ബാകു: അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹം അലിയേവ് സ്വന്തം ഭാര്യ മെഹ്‌റിബാനെ രാജ്യത്തിന്റെ വൈസ്പ്രസിഡന്റായി നിയമിച്ചു. പ്രസിഡന്റിന്റെ വെബ്‌സൈറ്റിലൂടെയാണ് അലിയേവിന്റെ പ്രഖ്യാപനം.
2003ല്‍ പിതാവ് ഹെയ്ദറിന്റെ മരണത്തെ തുടര്‍ന്ന് അധികാരത്തിലേറിയതാണ് ഇല്‍ഹം അലിയേവ്. 52കാരിയായ മെഹ്‌റിബന്‍ അലിയേവ രാജ്യത്തെ എം.പിയും ഹെയ്ദര്‍ അലിയേവ് ഫൗണ്ടേഷന്‍ അദ്ധ്യക്ഷയുമാണ്.
അസര്‍ബൈജാനിലെ സമ്പന്നനായ ആരിഫ് പാഷയേവിന്റെ മകളാണ് നേത്ര വിദഗ്ധ കൂടിയായ മെഹ്‌റിബാന്‍.
സെപ്റ്റംബറില്‍ തന്റെ പ്രസിഡന്റ് കാലാവധി 5 വര്‍ഷത്തില്‍ നിന്നും 7 വര്‍ഷമാക്കി നീട്ടുകയും റഫറണ്ടത്തിലൂടെ വൈസ്പ്രസിഡന്റ് പദവി രൂപീകരിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റിന്റെ നടപടി രാജ്യത്തെ കുടുംബവാഴ്ച തുടരുന്നതിന് വേണ്ടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇല്‍ഹം അലിയേവിന്റെ പിതാവായ ഹെയ്ദര്‍ അലിയേവ് രൂപീകരിച്ച “ന്യൂ അസര്‍ബൈജാന്‍ പാര്‍ട്ടി”യാണ് രാജ്യത്ത് ഭരണം നടത്തുന്നത്.
നേരത്തെ യു.എസ്.എസ്.ആറില്‍ ഉള്‍പ്പെട്ട രാഷ്ട്രമാണ് അസര്‍ബൈജാന്‍.