| Friday, 16th September 2022, 5:39 pm

ഇങ്ങനെയാണ് പോക്കെങ്കില്‍ ടീം ഒരിക്കലും രക്ഷപ്പെടില്ല; വലിയ ടീമുകള്‍ക്കെതിരെ കളിച്ചാല്‍ മാത്രമേ കാര്യമുള്ളു

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തോല്‍വി ഏറ്റുവാങ്ങിയ ടീമുകളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. മത്സരത്തില്‍ വേണ്ട വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മുഹമ്മദ് നബിയുടെ ടീമിന്റെ പ്രകടനം പ്രശംസ നേടിയിരുന്നു. തുടക്കത്തില്‍ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും പൊരുതി മുന്നേറിയ അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളോട് തോല്‍വി വഴങ്ങി മത്സരത്തില്‍ നിന്ന് പുറത്തു കടക്കുകയായിരുന്നു.

ഏഷ്യാ കപ്പ് മത്സരത്തെ മുന്‍നിര്‍ത്തി അഫ്ഗാനിസ്ഥാന്‍ ടീമിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് അഫ്ഗാന്റെ മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍. അഫ്ഗാനിസ്ഥാന്‍ വലിയ ടീമുകളോട് കളിച്ചു ശീലിച്ചെങ്കില്‍ മാത്രമേ മികച്ച നിലയില്‍ എത്താനാകൂ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്‍.ഡി.ഡി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അസ്ഗര്‍.

‘ഏഷ്യാ കപ്പിലെ അഫ്ഗാനിസ്ഥാന്റെ പ്രകടനം വളരെ നല്ലതായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രധാന പ്രശ്നമെന്താണെന്നു വെച്ചാല്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വലിയ ടീമുകളുമായി അഫ്ഗാനിസ്ഥാനെ മത്സരിപ്പിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കണം. അത്തരത്തില്‍ വലിയ ടീമുകളുമായി മത്സരിക്കാത്തപക്ഷം ടീമിന് കാര്യമായ നേട്ടമോ അനുഭവങ്ങളോ ഒന്നും ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് മത്സരത്തിന് ശേഷം നമ്മള്‍ ഏഷ്യാകപ്പ് മത്സരമാണ് കളിച്ചത്. അതിനിടയില്‍ നമ്മള്‍ മറ്റു മാച്ചുകളൊന്നും കളിക്കുകയോ നമ്മുടെ ക്രിക്കറ്റ് മുന്നോട്ടു നീങ്ങുകയോ ചെയ്തിട്ടില്ല,’ -അസ്ഗര്‍ അഫ്ഗാന്‍ പറഞ്ഞു.

ഏഷ്യാ കപ്പ് കളിക്കുന്നതിലൂടെ അഫ്ഗാനിസ്ഥാന്‍ ധാരാളം അനുഭവങ്ങള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഒരു വലിയ ടീമിനെതിരെ കളിക്കുമ്പോഴെല്ലാം മത്സരത്തെ ആഴത്തില്‍ എടുക്കേണ്ടതുണ്ട്. വലിയ ടീമുകള്‍ക്കെതിരെ സ്ഥിരതയോടെ കളിക്കേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ദിവസം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനു വേണ്ടി പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ ഭൂരിഭാഗവും ഏഷ്യാകപ്പില്‍ കളിച്ച താരങ്ങളാണ്. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന സമിയുള്ള ഷെന്‍വാരി, ഹഷ്മത്തുള്ള ഷാഹിദി, അഫ്സര്‍ സാസായി, കരീം ജന്നത്, നൂര്‍ അഹമ്മദ് എന്നിവര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

സ്പിന്നര്‍മാരായി ക്യാപ്റ്റന്‍ മുഹമ്മദ് നബിയും റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്മാനുമാണ് ടീമിലുള്ളത്. പേസര്‍മാരായി ഏഷ്യാ കപ്പില്‍ കളിച്ച ഫസലുള്ള ഫാറൂഖിയും ഫരീദ് അഹമ്മദ് മാലിക്കും സ്ഥാനം നിലനിര്‍ത്തി. ധ്യനിര ബാറ്ററായ ദാര്‍വിഷ് റസൂലി, ലെഗ് സ്പിന്‍ ഓള്‍ റൗണ്ടര്‍ ഖ്വായിസ് അഹമ്മദ്, വലം കൈയന്‍ പേസര്‍ സലീം സാഫി എന്നിവര്‍ ടീമിലെത്തി.

Content Highlight: Azghar Afghan Says Afghan Cricket has to play against big teams

We use cookies to give you the best possible experience. Learn more