ജീവിതത്തില്‍ ആദ്യമായി രക്തസാക്ഷി എന്ന വാക്കു കേള്‍ക്കുന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ആ വാക്കിന്റെ രാഷ്ട്രീയാര്‍ഥമോ അനുഭവങ്ങളുടെ ആഴമോ ഉണങ്ങാ മുറിവോ തിരിച്ചറിയാനുള്ള പ്രായമായില്ലെങ്കിലും അഴീക്കോടന്‍ രാഘവന്റെ വധമാണ് ആസകലം ഉലച്ചുകളഞ്ഞ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം. അദ്ദേഹം കേരളം അറിയപ്പെടുന്ന വലിയ നേതാവാണെന്നൊന്നും അറിയില്ല. തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ 1972 സെപ്തംബര്‍ 23ന് മൃഗീയമായ അരുംകൊലക്ക് ഇരയാവുംമുമ്പേ, ഏറെ വിദൂരമല്ലാത്തൊരു നാളില്‍ അദ്ദേഹം വീട്ടില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ആര്‍ക്കും സുപരിചതമായ ആ ഫോട്ടോയില്‍ തെളിയുന്ന അതേ ചിരിയോടെ. തൃശൂരില്‍ എംഎല്‍എ ആയിരുന്ന കെ എസ് നായര്‍ പാര്‍ടിയില്‍നിന്നു പോയപ്പോള്‍ വന്ന ഉപതെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായിരുന്നു അച്ഛനെത്തേടിയുള്ള (ഇ.കെ മേനോന്‍)
ആ വരവെന്നൊക്കെ എനിക്കു തിരിയുന്നത് വര്‍ഷം കുറേകഴിഞ്ഞാണ്.
ഉച്ച കഴിഞ്ഞ നേരത്ത് അവിചാരിതമായി വന്നു കയറിയ അതിഥിക്ക് ചായ വാങ്ങാന്‍ അടുത്തുള്ള സഹദേവന്റെ ചായക്കടയിലേക്ക് ഓട്ടുമൊന്തയുമായി ഓടിയത് നല്ല ഓര്‍മ. അച്ഛനുമായുള്ള വര്‍ത്തമാനത്തിനിടെ അതേ ചിരിയോടെ അദ്ദേഹം ചായ വാങ്ങിക്കുടിച്ചു. ചുമലില്‍തട്ടി. ആ ചിരി മനസില്‍ വട്ടംചുറ്റി. ഞാന്‍ ഒരുപാടു കരഞ്ഞു. വീട്ടിലാരോ പോയപോലെ. അഴീക്കോടന്‍ അന്നിരുന്ന കസേര അടയാളമിട്ട് ഞാന്‍ മാറ്റിവച്ചു. പിന്നീട് പുതൂര്‍ക്കരയില്‍ പാര്‍ടി ഓഫീസ് പണിതപ്പോള്‍ കൊടുത്തു. ആ മരക്കസേര ഇപ്പോള്‍ അവിടെ കാണുമോആവോ. അതിന്റെ ചരിത്രമറിയുന്നവര്‍ എന്തായാലും അവിടെ കാണില്ല. ഓട്ടുമൊന്ത പാത്രക്കാരന് കൊടുത്ത് പകരം സ്റ്റീല്‍പാത്രം വാങ്ങി അമ്മ.
അഴീക്കോടന്‍ വധിക്കപ്പെട്ട രാത്രി ഏതാനും മണിക്കൂറുകള്‍ക്കകം ആ വാര്‍ത്തയറിയുന്നത്, ടാക്സിയില്‍ വന്ന് അച്ഛനെ വിളിച്ചുണര്‍ത്തി കൂട്ടിക്കൊണ്ടുപോകാന്‍വന്ന പി ആര്‍ ഗോപാലേട്ടന്‍ പറഞ്ഞാണ്. അച്ഛന്റെ അക്കാലത്തെ സന്തത സഹചാരി. ആ രാത്രിപിന്നെ ഞങ്ങളുടെ വീടുറങ്ങിയില്ല. അമ്മയും രണ്ടു മക്കളും അച്ഛനെ കാത്തിരിക്കുകയാണ്. അച്ഛനെ പിന്നീടു കാണുന്നത് പിറ്റേന്ന് രാവേറെ വൈകി. അഴീക്കോടന്റെ മൃതദേഹം അപ്പോള്‍ പയ്യാമ്പലമെത്തിയിരിക്കും.
അഴീക്കോടനെപ്പോലെ ഒരുനാള്‍ അച്ഛനും ആരാലും വധിക്കപ്പെട്ടേക്കുമോ എന്ന ഭീതി എന്റെ കുഞ്ഞുമനസിനെ വല്ലാതെ തകിടം മറിച്ചു. അകാരണമായ അരക്ഷിതബോധം അങ്ങനെ ഒഴിയാബാധയായി.
അഴീക്കോടന്‍ രക്തസാക്ഷി ഫണ്ടു പിരിവിനാണ് ഞാനാദ്യമായി പുതൂര്‍ക്കരദേശം മുഴുവന്‍ വീടുകള്‍ കയറിയിറങ്ങി ചുറ്റിനടക്കുന്നത്. തറയില്‍ ഔസേഫും പി കെ നാരായണനുമൊപ്പം (അക്കൂട്ടത്തില്‍ നാരണേട്ടന്‍ ജീവിച്ചിരിക്കുന്നു) തകരട്ടിന്നില്‍ അഴിക്കോടന്‍ കുടുംബ സഹായഫണ്ടെന്ന് കടലാസില്‍ എഴുതി ഒട്ടിച്ച് . ഞങ്ങള്‍ക്കന്ന് 99 രൂപയോളം ഒറ്റനോട്ടും നാണയത്തുട്ടുമായി കിട്ടി. ചില്ലറയെണ്ണുമ്പോള്‍ ഔസേഫേട്ടന്‍ വലിയ സന്തോഷത്തിലായി. ഇത്രേം കിട്ടിലോ. സമാധാനം.
അഴീക്കോടന്റെ ഓര്‍മക്കായി അയ്യന്തോളില്‍ അച്ഛന്‍ ജനയുഗ കലാസമിതിയെക്കൊണ്ട് അഴീക്കോടന്‍ സ്മാകര ഫുടുബോള്‍ ടൂര്‍ണമെന്റിനു തുടക്കമിട്ടു. ആദ്യവര്‍ഷം ട്രോഫി കൊടുക്കാന്‍ അഴീക്കോടന്റെ ഭാര്യ മീനാക്ഷിടീച്ചറെ കൊണ്ടുവന്നു. ടീച്ചറും വീട്ടിലെ ചെറിയ മുറിയിലിരുന്ന് ഒരുപാടു കരഞ്ഞു.
ഈ കണ്ണീര്‍ പക്ഷേ അന്ന് അധികമാളുകള്‍ അറിഞ്ഞില്ല. മാധ്യമങ്ങള്‍ ഇത്ര കൊഴുത്തിട്ടില്ല. ഉള്ളതില്‍ കുടുതല്‍ പ്രചാരമുള്ളവരാകട്ടെ അതുവരെ അഴീക്കോടനെ അഴിമതിക്കോടനെന്നു വിശേഷിപ്പിക്കാന്‍ തിരക്കുകൂട്ടിയവരുമാണ്.
പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് കൂട്ടത്തില്‍ നിന്നൊരാള്‍ പൊടുന്നനെ കൊഴിഞ്ഞുപോവുന്നത്
കെ ആര്‍ തോമസാണ്. അതും തൃശൂരില്‍ കലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ നാളില്‍. അന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ഇന്നത്തെ വലിയ സിപിഎം വിമര്‍ശകന്‍ എന്‍ പി ചേക്കുട്ടിയാണ്. ഞാനന്ന് സെന്തോമസില്‍ ആദ്യവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി. ഗവര്‍മെണ്ട് കോളേജില്‍ ചെയര്‍മാനായിരുന്നു തോമസ്. ഗവ. കോളേജ് അന്ന് തൃശൂര്‍ മോഡല്‍ ബോയ്സ് സ്‌കൂള്‍ വളപ്പിലാണ്. തോമസ് മരിച്ചെന്ന് വിശ്വസിക്കാന്‍ പാടുപെട്ടു. ഞാനും കെഎല്‍ ജോസും
എ ഒ സണ്ണിയും കെ ഒ പോളിയും ടി പ്രദീപും ഡേവിസുമടങ്ങുന്ന എസ്എഫ്ഐ സംഘം നെഞ്ചുപൊട്ടി മുദ്രാവാക്യം വിളിച്ച് പൊരിവെയിലില്‍ കണിമംഗലത്തേക്ക്.
പി എസ് ഇക്ബാലും കെ എല്‍ സന്തോഷും ചെറിയാനുമാണ് അന്ന് നേതാക്കള്‍. ഞാനന്ന് ആദ്യമായി രാഷ്ട്രീയ മുദ്രാവാക്യമെഴുതി: കാറ്റാണ് തീയാണ് പകയാണ് ഞങ്ങള്‍, ഞങ്ങടെ ഉള്ളിലെ ഉയിരാണ് തോമസ്…രാവുണ്ണി തോമസിനെപ്പറ്റി കവിതയെഴുതി. തോമസ് പ്രിയപ്പെട്ട തോമസ്…ആ കവിത രാവുണ്ണിയുടെ ആദ്യ സമാഹാരമായ പതിനൊന്ന് മുറിവുകളില്‍ ഉണ്ട്. വി ജി തമ്പിയുടെ നേതൃത്വത്തില്‍ കേരളവര്‍മയില്‍ വൈഖരി സാഹിത്യ ക്യാമ്പില്‍ ആ കവിതയെ സിവിക് ചന്ദ്രന്‍ ആവോളം വിമര്‍ശിച്ചു. എങ്ങനെ മികച്ച നേരനുഭവം നല്ല കവിതയാവുന്നില്ല എന്നതിന്റെ ഉദാഹരണമായി ആ കവിത ചര്‍ച്ചചെയ്യപ്പെട്ടു.
ഇടക്കെപ്പോഴോ കേരള യൂണിവേഴ്സിറ്റി ചെയര്‍മാനായിരുന്ന ചന്ദ്രചൂഡന്‍ ക്യാമ്പില്‍ വന്ന് സംസാരിച്ചു. സുരേഷ്‌ക്കുറുപ്പിനു ശേഷമുള്ള ചെയര്‍മാനാണ്. കട്ടിക്കണ്ണടക്കാരന്‍. കേരളവര്‍മ അയാളെ സ്വാധീനിച്ചു. കേരളവര്‍മയില്‍വന്ന് പഠിക്കണമെന്നുണ്ടെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു. വെറുതെ പറഞ്ഞതായിരുന്നില്ല. എംഎ ഇംഗ്ലീഷിന് അയാള്‍ കേരളവര്‍മയിലെത്തി. അധികം വൈകാതെ ഞങ്ങളെ അമ്പരപ്പിച്ച് ആത്മഹത്യ ചെയ്തു.
ഇ കെ ബാലന്റെ മരണം പെട്ടന്ന് പറഞ്ഞു തീരാനാവില്ല. മരിക്കുന്ന അന്ന് സന്ധ്യക്കുകൂടി ഞാനവനെകണ്ടു. കുഴപ്പത്തിനൊന്നും നില്‍ക്കരുതേയെന്ന് പതിവുമട്ടില്‍ പറഞ്ഞ് പിരിഞ്ഞു. അവനപ്പോഴും ചിരിച്ചു. ബാലന്റെ മരണത്തിലേക്കെത്തിച്ച സംഭവങ്ങള്‍ക്ക് തുടക്കം അയ്യന്തോള്‍ സ്‌കൂളില്‍നിന്നാരംഭിച്ച ചെറിയ വഴക്കാണ്. അന്ന് എസ്എഫ്ഐ ഏരിയ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന എന്‍ പി ചന്ദ്രശേഖരനും (ഇപ്പോള്‍ കൈരളി ന്യൂസ് എക്സി എഡിറ്റര്‍) എ എസ് രാധാകൃഷ്ണനും ( രാധാകൃഷ്ണന്‍ പിന്നീട് സിഎംപിയില്‍ പോയി.ഇപ്പോള്‍ ഒരിടത്തുമില്ല)അയ്യന്തോള്‍ സ്‌കൂളില്‍ യോഗത്തിനു പോയപ്പോള്‍ പ്രദേശത്തെ ആര്‍എസ്എസുകാര്‍ തടഞ്ഞു. അവരെ സംസാരിക്കാന്‍ അനുവദിക്കാതെ തിരച്ചയച്ചു.
അച്ഛനന്ന് തിരുവനന്തപുരത്തുവെച്ചുണ്ടായ വലിയൊരു ഹൃദയാഘാതത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വീട്ടില്‍ പരിപൂര്‍ണ വിശ്രമത്തിലാണ്. പുറത്തെ രാഷ്ട്രീയ കോലാഹലം ഏറെക്കുറെ ഞങ്ങള്‍ മറച്ചുപിടിച്ചു. എസ്എഫ്ഐ നേതാക്കളെ അപമാനിച്ച് തിരിച്ചയച്ച ദിവസം രാത്രിതന്നെ ആര്‍എസ്എസ് ജില്ലാ നേതാവായിരുന്ന അപ്പുകുട്ടന്‍നായര്‍ ആക്രമിക്കപ്പെട്ടു.
അതിനുള്ള തിരിച്ചടിയെന്നോണം ആ രാത്രി തന്നെ അയ്യന്തോളില്‍ പാര്‍ടി സഖാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. പറപ്പിള്ളി രാമുവിന്റെ ഓട്ടോറിക്ഷ തീയിട്ടു. പാതിരാത്രി അച്ഛനെ വിളിച്ചുണര്‍ത്തി പാര്‍ടി ഓഫീസ് തകര്‍ത്തെന്നു പറഞ്ഞ് പുറത്തേക്കിറക്കാന്‍ ആര്‍എസ്എസുകാര്‍ വലയിട്ടു. പക്ഷേ ഞങ്ങളുടെ ജീവിതം നീട്ടിക്കിട്ടാനായി വിളിക്കാന്‍വന്ന ആര്‍എസ്എസുകാരന്റെ കൈത്തണ്ടയില്‍ നല്ലൊരു കറുത്ത ചരട് ദൈവം മറന്നുവെപ്പിച്ചിരുന്നു. അച്ഛന്‍ പാതിരായ്ക്കും ആ ചരട് തിരിച്ചറിഞ്ഞു. ശുദ്ധഗതികൊണ്ട് കേട്ടപാടെ വാതില്‍ തുറക്കാന്‍ ബോള്‍ട്ടു നീക്കിയ എന്നെ തട്ടിമാറ്റി അച്ഛന്‍ അട്ടഹസിച്ചു. അപ്പോള്‍ കാണുന്ന കാഴ്ച വീടുവളഞ്ഞിരുന്ന ആര്‍എസ്എസുകാര്‍ ഒരോരുത്തരായി ആയുധം ഉയര്‍ത്തിപ്പിടിച്ച് മതില്‍ചാടി ഓടിപോകുന്നതാണ്.
ഇന്നും ആ രാത്രി മറക്കാറായില്ല. ഒരുനിമിഷാര്‍ധത്തില്‍ തിരിച്ചു കിട്ടിയ പ്രാണന്റെ വില ആ രാത്രി പഠിപ്പിച്ചു. ചുള്ളിക്കാടിന്റെ ആത്മഹത്യക്കും കൊലക്കുമിടയിലാര്‍ത്തനാദം പോലെ പായുന്നു ജീവിതം എന്ന വരികള്‍ അക്ഷരാര്‍ഥത്തില്‍ അനുഭവിച്ചു. ആത്മഹത്യയല്ല, കേസില്‍ പ്രതിചേര്‍ക്കപ്പെടാം, അല്ലെങ്കില്‍ വധിക്കപ്പെടാം എന്ന മട്ടിലായി ദിനങ്ങള്‍. കവി എസ് രമേശന്‍ നായരുടെ ഭാര്യ പി രമ, കൂട്ടുകാരന്‍ രഘുവിന്റെ (രഘു തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ എന്‍ജിനിയറാണ്) ചിറ്റയാണ്. അവരങ്ങനെ എനിക്കും രമചേച്ചിയായി. അവരന്ന് വിവേകോദയം സ്‌കൂളില്‍ അധ്യാപികയാണ്. എന്നെ വിളിച്ചു പറഞ്ഞു: സൂക്ഷിക്കണം. നിങ്ങളൊക്കെ നോട്ടപ്പുളളികളാണ്.
അയ്യന്തോളിലും പരിസരത്തും അപരിചിതരായ ഒട്ടേറെ മുഖങ്ങള്‍ ചുറ്റിത്തിരിഞ്ഞിരുന്നത് ഞാനറിഞ്ഞു. അതിന്റെ പരിസമാപ്തിയാണ് ഒളരി വേലനാളില്‍ ബാലന്റെ മരണം. സി എം ഫ്രാന്‍സിസാണ് ബാലന്‍ മരിച്ച വിവരം രാത്രിവന്ന് പറയുന്നത്. അച്ഛനെ ഇപ്പോള്‍ അറിയിക്കേണ്ട. രാവിലെ പറഞ്ഞാമതി. പഴുത്ത ദിനരാത്രങ്ങള്‍. അവസാനവര്‍ഷ പരീക്ഷ ഏറെക്കുറെ കുളമായി. എന്നാല്‍ ആ തീപ്പൊള്ളലേറ്റും ബാലന്റെ ചേച്ചി ഇ കെ ശാന്ത പരീക്ഷയെഴുതി റാങ്ക്നേടി. ഇപ്പോള്‍ ഇത്രയും കുറിക്കാനിടയായതും ശാന്തയുടെ ഒരു കുറിപ്പ് വായിച്ചതുകൊണ്ടാണ്. രക്തസാക്ഷികളുടെ വീട്ടകങ്ങളിലെ തോരാക്കണ്ണീരിനെ ഓര്‍മപ്പെടുത്തി അവര്‍. ഞങ്ങളുടെ വീട്ടകങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല എന്ന് എനിക്കവരോട് പറയണം.
കൊച്ചനിയന്‍ കൊല്ലപ്പെടുന്നതിനും ഏതാനും ദിവസംമുമ്പ് ഞാനവനെ കണ്ടു. തൃശൂര്‍ ഡിസി ഓഫീസിലേക്ക് തിരിയുന്നിടത്ത് മച്ചിങ്ങല്‍ ലെയിനിലെ ചെറുകടയില്‍നിന്ന് ഞാനവന് നാരങ്ങാവെള്ളം വാങ്ങിക്കൊടുത്തു. അവന്‍ പറഞ്ഞു: രാജേട്ടാ നമ്മടെ ദീപന്‍ ജോസഫിനെ അവര്‍ അവസാനിപ്പിക്കും. ദീപനന്ന് കേരളവര്‍മയില്‍ ചെയര്‍മാനാണ്. ഇപ്പോള്‍ വിദേശത്തെവിടെയോ വലിയ വ്യവസായിയും. പിന്നീടു കണ്ടിട്ടില്ല. പോയത് കൊച്ചനിയനാണ്. ആ വാര്‍ത്ത അറിയിക്കാന്‍ വന്നത് രാത്രി പ്രൊഫ. എം മുരളീധരനാണ്. അച്ഛന്‍ പതിവുപോലെ ആ കാറില്‍ കയറിപോയി. അങ്ങനെ എത്രയോ രാത്രികള്‍..എത്രയോ യാത്രകള്‍….
എന്റെ ഹ്രസ്വമായ പ്രവാസ ജീവിതത്തിനിടയിലാണ് രക്തസാക്ഷികളെ ഓര്‍ത്ത് ഞാനൊരു കഥയെഴുതുന്നത്. കഥ വായിച്ചു കേട്ട് പാതിരാത്തോര്‍ച്ചകള്‍ എന്ന് ഞാനിട്ട പേര് നിസ്സംശയം വെട്ടി ഭസ്മം എന്ന് തിരുത്തുന്നത് മരിച്ചുപോയ ടി വി കൊച്ചുബാവയാണ്. ഭസ്മം എന്ന പേരില്‍തന്നെ അത് കലാകൗമുദിയില്‍ വന്നു: ആ കഥ തീരുന്നത് ഇങ്ങനെയാണ്:
നമ്മടെ മോനിപ്പോ വയസ്സെത്രായീന്ന് തനിക്ക് വല്ല പിടീണ്ടോ? മുപ്പത്തിനാല് മുപ്പത്തിനാല് വയസായി ഭാരതീ…
ചുമരിലെ ചില്ലട്ട ചിത്രത്തിലിരുന്ന് നന്ദു അച്ഛനെയും അമ്മയേയും നോക്കി പുഞ്ചിരിച്ചു. ആ ചിത്രോന്ന് എടുത്തു തരണം മാഷേ. ഭസ്മമിട്ടൊന്ന് തുടയ്ക്കണം. ചില്ലിലൊക്കെ കറ..
മാഷ് ഒന്നും പറയാതെ പതുക്കെ എഴുന്നേറ്റു. കസേരയിട്ട് മകന്റെ ചിത്രത്തിനുമുന്നില്‍ നിന്നു. ഇപ്പോള്‍ കൈ തൊടാവുന്ന അകലത്തില്‍ അവന്‍..നൊടിയിടനേരംകൊണ്ട് മകന്റെ ചിത്രം ആണിയില്‍നിന്നൂരിയെടുത്ത് ഭാരതിയെ ഏല്‍പിച്ചു.
ചില്ലുപാളികളില്‍ ഭസ്മമിട്ടുതുടച്ച് അവര്‍ മാഷ്‌ക്കരികില്‍ ഇരുന്നു. തുടയ്ക്കുംതോറും തിളക്കംവെക്കുകയായിരുന്നു. ഒരോസ്പര്‍ശത്തിലും അകത്തൊരു ജീവന്‍ ത്രസിച്ചുകൊണ്ടിരുന്നു. സാരിയുടെ തലപ്പില്‍ ഭസ്മവും കണ്ണീരും കുതിര്‍ന്നു….മതിവരാത്തൊരു ആവേശത്തില്‍ ഒരുമ്മ കൊടുക്കുംപോലെ-
എന്റെ മോനേയെന്ന്..
വര്‍ഷങ്ങളുടെ കറയിളകി സ്ഫടികം ജലസമാനമായി. മകരത്തില്‍ രാത്രി കുളിരുന്നുണ്ടായിരുന്നു. മഞ്ഞുവീണ വഴികളും വൃക്ഷത്തലപ്പുകളും എന്തോ ഓര്‍മപ്പെടുത്തുന്നപോലെ.
ബഎന്തിനാണ് നമ്മുടെ മോനെ അവരൊക്കെകൂടി..
ഇലകളില്‍ അപ്പോഴും മഞ്ഞുവീണുകൊണ്ടിരുന്നു