിനി, ലീല തുടങ്ങിയ കാവ്യങ്ങള്‍ പിറന്നത് പിന്നെയും മൂന്ന് ദശകങ്ങള്‍ കഴിഞ്ഞാണ്. ഏതു പ്രണയബന്ധത്തിലും വ്യക്തിത്വപ്രഖ്യാപനവും സ്വാതന്ത്ര്യദാഹവും കുടിയിരിപ്പുണ്ട് (എം. എന്‍. കാരശ്ശേരി, ഉതിര്‍മണികള്‍ (എ ഡി: ആര്‍. രാമചന്ദ്രന്‍, 2002).

എം. എന്‍. കാരശ്ശേരി

ബദ്‌റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാലിലെ നായികാനായകന്മാര്‍ അവര്‍ണനീയമായ സൗന്ദര്യത്തിന്റെ ഉടമകളാണ്. ഹുസ്‌നുല്‍ ജമാല്‍ സ്ത്രീസൗന്ദര്യത്തിന്റെ മൂര്‍ത്തീകരണമാണ്:

‘മരതകത്തുകിലും ഞെറിഞ്ഞുടുത്തു മാണിക്കക്കൈ രണ്ടറീന്ത് വീശി പരുക്കിത്തല മൂടിയും കുനിഞ്ഞ് പെരുമാന്‍ കഴുത്തും ചെരിഞ്ഞും കൊണ്ട് കരിപോല്‍ ഇടത്തും വലത്തിട്ടുന്ന കണ്‍പിരിവെട്ടി ചൂഴറ്റീടലില്‍ വരിനൂല്‍ രദനം തരിത്ത് നോക്കും പവഴപ്പൊന്‍ ചുണ്ടാലെ പൊന്‍ചിരിത്തും പൊന്‍ചിരിത്തന്ന നടച്ചായലില്‍ പൂമാനത്തേവി വരവുതന്നില്‍ തഞ്ചങ്ങള്‍ മിന്നും മനുവര്‍ കണ്ടാല്‍ തബോധം വിട്ടു മദപ്പെടുമേ’

(മരതകപ്പട്ടു വസ്ത്രം ഞൊറിഞ്ഞുടുത്ത്, മണിക്യ സമാനമായ കൈകള്‍ എറിഞ്ഞു വീശി, കാലുകള്‍ ആനയെപ്പോലെ ഇടത്തും വലത്തുമിട്ടുന്നി, കണ്‍പീലി വെട്ടിച്ചുഴറ്റി, മദനാര്‍ത്ഥമായ നോട്ടത്തോടെ, പവിഴപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിച്ചുകൊണ്ട്, അന്നനടച്ചായലിലുള്ള അവളുടെ വരവു കണ്ടാല്‍ ജിന്നാകട്ടെ മനുഷ്യരാകട്ടെ മദം കൊണ്ട് ബോധം നശിക്കും)

ബദ്‌റുല്‍ മുനീര്‍ അതിസുന്ദരനാണ്. കവി ഭാവനയുടെ അത്യുന്നതയില്‍ നിന്നാണ് മുനീറിനെ നോക്കി കാണുന്നത്. സുന്ദരന്‍ മാത്രമല്ല, കലാരസികന്‍ കൂടിയാണ് മുനീര്‍. മികച്ച സിത്താര്‍ വായനക്കാരന്‍.

‘താമരപൂക്കും മുഖത്തെക്കണ്ടാല്‍ തേനാര്‍ ചിറക്കും പയക്കം കേട്ടാല്‍ സാമീറ വാക്കും ദുതികള്‍ രാഗം സംഗീത കല്യാണി പാടും നോക്കും’ എന്നാണ് കവി മുനീറിനെ പറ്റി പറയുന്നത്. ബദ്‌റുല്‍ മുനീറിന്റെ താമരപൂക്കും മുഖത്തെ കണ്ടാലും തേനാര്‍ ചിറക്കും പയക്കം (സംസാരം) കേട്ടാലും ആളുകള്‍ മതിമറന്ന് പോകുമത്രെ.

നായികാനായകന്മാരുടെ നിത്യ സൗന്ദര്യമുണര്‍ത്തുന്ന രസാനുഭൂതി ഈ കാവ്യത്തിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്. ഉദാത്തമായ പ്രണയം അതിസൂക്ഷ്മ വര്‍ണ്ണനകളിലൂടെയാണ് വൈദ്യര്‍ ആവിഷ്‌കരിക്കുന്നത്. ഈ കാവ്യം അഗാധമായ പ്രണയത്തിന്റെ കഥയാണ്.

ബദ്‌റുല്‍ മുനീറിന്റെയും ഹുസ്നുല്‍ ജമാലിന്റെയും പ്രണയ കഥകള്‍ക്കൊപ്പം ഒട്ടേറെ ഉപപ്രണയകഥകളും ഈ കാവ്യത്തിലുണ്ട്. ഹുസ്നുല്‍ ജമാലിനോട് അബു സയ്യാദിനും മുശ്താക്കിനും തോന്നിയ കമ്പം, ഉബൈസും ഖമര്‍ബാനും സുഫൈറയും ജമീലയുമെല്ലാം ബദ്റുല്‍ മുനീറിനെ കണ്ട് പ്രേമപാരവശ്യത്തില്‍ അകപ്പെടുന്നത് ഇങ്ങനെ ഒട്ടേറെ ഉപകഥകള്‍ ഈ കാവ്യത്തിലുണ്ട്.

ഇത്തരം വികാരസമ്മര്‍ദ്ധങ്ങല്‍ക്കിടയിലും ബദ്‌റുല്‍ മുനീറും ഹുസ്നുല്‍ ജമാലും തമ്മിലുള്ള ഗാഢ ബന്ധം വേറിട്ടു നില്‍ക്കുന്നു. പ്രണയ സാഫല്യത്തിനു വേണ്ടി നായികാനായകന്മാര്‍ സഹിക്കുന്ന ത്യാഗം അപാരമാണ്.

ബദ്‌റുല്‍ മുനീറിനോട് സ്ത്രീകള്‍ക്ക് തോന്നുന്ന പ്രണയം കാമാതുരമാണ്. ഹുസ്നുല്‍ ജമാലിനോടും പുരുഷന്മാര്‍ക്ക് തോന്നുന്ന അഭിനിവേശവും കാമം നിറഞ്ഞതാണ്. ഇതിനിടയില്‍ എല്ലാ പ്രലോഭനങ്ങളേയും പ്രതിസന്ധികളേയും നായികാനായകന്മാര്‍ തരണം ചെയ്യുന്നത് തങ്ങളുടെ അഗാധമായ ദിവ്യപ്രണയത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയാണ്.

മനോഹരമായ വാഗ്മയ ചിത്രങ്ങളാലും അത്യുദാത്തമായ കാവ്യഭാവനകള്‍ കൊണ്ടും സമ്പന്നമാണ് ഈ കാവ്യം.

സിത്താര്‍ വായിച്ചു നില്‍ക്കുന്ന ബദ്‌റുല്‍ മുനീറിനെ കണ്ട് തടാകത്തില്‍ കുളിച്ചുകൊണ്ടിരിക്കുന്ന രാജകുമാരിയും തോഴിമാരും ലഹരിയിലാഴുന്ന രസകരവും മനോഹരവുമായ ഒരു രംഗമുണ്ട് ഈ കാവ്യത്തില്‍. ഉടുപ്പില്ലാതെയും ഒരു കാലിന്മേല്‍ തളയിട്ടും കരിമിഴിയില്‍ മഷിയിട്ടും തരിവള കാലിലണിഞ്ഞുമൊക്കെ അവര്‍ മുനീറിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി പാഞ്ഞെത്തുന്നരംഗം.

ഈ കാവ്യത്തില്‍ ഇത്തരം ചിത്രങ്ങള്‍ ഒട്ടേറെയുണ്ട്. പൊതുവെ കാവ്യത്തില്‍ കടന്നു വരുന്ന മഹിളകളെല്ലാം ഇച്ഛാശക്തി പ്രകടി പ്പിക്കുന്നവരാണ്. അവരുടെ മനക്കരുത്തും പ്രണയപാരവശ്യവും അതു തുറന്നു പറയാനുള്ള തന്റേടവും എടുത്ത് പറയേണ്ടതാണ്.

സ്ത്രീയുടെ ദൗര്‍ബല്യത്തിലല്ല ശക്തിയിലാണ് കവിയുടെ ഊന്നല്‍.

ഈ ഊന്നല്‍ തീര്‍ച്ചയായും സ്ത്രീയെ അബലയും ചപലയുമായി കാണുന്ന പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ്. ഒരു കവിയെന്ന നിലയില്‍ മോയിന്‍കുട്ടി വൈദ്യരുടെ പാരമ്പര്യ നിഷേധം കൂടിയാണ് പ്രേമസങ്കല്‍പ്പങ്ങളിലെ ഈ പൊളിച്ചെഴു ത്ത് (എ.പി. കുഞ്ഞാമു, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അനുസ്മരണ പ്രബന്ധങ്ങള്‍, (ബദ്‌റുല്‍ മുനീറിലെ പ്രേമസങ്കല്‍പ്പം) യുവകലാസമിതി കോഴിക്കോട്, രണ്ടാം പതിപ്പ്, 2003).

എ.പി. കുഞ്ഞാമു

ബദ്‌റുല്‍ മുനീറിലെ ഭാഷയുടെ സൗകുമാര്യത എടുത്തു പറയേണ്ടതാണ്. സംഗീതസാന്ദ്രവും ഭാവപുഷ്‌ക്കലവുമാണത്. താളദീക്ഷയും അനുപ്രാസനിബദ്ധതയും വൈദ്യര്‍കൃതികളെ ശബ്ദമുഖരിതമാക്കുന്നു. ശബ്ദാലങ്കാരത്തിനും താളക്കൊഴുപ്പിനും അദ്ദേഹം അമിത പ്രാധാന്യം നല്‍കുന്നു. പദധാരാളിത്തം വൈദ്യര്‍ കൃതികളുടെ സവിശേഷതയാണ്.

വൈദ്യര്‍ക്കു ശേഷം ഇത്തരമൊരു പദധാരാളിത്തം കാവ്യത്തില്‍ കാണുന്നത് ചങ്ങമ്പുഴയിലാണ്.

മലയാളത്തില്‍ ഒരു കവിയ്ക്കും അവകാശപ്പെടാനാവാത്ത വൈദ്യരുടെ അനന്യത, ബഹുഭാഷാപദങ്ങളുടെ പ്രയോഗമാണ്. സം സ്‌കൃതം, പേര്‍ഷ്യന്‍, അറബി, കന്നട, തമിഴ്, മലയാളം പദങ്ങള്‍ ഇടകലര്‍ത്തി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. അന്യഭാഷാപദങ്ങളേടൊപ്പം മലയാളവിഭക്തി പ്രത്യയം ചേര്‍ത്തും അറബി മലയാള പദങ്ങള്‍ ഒരേഭാഷയിലെന്ന പോലെ സമാസിച്ചും മലയാള പദങ്ങള്‍ക്ക് അറബി പദങ്ങളുടെ രൂപം നല്‍കിയും അദ്ദേഹം ഉപ യോഗിച്ചിട്ടുണ്ട്.

വൈദ്യര്‍ ജീവിച്ചിരുന്ന കാലത്ത് മലയാളത്തിലെ വെണ്‍മണി കവികളും ഒട്ടേറെ കാല്‍പനിക കവികളും ജീവിച്ചിരുപ്പുണ്ടായിരുന്നു. വെണ്‍മണി അച്ഛന്‍ നമ്പൂതിരി (1817-91), നടുവത്ത് അച്ഛന്‍ നമ്പൂതിരി (1844-1893), കുണ്ടൂര്‍ നാരായണ മേനോന്‍ (1851-1910),  മഹൻ നമ്പൂതിരി (1857-1946) കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ (1858-1926) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1865-1916)  കുഞ്ഞുകൃഷ്‌ണമേനോൻ (1870-1916) തുടങ്ങിയവരുടെ പേരുകൾ എടുത്തുപറയേണ്ടതാണ്.

വൈദ്യര്‍ ജീവിച്ചിരുന്ന കാ ലത്ത് കേരളവര്‍മ്മയും എ.ആര്‍ രാജരാജവര്‍മ്മയും കാവ്യരംഗത്ത് സജീവമായിരുന്നു. കേരളവര്‍മ്മ ജനിച്ച് (1854-1914) രണ്ടു വര്‍ഷം കഴിഞ്ഞാണ് വൈദ്യര്‍ ജനിച്ചത്. എ.ആര്‍. രാജരാജവര്‍മ്മയേക്കാള്‍ പതിനാറു വയസ്സിനു മൂത്തതാണ് വൈദ്യര്‍. മലയവിലാസം (1895) രചിക്കുന്നതിനു പതിമൂന്ന് വര്‍ഷം മുമ്പാണ് (1872) ബദ്‌റുല്‍ മുനീര്‍ ഹുസുനുല്‍ജമാല്‍ രചിക്കപ്പെട്ടത്.

കുമാരനാശാന്‍

കുമാരനാശാന്‍(1873-1924) ജനിക്കുമ്പോള്‍ വൈദ്യര്‍ക്ക് ഇരുപത്തിയാറു വയസ്സായിരുന്നു. വീണപൂവ് (1907) രചിക്കുന്നതിനു പതിനഞ്ചു വര്‍ഷം മുമ്പ് വൈദ്യര്‍ മരണപ്പെട്ടിരുന്നു.

സാഹിത്യചര്‍ച്ചകളും സംവാദങ്ങളും ശക്തമായിരുന്ന കാലം കൂടിയാണത്. പത്രമാസികകള്‍ ആരംഭിക്കുകയും സാഹിത്യം അവയിലെ മുഖ്യ ഇനമായി മാറുകയും ചെയ്തിരുന്നു. എന്നിട്ടും എന്തുകൊണ്ട് മുഖ്യധാരയില്‍ വൈദ്യര്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല? സാഹിത്യചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നു പോലും അദ്ദേഹം എന്തു കൊണ്ട് അകറ്റി നിര്‍ത്തപ്പെട്ടു? മലയാളകാല്‍പ്പനികതയിലെ ആദ്യകിരണമായ വൈദ്യരെ എന്തുകൊണ്ട് കാല്‍പ്പനികതാ പ്രസ്ഥാനത്തില്‍ പോലും പരിഗണിച്ചില്ല?

വൈദ്യരുടെ ബദ്‌റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ അടക്കമുള്ള കൃതികള്‍ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ പ്രസിദ്ധമായിരുന്നു. ‘എ മാപ്പിള സോങ്’ എന്ന പേരില്‍ എഫ്. ഫോസറ്റ് ഇന്ത്യന്‍ ആന്റിക്വാറിയില്‍ 1900ല്‍ എഴുതിയ ലേഖനവും ഇന്ത്യന്‍ ആന്റിക്വാറിയുടെ 1901 നവംബര്‍, ഡിസംബര്‍ ലക്കങ്ങളിലായി വാര്‍സോങ്‌സ് ഓഫ് ദി മാപ്പിള ഓഫ് മലബാര്‍ എന്ന പേരില്‍ എഴുതിയ ലേഖനവും ഏറെ ശ്രദ്ധേയമാണ്.

ബദ്‌റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാലലിലെ ചില ഭാഗങ്ങളുടെ പരിഭാഷാ സഹിതം വൈദ്യരുടെ പ്രണയ കാവ്യത്തെ പറ്റി 1901 ലെ ഇന്ത്യന്‍ ആന്റിക്വാറി ലേഖനത്തില്‍ ഫോസറ്റ് പറയുന്നുണ്ട്.  ഡോ. എം.എം. ബഷീര്‍ നിരീക്ഷിച്ചതുപോലെ, വൈദ്യരുടെ മൊത്തം സാഹിത്യ സംഭാവനകള്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം എഴുത്തച്ഛന്‍, ചെറുശ്ശേരി, കുഞ്ചന്‍ നമ്പ്യാര്‍, ഉണ്ണായി വാര്യര്‍, പൂന്താനം തുടങ്ങിയ മലയാളത്തിലെ മരണമില്ലാത്ത മഹാകവികളുടെ നിരയിലാണ്.

അദ്ദേഹത്തിന്റെ മഹാകാവ്യങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു എന്നും പ്രതിഭയുടെയും ജീവിതാനുഭവങ്ങളുടെയും കാര്യത്തില്‍ അദ്ദേഹം ആരുടെയും പിന്നിലായിരുന്നില്ല എന്നും ഏതു കാവ്യ മാനദണ്ഡം കൊണ്ടളന്നാലും ബോധ്യമാവും (മോയിന്‍കുട്ടി വൈദ്യര്‍ സാഹിത്യചരിത്രത്തില്‍ (എഡി: കെ.എം. അഹ്മദ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പഠനങ്ങള്‍) മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി, കൊണ്ടോട്ടി-2006)

ഒരു പരിധിവരെ താരതമ്യസാഹിത്യത്തിന്റെ വിശകലനരീതി അടിസ്ഥാനമാക്കിയാണ് ‘മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം’ എന്ന ഈ പഠനഗ്രന്ഥം രചിച്ചിട്ടുള്ളത്.

രാഷ്ട്രാതിര്‍ത്തികള്‍ ഭേദിച്ച് സഹ്യദയമനസ്സുകള്‍ കീഴടക്കിയ മലയാളിയായ മോയിന്‍ കുട്ടിവൈദ്യരുടെയും ഇംഗ്ലീഷ് സാഹിത്യത്തിലെ അതുല്യ പ്രതിഭാശാലിയായ വില്യം ഷെയ്ക്സ്പിയറുടെയും മറ്റും രചനകളെ ചില പൊതുമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിക്കൊണ്ട് വൈദ്യര്‍ കൃതികളിലെ വിസ്മയങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകാനാണ് പുസ്തകത്തില്‍ പ്രധാനമായും ശ്രമിച്ചിട്ടുള്ളത്; ഗ്രന്ഥകര്‍ത്താക്കള്‍ അതില്‍ വിജയിച്ചിട്ടുമുണ്ട്.

വൈദ്യരുടെ ബഹുമുഖകാവ്യപ്രതിഭയെ ഇതിനോടകംതന്നെ അടയാളപ്പെടുത്തപ്പെട്ടതാണെങ്കിലും അതിനെ വേറിട്ട രീതിയില്‍ സമീപിക്കുകയും സമര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടിതില്‍. ലോകസാഹിത്യത്തില്‍ അത്യുന്നതസ്ഥാനം നേടിയ ഷെയ്ക്‌സ്പിയറും ആ സ്ഥാനത്തിന് എല്ലാ അര്‍ഹതയുമുണ്ടായിട്ടും എന്തു കൊണ്ട് വൈദ്യര്‍ക്കത് നിഷേധിക്കപ്പെടുന്നു എന്നുള്ളതും ഈ പുസ്തകത്തിലുടനീളം പറയാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ഒരു മാപ്പിളമലയാള കവി എന്നതിനപ്പുറം മലയാളത്തിലെ ഇതിഹാസരചയിതാവ് എന്നര്‍ത്ഥത്തില്‍ മഹാകവിസ്ഥാനത്ത് നിന്നും അദ്ദേഹം എങ്ങനെ ഓരംചേര്‍ക്കപ്പെട്ടു എന്ന കാലികപ്രസക്തമായ ആലോചനകള്‍ ഈ പുസ്തകത്തിന്റെ വായനാനന്തര ചിന്തകളില്‍ ഇടം പിടിക്കുമെന്നുറപ്പ്.

വൈദ്യരുടെ കാവ്യഭാഷ, പ്രമേയവൈവിധ്യം, വൈദ്യര്‍ സാഹിത്യം ഉല്‍പ്പാദിപ്പിക്കുന്ന ഉപകഥാലോകത്തിന്റെ ഉള്‍പ്പിരിവുകള്‍, പാടിപ്പറയല്‍ എന്ന അവതരണകലയുടെ സാധ്യതകള്‍, ആധ്യാത്മികത തുടങ്ങി വൈദ്യര്‍ കൃതിയിലെ ആധുനികതയുടെ ചൂടും ചൂരും വരെ ലളിതമായ ഭാഷയില്‍ ഹൃസ്വവും പ്രമാണബദ്ധവുമായി ഈ പുസ് തകം പരിശോധിക്കുന്നു.

അറബി മലയാളത്തിന്റെ ചരിത്രപശ്ചാത്തലം വിവരിക്കുന്ന ശ്രദ്ധേയമായ ഒരു ഭാഗം ഈ പുസ്തകത്തിന്റെ അനുബന്ധമായി കൊടുത്തിട്ടുണ്ട്. അറബിമലയാളം എന്ന ഭാഷ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തിലെ ശക്തമായൊരായുധമായിത്തീര്‍ന്നത് എങ്ങനെയെന്ന് ഇതില്‍ നിന്നും വായിച്ചെടുക്കാം.

അക്കാദമിക് ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങളെ മുറുകെപ്പിടിക്കുന്നു എന്നതുകൊണ്ടു തന്നെ മാപ്പിളസാഹിത്യപഠന മേഖലയിലെ ചെറുതെങ്കിലും ആധികാരികത അവകാശപ്പെടാവുന്ന രചനയാണിത്. അറബി മലയാളത്തിന്റെ ചരിത്രപശ്ചാത്തലമടക്കം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ വായനക്കാര്‍ക്കും അതേസമയം ഈ വഴിയില്‍ സഞ്ചരിക്കുന്ന ഗവേഷകര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന വൈദ്യര്‍ കൃതികളെക്കുറിച്ചുള്ള ആധികാരികമായ കൈപുസ്തകം എന്ന സവിശേഷതയും ഇതിനുണ്ട്.

ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ബി.എഫ്. മുഹമ്മദ് അബ്ദുല്‍ റഹ് മാന്‍, മാപ്പിളകലാ സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമുദ്രപ തിപ്പിച്ച അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് കേവലം എഴുതാന്‍ വേണ്ടി ഒരുപുസ്തകം എന്ന നിലയിലല്ല, മറിച്ച് വര്‍ഷങ്ങളായി ഇരുവരുടെയും മനസ്സില്‍ വായനയിലൂടെയും മറ്റും കൂടുകൂട്ടിയ വൈദ്യര്‍ ചിന്തകള്‍ക്ക് ചിറകുനല്‍കുക എന്നര്‍ത്ഥത്തില്‍ എഴുതാതിരിക്കാനാവാത്തതുകൊണ്ട് എഴുതപ്പെട്ടിട്ടുള്ള പുസ്തകമാണിത്. ആഴത്തിലുള്ള ബോധ്യങ്ങളുടെ കരുത്തിന്മേലാണ് ഇതിലെ ഓരോ നിഗമനങ്ങളും പടുത്തുയര്‍ത്തിയിരിക്കുന്നത് എന്നു വ്യക്തം.

content highlights: Aziz Tharuvana writes that Moyinkutti Vaidyar is not just a Mappila poet

അസീസ് തരുവണ

എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്

Latest Stories

We use cookies to give you the best possible experience. Learn more