| Tuesday, 7th January 2025, 2:39 pm

ഇസ്രഈലുമായി ബന്ധമുള്ള അസര്‍ബൈജാന്‍ ഓയില്‍ കമ്പനിയില്‍ നിന്ന് ഏഴ് ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിക്കാനൊരുങ്ങി തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലിന് ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധം മറികടന്ന് വ്യാപാരം നടത്തിയ അസര്‍ബൈജാന്‍ കമ്പനിയില്‍ നിന്ന് ഏഴ് ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിക്കാനൊരുങ്ങി തുര്‍ക്കി.

ഇസ്രഈലിന് എണ്ണ വിറ്റതിന് വിമര്‍ശിക്കപ്പെട്ട അസര്‍ബൈജാന്‍ സ്റ്റേറ്റ് ഓയില്‍ കമ്പനിയായ സോകാര്‍ ആണ് പുതിയ പെട്രോകെമിക്കല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് തുര്‍ക്കിയില്‍ നിക്ഷേപം നടത്തുന്നത്.

തുര്‍ക്കിയില്‍ പുതിയ പെട്രോകെമിക്കല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ഏകദേശം ഏഴ് ബില്യണ്‍ ഡോളര്‍ അനുവദിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി സോകാറിന്റെ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് കാനന്‍ മിര്‍സയേവ് പറഞ്ഞു.

കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ 18.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി കമ്പനി തുര്‍ക്കിയുടെ ഏറ്റവും വലിയ വിദേശ നിക്ഷേപകനായി മാറിയെന്ന് കമ്പനി പ്രതിനിധികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

2018ല്‍ തുര്‍ക്കിയില്‍ ഒറ്റത്തവണ ഏറ്റവും വലിയ വിദേശ നിക്ഷേപം നടത്തുന്ന കമ്പനിയായി സോകാര്‍ മാറിയിരുന്നു. ‘സോകാര്‍ തുര്‍ക്കി’ ഉടന്‍ തന്നെ പരിസ്ഥിതി സൗഹൃദ വിമാന ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങുമെന്നും കമ്പനി വെളിപ്പെടുത്തി.

ഗസയില്‍ ഇസ്രഈല്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അസര്‍ബൈജാനി എണ്ണ ഇസ്രഈലിന് വില്‍ക്കുന്നതിന്റെ പേരില്‍ സോകാര്‍ അടുത്തിടെ വലിയ വിമര്‍ശനം നേരിട്ടു.

 ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗസയില്‍ ഇസ്രഈല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചതെന്നാണ് എര്‍ദോഗന്‍ പറഞ്ഞത്.

എന്നാല്‍ ഇസ്രഈലുമായുള്ള എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചെന്ന് എര്‍ദോഗാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രഈലിലേക്കുള്ള എണ്ണ കയറ്റുമതി തുര്‍ക്കി തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രൊഗ്രസീവ് ഇന്റര്‍നാഷണലിന്റെ പിന്തുണയോടെ, ‘സ്റ്റോപ്പ് ഫ്യൂവലിംഗ് ജെനോസൈഡ് ക്യാമ്പയ്ന്‍’ പ്രവര്‍ത്തകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തുര്‍ക്കിയിലെ സെയ്ഹാന്‍ തുറമുഖത്ത് നിന്ന് ഒരു ടാങ്കര്‍ ക്രൂഡ് ഓയില്‍ ഇസ്രഈലിലെ അഷ്‌കലോണിന് സമീപമുള്ള അലിയേവ് ടെര്‍മിനലിലേക്ക് അയക്കുന്നതായി വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ എണ്ണ ഉപരോധം അവഗണിച്ചെന്ന് ആരോപിച്ച് എര്‍ദോഗനെതിരെ പ്രതിഷേധം നേരിട്ടിരുന്നു.

Content Highlight:  Azerbaijan’s state oil company, which Criticised for selling oil to Israel to invest $7bn in Turkey

We use cookies to give you the best possible experience. Learn more