national news
കൊവിഡ് 19: ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയത് അസിം പ്രേംജി; ലോകത്ത് മൂന്നാം സ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 18, 02:54 am
Monday, 18th May 2020, 8:24 am

ന്യൂദൽഹി: കൊവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത വ്യവസായി വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജിയെന്ന് റിപ്പോർട്ടുകൾ.

കൊവിഡുമായി ബന്ധപ്പെട്ട് ആ​ഗോള തലത്തിൽ ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത ഫോബ്സ് തയ്യാറാക്കിയ വ്യവസായികളുടെ പട്ടികയിൽ മൂന്നാമതാണ് അസിം പ്രേംജി. മെഡിക്കൽ സേവന മേഖലയ്ക്കാണ് കൂടുതൽ തുകയും സംഭാവന നൽകിയിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് വ്യാപനം ശക്തിപ്രാപിച്ച ഏപ്രിൽ മാസത്തിൽ തന്നെ 1,125 കോടി രൂപയാണ് അസിം പ്രേംജി സംഭാവന ചെയ്തത്. ഇതിൽ ആയിരം കോടി നൽകിയത് അസിം പ്രേംജി ഫൗണ്ടേഷനാണ്. വിപ്രോ 100 കോടിയും വിപ്രോ എന്റർപ്രൈസസ് 25 കോടിയും നൽകി.

ഫോബ്സിന്റെ പട്ടിക പ്രകാരം ഇതുവരെ 77 ശതകോടീശ്വരന്മാരാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയിട്ടുള്ളത്. ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസിയാണ് ലോകത്ത് ഏറ്റവും കൂടുതൽ തുക കൊവി‍ഡുമായി ബന്ധപ്പെട്ട് സംഭാവന നൽകിയത്. 7549 കോടി രൂപയാണ് ട്വിറ്റർ നൽകിയത്. 1925 കോടി രൂപ നൽകിയ ബിൽ​ഗേറ്റ്സ് രണ്ടാം സ്ഥാനത്താണ്. ഇവർക്കു പിന്നിലാണ് ഇന്ത്യയുടെ അസിം പ്രേംജി.

നേ​രത്തെ കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നിയമങ്ങൾ ഭേ​ദ​ഗതി ചെയ്യുന്നത് സമ്പദ് വ്യവസ്ഥയെ സഹായിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചും അസിം പ്രേംജി രം​ഗത്ത് എത്തിയിരുന്നു. ദുർബലരായ ഇന്ത്യയിലെ തൊഴിലാളികളെ തീരുമാനം വീണ്ടും ക്ഷീണിപ്പിക്കുക മാത്രമേ ഉള്ളുവെന്നായിരുന്നു അസിം പ്രേംജി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.