| Tuesday, 31st December 2024, 3:16 pm

മുസ്‌ലിയാര്‍ കിങ്: അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍

അസീസ് തരുവണ

1921ലെ ഐതിഹാസികമായ മലബാര്‍ സമരത്തെക്കുറിച്ച് സമീപ കാലത്ത് നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. അവയെല്ലാം തന്നെ ഭിന്ന വീക്ഷണകോണുകളിലൂടെയുള്ള കാഴ്ചകളാണ്. കൊളോണിയല്‍, സവര്‍ണ കാഴ്ചപ്പാടുകളില്‍ നിന്നുള്ള നോട്ടങ്ങളാണ് അവയില്‍ ചിലതെങ്കില്‍, അധിനിവേശവിരുദ്ധതയുടെയും വര്‍ഗസമരത്തിന്റെയും വീക്ഷണകോണുകളിലൂടെയുള്ള ആവിഷ്‌കാരങ്ങളാണ് മറ്റു പലതും.

ബ്രിട്ടീഷ്, സവര്‍ണ ചരിത്രകാരന്മാരെ അപ്പടി പിന്തുടര്‍ന്നവരാണ് 1920കളില്‍ മലബാറില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ, ജന്മിത്തവിരുദ്ധ മുന്നേറ്റങ്ങളെ വര്‍ഗീയതയുടെ കണ്ണിലൂടെ കണ്ടവരില്‍ പലരും. പലവിധ താത്പര്യങ്ങള്‍ ഇത്തരം പഠനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി കാണാം.

മലബാര്‍ സമരക്കുറിച്ചുള്ള ബ്രിട്ടീഷ് ചരിത്രരേഖകളെ അപനിര്‍മിച്ചും സമരയോദ്ധാക്കളുടെ അനുഭവാവിഷ്‌കാരങ്ങളെ മുന്‍നിര്‍ത്തിയും വസ്തു നിഷ്ഠദത്ത(Data)ങ്ങളെ അവലംബിച്ചും യുവചരിത്രകാരനായ ഡോ.അബ്ബാസ് പനക്കല്‍ രചിച്ച ശ്രദ്ധേയമായ ചരിത്ര ഗ്രന്ഥമാണ് മുസ്‌ലിയാര്‍ കിങ്: ഡി കൊളോണിയല്‍ ഹിസ്റ്റോറിയോഗ്രാഫി ഓഫ് മലബാര്‍ റെസിസ്റ്റന്‍സ് (Musaliar King: Decolonial Historiography of Malabar’s Resistance).

മുസ്‌ലിയാര്‍ കിങ് / ഡോ.അബ്ബാസ് പനക്കല്‍

മലബാര്‍ സമരത്തെക്കുറിച്ചെഴുതപ്പെട്ട കൃതികളില്‍ കാണുന്ന ചര്‍വിത ചര്‍വണങ്ങള്‍ ഈ കൃതിയിലില്ലെന്നതാണ് ഏറ്റവും പ്രസക്തമായ സവിശേഷത. അതേസമയം, നിരവധി രാജ്യങ്ങളിലെ ആര്‍കൈവുകള്‍ സന്ദര്‍ശിച്ചും അവിടങ്ങളില്‍ നിന്നു ലഭ്യമായ അമൂല്യ ചരിത്രവസ്തുതകളെ നിര്‍ദ്ധാരണം ചെയ്തും ഒട്ടേറെ ചരിത്രമുത്തുകള്‍ അണിനിരത്തുന്നു എന്നതാണ് മുസ്‌ലിയാര്‍ കിങ്ങിനെ വ്യത്യസ്തമാക്കുന്ന ഘടകം.

മലബാര്‍ സമരവുമായി അഭേദ്യബന്ധമുള്ള പ്രദേശത്ത് ജനിക്കുകയും തന്റെ കുട്ടിക്കാലത്ത് സമരയോദ്ധാക്കളില്‍ ചിലരെ നേരിട്ടുകാണുകയും ചെയ്ത ഗ്രന്ഥകര്‍ത്താവ്, അവരില്‍ നിന്നു കേട്ടതും അറിഞ്ഞതുമായ ഒട്ടേറെ കാര്യങ്ങള്‍ ഈ കൃതിയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മറ്റൊരാര്‍ഥത്തില്‍, തന്റെ നാടിന്റെയും സമൂഹത്തിന്റെയും സമീപഭൂതകാലത്തിലേക്കുള്ള ചരിത്രസഞ്ചാരമാണ് ഈ ഗ്രന്ഥം. അതിനുപയുക്തമായ, ലഭ്യമായ എല്ലാ സ്രോതസുകളും അബ്ബാസ് അവലംബിച്ചിട്ടുണ്ട്.

തന്റെ കുട്ടികാലത്ത് നാട്ടിലെ തലമുതിര്‍ന്നവര്‍ മൂന്ന് ഘട്ടങ്ങളായാണ് ചരിത്രത്തെ നോക്കി കണ്ടിരുന്നതെന്നു ഈ കൃതിയുടെ ആമുഖത്തില്‍ അബ്ബാസ് പറയുന്നു. ഖിലാഫത്തിന് മുന്പുള്ള കാലം, ഖിലാഫത്ത് കാലം, ഖിലാഫത്തിന് ശേഷമുള്ള കാലം എന്നിങ്ങനെ.

1921-22 കാലത്തെ പലതരം അമ്പരിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണ് അവര്‍ അവതരിപ്പിച്ചിരുന്നത്. ക്രൂരമായ പട്ടാള അടിച്ചമര്‍ത്തലുകള്‍, നാടുകടത്തലുകള്‍, കുടുംബങ്ങളുടെ നിര്‍ബന്ധിത കൂടിയൊഴിപ്പികലുകള്‍, വിദൂര സ്ഥലങ്ങളില്‍ ഉപജീവനമാര്‍ഗം തേടിയുള്ള യുവാക്കളുടെ പ്രവാസം, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ അണിനിരന്നവര്‍ നേരിട്ട നീണ്ട ജയില്‍വാസം, മുഴുപ്പട്ടിണിയില്‍ അകപ്പെട്ട അവരുടെ കുടുംബങ്ങള്‍… ഖിലാഫത്ത് പ്രസ്ഥാനത്തിനു ശേഷമുള്ള കാലത്ത് അവര്‍ കടന്നുപോയ ദുരിതക്കടല്‍ വിവരണാതീതമാണ്.

എന്നിട്ടും ഒരിക്കലുമവര്‍ ഖിലാഫത്ത് സമരത്തെയോ അതിന്റെ നേതൃസ്ഥാനിയരെയോ തള്ളിപറഞ്ഞിരുന്നില്ലെന്നു മാത്രമല്ല, ആവേശപൂര്‍വം ആ കാലഘട്ടത്തെ ഓര്‍ത്തെടുക്കുകയായിരുന്നു ചെയ്തത്. രണ്ടാം തലമുറയില്‍പ്പെട്ടവരാകട്ടെ, തങ്ങളുടെ മുന്‍ഗാമികള്‍ പ്രകടിപ്പിച്ച സമരവീര്യത്തെയും പ്രതിബദ്ധതയെയും വാനോളം പുകഴ്ത്തുകയും അതില്‍ നിന്നു ഊര്‍ജ്ജം സംഭരിക്കുവാനുമാണ് ശ്രമിച്ചിരുന്നത്.

അല്‍പ്പം മുതിര്‍ന്നപ്പോള്‍ അബ്ബാസിന് ഒരു കാര്യം ബോധ്യപ്പെട്ടു; തന്റെ ഗ്രാമത്തില്‍ മാത്രമല്ല, തൊട്ടടുത്ത നാടുകള്‍ക്കും സമാനമായ സംഭവകഥകള്‍ പറയുവാനുണ്ടെന്ന്. കുട്ടികാലത്ത് കേട്ട സമരഗീതങ്ങളും വാമൊഴി ആവിഷ്‌കാരങ്ങളും ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പ്പുകളുമായി ബന്ധപ്പെട്ട സ്മാരകങ്ങളും അക്കാലത്തെഴുത്തപ്പെട്ട ഡയറി കുറിപ്പുകളും സമരപോരാളികള്‍ അയച്ച കത്തുകളും മറ്റും ചെറുപ്രായത്തിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തെക്കുറിച്ച് പഠിക്കുവാന്‍ അബ്ബാസിന് പ്രേരണയായി. അങ്ങനെ നീണ്ട കാലത്തെ പഠന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് മുസ്‌ലിയാര്‍ കിങ് എന്ന ഗ്രന്ഥം രൂപപ്പെട്ടതെന്നു അബ്ബാസ് പറയുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദശകങ്ങളില്‍ മലബാറില്‍ നടന്ന ചെറുതും വലുതുമായ നിരവധി ബ്രിട്ടീഷ് വിരുദ്ധ, ജന്മിത്ത വിരുദ്ധ ചെറുത്തുനില്‍പ്പുകളെ കുറിച്ച് എഴുതപ്പെട്ട കൃതികളില്‍ നിന്നു ഭിന്നമായി ഒട്ടേറെ പുതുകണ്ടെത്തലുകള്‍ കൊണ്ട് സമ്പന്നമാണ് മുസ്‌ലിയാര്‍ കിങ്.

മറ്റൊരാര്‍ഥത്തില്‍, നിലനില്ക്കുന്ന പല ചരിത്രാവിഷ്‌ക്കാരങ്ങളെയും ചോദ്യം ചെയ്യുന്നതോടൊപ്പം അരികുവത്കരിക്കപ്പെട്ട ആഖ്യാനങ്ങളെ സൂക്ഷ്മമായി അനാവരണം ചെയ്യുകയും ചരിത്രത്തിന്റെ കേന്ദ്രസ്ഥലിയിലേക്ക് അവ കൊണ്ടുവരികയും ചെയ്യുന്നു. കൊളോണിയല്‍ ചരിത്രകാരന്മാര്‍ക്ക് കണ്ടെത്തുവാനാകാത്ത ഒളിപ്പോരിടങ്ങളും ഗൂഢ ഭാഷയില്‍ ആവിഷ്‌ക്കരിക്കപ്പെട്ട സന്ദേശങ്ങളും ചരിത്രരചനകളില്‍ സുപ്രധാന ദത്തങ്ങളാണ്.

കൗതുകകരമായ ഒട്ടേറെ ചരിത്ര രേഖകളും തെറ്റായ ചില വാദങ്ങള്‍ക്കുള്ള മറുപടികളും ഈ പുസ്തകത്തില്‍ അബ്ബാസ് പ്രമാണസഹിതം നല്കിയിട്ടുണ്ട്. ഒരുപക്ഷേ ഈ പുസ്തകത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്ന ഘടകം അതാണെന്ന് പറയാം. ഉദാഹരണമായി, 1921ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍, ആലി മുസ്‌ലിയാരുടെ വിചാരണ വേളയില്‍, ആണ്‍ വേഷംകെട്ടി സമരമുഖത്ത് അണിനിരന്ന മുസ്‌ലിം സ്ത്രീകളെ ‘ഫെമിനിസ്റ്റുകള്‍’ എന്നാണ് ഒരു കൊളോണിയല്‍ രേഖയില്‍ വിശേഷിപ്പിക്കുന്നത്.

റിപ്പോര്‍ട് ഇങ്ങനെ:

 ‘Moplah Amazons’, Madras, Oct. 28. It was brought out during the trial of Ali Musaliar for waging war against the King that Moplah women had been observed taking part in the battle of Pukottur and shouting the war-cry-of Allah hu Akbar. I have authority for adding to the fact that among the dead bodies found after the battle was that of a Moplah woman clad in male attire. Again, a number of Moplah women with prayer beads were moving about among crowds of Moplahs collected near Pukottur Kovilakam and were reciting and inciting little boys to join the men. Numbers of Moplah women and girls are even now going in the wake of the rebel bands as camp followers to help in cooking food, looting, carrying away loot, spying and so on. Several instances have also come to light of Moplah and on tracking Hindu fugitives sheltering in thickets and jungles and out-houses and revealing the shine haces of these unfortunates to rebel gangs. Early in the rebellion Moplah women and children were seen actively collecting and bringing in fuel for burning out the woodwork of the railway bridge. Altogether it has been abundantly proved this rebellion has produced many feminists. (“Moplah Amazons’, Englishman,3 November 1921 )  

‘ബ്രിട്ടീഷ് രാജാവിനെതിരെ യുദ്ധം ചെയ്തതിന് ആലി മുസ്‌ലിയാരെ വിചാരണ ചെയ്ത വേളയില്‍, പുക്കോട്ടൂരില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ മാപ്പിളസ്ത്രീകള്‍ പങ്കെടുത്ത് അള്ളാഹു അക്ബര്‍ എന്ന മുദ്രാവാക്യം മുഴക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. യുദ്ധത്തിനു ശേഷം കണ്ടെത്തിയ മൃതദേഹങ്ങളില്‍ പുരുഷന്മാരുടെ വസ്ത്രം ധരിച്ച ഒരു മാപ്പിള സ്ത്രീയുടേത് കൂടിയുണ്ടെന്ന വസ്തുത കൂട്ടിച്ചേര്‍ക്കാന്‍ എനിക്ക് അധികാരമുണ്ട് എന്നു പറഞ്ഞു കൊണ്ട് ആരംഭിച്ച റിപ്പോര്‍ട്ട് അവസാനിക്കുന്നത്, ‘ഈ കലാപം നിരവധി ഫെമിനിസ്റ്റുകളെ സൃഷ്ടിച്ചു വെന്ന് മൊത്തത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്’ എന്നു പറഞ്ഞു കൊണ്ടാണ്.

ഇതിലെ ‘ഫെമിനിസ്റ്റുകള്‍’ എന്ന പരാമര്‍ശം തികച്ചും നികൃഷ്ടമായ അര്‍ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്.

കൊളോണിയല്‍ രേഖകളില്‍, ചരിത്രപരമായ കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, ബ്രിട്ടീഷുകാരുടെ നിഷ്ഠൂരമായ ചെയ്തികളെ സാധൂകരിക്കുന്നതിന്നതിനുവേണ്ടി, പലപ്പോഴും തദ്ദേശവാസികളെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിക്കുന്നതും അപകീര്‍ത്തികരമായ പദപ്രയോഗങ്ങളാല്‍ അധിക്ഷേപിക്കുന്നതും പതിവാണ്.

ചില സന്ദര്‍ഭങ്ങളില്‍ തദ്ദേശീയരെ മൃഗങ്ങളുമായി ബന്ധപ്പെടുത്തിയും മൃഗനാമങ്ങള്‍ ഉപയോഗിച്ചും അധിക്ഷേപിച്ചതിനും തെളിവുകളുണ്ട്. ഓസ്ട്രേലിയന്‍ തദ്ദേശീയ സമൂഹങ്ങളെ ‘അപരിഷ്‌കൃത മൃഗങ്ങള്‍ (Uncivilized Beasts) എന്നധിക്ഷേപിച്ച ഒരു കൊളോണിയല്‍ രേഖ അബ്ബാസ് ഉദാഹരണമായി ഈ കൃതിയില്‍ നല്കിയിട്ടുണ്ട്. നമ്മുടെ കൂട്ടായ ചരിത്രസ്മരണയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ഇത്തരം തെറ്റിദ്ധാരണകള്‍ തിരുത്തേണ്ടത് അത്യാവശ്യമാണ്.

കൊളോണിയല്‍ ആര്‍ക്കൈവില്‍ രേഖകളില്‍ മലബാര്‍ പ്രദേശവാസികളെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിക്കുന്ന പാഠങ്ങളെ ഈ കൃതിയില്‍ അബ്ബാസ് തുറന്നുകാട്ടിയിട്ടുണ്ട്. ‘മാപ്പിള യുദ്ധക്കത്തി (Mappila War Knife)’, ‘ ഖിലാഫത്ത് രാജാവ് (Khilafat King)’, ‘കൊള്ളയടിക്കുന്ന മാപ്പിളമാര്‍ (Marauding Mappilas) തുടങ്ങിയ വാദങ്ങളും പ്രയോഗങ്ങളും കൊളോണിയല്‍ ഭരണാധികാരികള്‍ നടത്തിയ ക്രൂരതകളെ ന്യായീകരിക്കാന്‍വേണ്ടി പടച്ചുണ്ടാക്കിയതാണെന്ന് അബ്ബാസ് തെളിവുസഹിതം ഈ കൃതിയില്‍ സമര്‍ഥിക്കുന്നു.

മലബാര്‍ സമരകാലത്ത് ഹിന്ദുക്കളും മുസ്‌ലിങ്ങളും എത്രമേല്‍ സ്‌നേഹത്തോടെയും സൗഹാര്‍ദ്ധത്തോടെയുമാണ് കഴിഞ്ഞിരുന്നത് എന്നതിന് അബ്ബാസ് നിരവധി തെളിവുകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ പ്രധാന തീര്‍ഥാടനകേന്ദ്രമായ മമ്പുറം മഖാം അതിനുള്ള മികച്ച തെളിവാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള മതപരമായ സഹവര്‍ത്തിത്വത്തിന്റെ വിളക്കുമാടമാണ് മമ്പുറം മഖാം.

മമ്പുറം മഖാം

മുസ്‌ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആദരിക്കുന്ന പ്രസിദ്ധ സൂഫി പണ്ഡിതനും ഉറച്ച കൊളോണിയല്‍ വിരുദ്ധ പോരാളിയുമായ സയ്യിദ് അലവി തങ്ങളുടെ ഖബറിടമാണ് ഈ മഖാം. ബ്രിട്ടീഷ് ഭരണത്തിനും പ്രാദേശിക ഭൂപ്രഭുക്കള്‍ക്കും എതിരായ പ്രതിരോധ മുന്നേറ്റങ്ങളെ പിന്തുണയ്ക്കുവാന്‍ സയ്യിദ് അലവി തങ്ങള്‍ എന്നും മുന്‍പന്തിയില്‍ നിലകൊണ്ടിരുന്നു.

തങ്ങളുടെ ശക്തമായ കൊളോണിയല്‍ വിരുദ്ധ നിലപാട് അദ്ദേഹത്തിന്റെ എഴുത്തുകളിലും പ്രവര്‍ത്തനങ്ങളിലും പ്രകടമായി കാണാം. അദ്ദേഹം ഹിന്ദു സമൂഹവുമായി അങ്ങേയറ്റം ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയിരുന്നു. ഇന്നും അമുസ്‌ലിങ്ങള്‍ അദ്ദേഹത്തിന്റെ മഖാം ഭക്തിപൂര്‍വ്വം സന്ദര്‍ശിക്കുകയും നേര്‍ച്ചകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

കളിയാട്ടക്കാവിലെ പ്രാദേശിക ക്ഷേത്രോത്സവം ആരംഭിക്കുന്നതുതന്നെ മമ്പുറം മഖാം സന്ദര്‍ശിച്ചും കാണിക്കകള്‍ അര്‍പ്പിച്ചുമാണ്.

കോളനിവാഴ്ചയ്ക്കെതിരായ മലബാറിന്റെ നീണ്ടകാലത്തെ പോരാട്ട ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുവാന്‍ അബ്ബാസ് ഈ കൃതിയിലൂടെ ശ്രമിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് കാലഘട്ടം മുതല്‍ ബ്രിട്ടീഷ് കാലം വരെയുള്ള മലബാറിന്റെ സമര പാരമ്പര്യത്തെയും അക്കാലയളവില്‍ ഹിന്ദു മുസ്‌ലിം സമുദായങ്ങള്‍ പുലര്‍ത്തിയ സൗഹാര്‍ദവും ഐക്യവും എത്രമേല്‍ ശക്തമായിരുന്നു എന്ന കാര്യം നിരവധി ഉദാഹരണങ്ങളിലൂടെ അബ്ബാസ് വിശദീകരിക്കുന്നു.

1921-ലെ ഖിലാഫത്ത് സമരകാലത്ത് എം.പി.നാരായണ മേനോന്‍, കാട്ടിലശ്ശേരി മുഹമ്മദ് മുസലിയാര്‍ അടക്കമുള്ള ഒട്ടേറെ പ്രമുഖ ഹിന്ദു-മുസ്‌ലിം നേതാക്കള്‍ ഐക്യപ്പെട്ട് മുന്നണിയില്‍ നിന്നു സമരം നയിച്ച കാര്യം അബ്ബാസ് ഊന്നിപ്പറയുന്നുണ്ട്. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലെ പ്രാഥമിക രേഖകള്‍ മുതല്‍ തന്റെ ജന്മനാട്ടില്‍ നിന്നു ശേഖരിച്ച പ്രാദേശിക തെളിവുകള്‍ വരെ അബ്ബാസ് പഠന വിധേയമാക്കികൊണ്ടാണ് തന്റെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

വാരിയം കുന്നന്റെ ഫോട്ടോ

വിരിയന്‍കുന്നന്റെ യഥാര്‍ത്ഥ ചിത്രമെന്ന് അവകാശപ്പെട്ട് പ്രസിദ്ധീകരിച്ച ചിത്രം

മലബാര്‍ സമര നായകന്‍ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ‘ഒറിജിനല്‍ ഫോട്ടോ’ കണ്ടെത്തി എന്നു പ്രഖ്യാപിച്ചുകൊണ്ട് മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ മലയാളത്തില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പുസ്തകത്തിന്റെ കവര്‍ ചിത്രമായി നല്കിയിരുന്നത് ആ ഫോട്ടോയായിരുന്നു.

ഫ്രഞ്ച് പ്രസിദ്ധീകരണമായ സയന്‍സ് എറ്റ് വോയേജസിന്റെscience et voyages) 1922 ഓഗസ്റ്റ് 10-ലെ പതിപ്പില്‍ വന്ന ‘മാപ്പിള ലഹള എങ്ങനെ അടിച്ചമര്‍ത്തപ്പെട്ടു’ എന്ന ലേഖനതോടൊപ്പം ചേര്‍ത്ത ഫോട്ടോയായിരുന്നു അത്. മലബാര്‍ സമര ശതാബ്ദി ആഘോഷവേളയില്‍ വിപുലമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഈ ഫോട്ടോ കാരണമാവുകയുണ്ടായി.

ഒരു നൂറ്റാണ്ട് മുമ്പ് മലബാറില്‍ നടന്ന കൊളോണിയല്‍ വിരുദ്ധ ചെറുത്തുനില്‍പ്പിനെക്കുറിച്ചുള്ള ബ്രിട്ടീഷ് പക്ഷ വിലയിരുത്തല്‍ മനസ്സിലാക്കുന്നതിനുള്ള ഒരു മികച്ച രേഖയാണ് ഈ ലേഖനം. അന്താരാഷ്ട്ര അഭിപ്രായത്തെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ബ്രിട്ടീഷ് പ്രചാരണത്തിന്റെ ഭാഗമാണ് ഈ ലേഖനമെന്ന് വ്യക്തമാണ്.

മലബാറില്‍ നടന്ന സംഭവങ്ങളെ ബ്രിട്ടീഷുകാര്‍ എങ്ങനെയൊക്കെയാണ് അന്താരാഷ്ട സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചതെന്നു ഈ ലേഖനത്തില്‍ നിന്നു വായിച്ചെടുക്കുവാന്‍ കഴിയും. തങ്ങളുടെ ചെയ്തികള്‍ക്ക് അന്താരാഷ്ട സമൂഹത്തിന്റെ പിന്തുണ നേടുക എന്നതാണ് ലേഖനത്തിന്റെ ലക്ഷ്യം. സമരകാലത്തും ശേഷവും മലബാറിലെ ജനങ്ങളോടുള്ള ബ്രിട്ടീഷ് ഉദ്യോഗ സ്ഥരുടെ മനോഭാവം എന്തായിരുന്നു എന്നു ഈ ലേഖനം അനാവരണം ചെയ്യുന്നുണ്ട്. മലബാറിലെ ‘ആഭ്യന്തരയുദ്ധ’ത്തിന്റെ യഥാര്‍ഥ കാരണം ‘ഇസ്‌ലാമിക മിസ്റ്റിസിസമാണ്’ (Islamic mstyicism was the cause of a real cÈl war) എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.

ഗാന്ധി മുസ്‌ലിങ്ങളെ പിന്തുണയ്ക്കുകയായിരുന്നു’ എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മലബാര്‍ സമരത്തിന് പിന്നില്‍ റഷ്യയുടെ പങ്കാളിത്തം സംശയിക്കുന്നുവെന്നും ഈ ലേഖനത്തില്‍ പറയുന്നു: ”പെട്ടെന്ന്, സമരം ഒരു കലാപമായി മാറി. പറഞ്ഞതുപോലെ സോവിയറ്റിന്റെ ദൂതന്മാരാണോ പ്രസ്ഥാനത്തിന് പിന്നില്‍? മോസ്‌കോയില്‍ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊപ്പഗണ്ട ഇന്‍ ഏഷ്യ’ ഉണ്ടെന്ന് അറിയാം, അവിടെ എല്ലാ ഏഷ്യന്‍ ദേശീയതകളുടെയും പ്രതിനിധികള്‍ക്ക് വിപ്ലവകരമായ നടപടിക്രമങ്ങളില്‍ പരിശീലനം നല്‍കുന്നു.” വാസ്തവത്തില്‍, മലബാറില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ഭീഷണിയുടെ ആഴമാണ് ഈ പരാമര്‍ശം വരച്ചുകാട്ടുന്നത്.

ലേഖനത്തില്‍ ഒരിടത്ത് ഇങ്ങനെ പറയുന്നു: ‘വടക്കും പടിഞ്ഞാറുമുള്ള തങ്ങളുടെ സഹമതവിശ്വാസികളേക്കാള്‍ മതഭ്രാന്തരായ മാപ്പിളമാര്‍ അക്രമാസക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയും 1919 ന്റെ തുടക്കത്തില്‍ തന്നെ തുര്‍ക്കി സുല്‍ത്താനെ മാത്രമേ അനുസരിക്കുകയുള്ളുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു’ എന്നും ലേഖനം ആരോപിക്കുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിത്വം വരിച്ച് ആറ് മാസം കഴിഞ്ഞാണ് ഫ്രഞ്ച് മാഗസിന്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചത്.

സയന്‍സ് എറ്റ് വോയേജസിലെ ലേഖനത്തോടൊപ്പം മൂന്നു ഫോട്ടോകളാണ് നല്കിയിരുന്നത്. അതില്‍ ആലി മുസ്‌ലിയാരുടെ ഒഴികെയുള്ള മറ്റു രണ്ട് ഫോട്ടോകള്‍ ആരുടെയൊക്കെയാണെന്ന് ലേഖനത്തില്‍ പറയുന്നില്ല. ഫോട്ടോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ‘വിപ്ലവത്തിന്റെ പ്രധാന ശില്‍പികളിലൊരാളായ മുഹമ്മദ് അലിയുടെ ഛായാചിത്രം. ഇരുവശത്തും ഇംഗ്ലീഷ് കുടിയേറ്റക്കാരെ കൊലപ്പെടുത്തി കലാപത്തിന് സൂചന നല്‍കിയ രണ്ട് മോപ്ലകള്‍”.

ലേഖനത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പേര് ഒരിടത്തും പരാമര്‍ശിക്കുന്നില്ല. ആലി മുസ്‌ലിയാരെയാണ് മുഹമ്മദ് അലി എന്നതുകൊണ്ട് ഉദ്ദേശിച്ചത്. എന്നിട്ടും ഇതില്‍ ഒരു ഫോട്ടോ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയിരുന്നു.

‘സുല്‍ത്താന്‍ വാരിയംകുന്ന’നില്‍ ഫോട്ടോയുടെ സോഴ്‌സിനെക്കുറിച്ച് വേണ്ടത്ര വ്യക്തത നല്‍കിയിരുന്നില്ല. അതിനാല്‍, വാരിയംകുന്നനാണ് ലേഖനതോടൊപ്പം നല്‍കിയ ഇന്ന ഫോട്ടോയിലെ വ്യക്തി എന്നു പറയുക സാധ്യമല്ല. 1921 ല്‍ വാരിയംകുന്നന് 55-60 വയസ്സ് പ്രായം ഉണ്ടാകുമെന്ന് മാധവന്‍ നായരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ആലി മുസ്‌ലിയാരോടൊപ്പം ഫോട്ടോയില്‍ കാണുന്ന, വാരിയംകുന്നന്‍ എന്നു പ്രചരിപ്പിക്കപ്പെട്ടയാല്ക്ക് മുപ്പതില്‍ ചുവടെ പ്രായം മാത്രമാണ് തോന്നിപ്പിക്കുന്നത്. വസ്തുനിഷ്ഠ തെളിവുകള്‍ നിരത്തി വാരിയംകുന്നന്റെതെന്നു പ്രചരിപ്പിച്ച ഫോട്ടോ അദ്ദേഹത്തിന്റേതല്ല എന്നു മുസ്‌ലിയാര്‍ കിങ്ങില്‍ അബ്ബാസ് തെളിയിക്കുന്നു (മൂന്നാം അദ്ധ്യായം).

അബ്ബാസ്, സയന്‍സസ് എറ്റ് വോയേജില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളുടെ സമാന പകര്‍പ്പുകള്‍ക്കായി ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലും യു.കെയിലെ പ്രമുഖ സൈനിക ആര്‍ക്കൈവുകളും പലതവണ സന്ദര്‍ശിച്ചതിനെ കുറിച്ച് മുസ്‌ലിയാര്‍ കിങ്ങില്‍ പറയുന്നുണ്ട്.

മൊയ്തീന്‍ മുസലിയാര്‍ തുര്‍ക്കിയിലേക്ക് അയച്ച കത്തും 72 പൌണ്ടൂം.

മലബാര്‍ സമരത്തെക്കുറിച്ച് എഴുതപ്പെട്ട കൃതികളില്‍ പറയാത്ത ഒട്ടേറെ കാര്യങ്ങള്‍ പ്രമാണ സഹിതം മുസ്‌ലിയാര്‍ കിങ്ങില്‍ നല്‍കിയിട്ടുണ്ട്. മലബാര്‍ സമരത്തിന്റെ അന്താരാഷ്ടമാനം വെളിവാക്കുന്ന ചില രേഖകള്‍ അതില്‍ സുപ്രധാനമാണ്. തുര്‍ക്കിയിലെ ഓട്ടോമന്‍ ആര്‍ക്കൈവുകള്‍ പരിശോധിക്കുന്നതിനിടയില്‍ അബ്ബാസ് കണ്ടെത്തിയ കൗതുകരമായ ഒരു ചരിത്രരേഖ അതില്‍ എടുത്തു പറയേണ്ടതാണ്.

ഭൂമിശാസ്ത്രപരമായി ഏറെദൂരെ സ്ഥിതി ചെയ്യുന്ന തുര്‍ക്കിയും മലബാറും തമ്മില്‍ ഖിലാഫത്ത് സമരകാലത്ത് പുലര്‍ത്തിയിരുന്ന ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്ന ഒരു രേഖയാണത്. മലബാര്‍ ജില്ലയിലെ കല്‍പ്പകഞ്ചേരി സ്വദേശിയായ എം. മൊയ്തീന്‍ മുസലിയാര്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഭരണാധികാരിക്ക് അയച്ച ഒരു കത്താണ് രേഖ (Source: Basbakanlik Osmanli ArsÈ (The Ottoman Archives of the Prime minister’s office, Turkey). മലബാറും ഒട്ടോമന്‍ സാമ്രാജ്യവും തമ്മില്‍ നിലനിന്നിരുന്ന അഗാധമായ ബന്ധത്തെ സൂചിപ്പിക്കുന്ന നിരവധി രേഖകളുണ്ട്, ഈ ആര്‍ക്കെെവില്‍. അതില്‍ നിന്നാണ് എം. മൊയ്തീന്‍ മുസലിയാര്‍ അയച്ച കത്ത് അബ്ബാസ് കണ്ടെത്തിയത്. 1913 ഏപ്രില്‍ 25-നാണ് ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയ ഈ കത്തയച്ചിരിക്കുന്നത്.

മലബാറിലെ മുസ്‌ലിങ്ങളുടെ പ്രതിനിധി എന്ന നിലയിലാണ് മൊയ്തീന്‍ മുസലിയാര്‍ കത്തെഴുത്തുന്നതെന്ന് കത്തിന്റെ തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. 125/13 എന്ന നമ്പറിലുള്ള 72 പൗണ്ട് തുകയ്ക്കുള്ള ഒരു ചെക്ക് ഇതോടൊപ്പം അയക്കുന്നതായി കത്തില്‍ പറയുന്നു. തുര്‍ക്കിയില്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസ ഫണ്ടിലേക്കാണ് ഈ ധനസഹായം.

ഖിലാഫത്തിന്റെ വിജയത്തിനായുള്ള പ്രാര്‍ഥനകളോടെയാണ് മൊയ്തീന്‍ മുസലിയാര്‍ ഒപ്പിട്ട കത്ത് അവസാനിക്കുന്നത്. മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള നിരവധി രേഖകള്‍ തുര്‍ക്കിയിലെ ആര്‍കൈവുകളില്‍ ലഭ്യമാണെന്ന് അബ്ബാസ് പറയുന്നു. ഖിലാഫത്ത് സമരകാലത്ത് തുര്‍ക്കിയും മലബാറും തമ്മില്‍ പുലര്‍ത്തിയിരുന്ന ആഴമാര്‍ന്ന ബന്ധമാണ് ഇവ സൂചിപ്പിക്കുന്നത്.

ചുരുക്കത്തില്‍, കൊളോണിയല്‍ ഭരണകാലത്തെപ്പറ്റിയും അതിനെതിരെ തദ്ദേശീയര്‍ നടത്തിയ വൈവിധ്യമാര്‍ന്ന പ്രക്ഷോഭങ്ങളെകുറിച്ചും എഴുതപ്പെട്ട ചരിത്രഗ്രന്ഥങ്ങളില്‍ ആലേഖനം ചെയ്യപ്പെടാത്ത ഒട്ടേറെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് മുസ്‌ലിയാര്‍ കിങ്ങിന്റെ ഏറ്റവും പ്രധാന സവിശേഷത. ഒപ്പം നിലനില്ക്കുന്ന പല വാര്‍പ്പുമാതൃകളെയും കള്ള കഥകളെയും മുസ്‌ലിയാര്‍ കിങ് പൊളിച്ചെഴുതുന്നു; സ്ഥാപിത ചരിത്ര മാതൃകകളെ വെല്ലുവിളിക്കുന്നു; ഒപ്പം പാര്‍ശ്വവത്കരിക്കപ്പെട്ട ആഖ്യാനങ്ങളെ കൃത്യതയോടെ അനാവരണം ചെയ്യുകയും ചെയ്യുന്നു.

മലബാര്‍ സമരത്തെ ഡികൊളോണിയല്‍ വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ പഠന ഗ്രന്ഥമായ മുസ്‌ലിയാര്‍ കിങ്, 1921 ല്‍ മലബാറില്‍ നടന്ന ഉജ്ജ്വലമായ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് പുതിയ മാനം നല്‍കുകയും ഗവേഷകര്‍ക്ക് മുമ്പില്‍ പുതുവാതായനങ്ങള്‍ തുറന്നിടുകയും ചെയ്യുന്നു.

Content Highlight: Azeez Tharuvana writes about Musliar King Book

അസീസ് തരുവണ

എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്

We use cookies to give you the best possible experience. Learn more