ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍; മലയാളത്തിലെ പ്രഥമ കാല്‍പനിക കാവ്യം
DISCOURSE
ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍; മലയാളത്തിലെ പ്രഥമ കാല്‍പനിക കാവ്യം
അസീസ് തരുവണ
Wednesday, 6th July 2022, 5:56 pm
പ്രണയവും പോരുമാണ് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യഭാവനയെ ഏറെ പ്രചോദിപ്പിച്ചത്. ഇരുപതാമത്തെ വയസ്സില്‍ എഴുതിയ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ അക്കാലത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കാവ്യമാണ്. സ്ത്രീവാദത്തിന്റെ ഇന്നത്തെ അളവുകോല് വെച്ച് നോക്കിയാല്‍ പോലും സ്‌നേഹത്തിന്റെ എന്ന പോലെ സ്വാതന്ത്ര്യബോധത്തിന്റേയും പ്രതീകമായി നിലകൊള്ളാന്‍ പ്രാപ്തയാണ് ഹുസ്‌നുല്‍ ജമാല്‍. ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് പ്രണയസാഫല്യത്തിനുവേണ്ടി നാടും വീടും ഉപേക്ഷിച്ച് പോകുന്ന ഒരു യുവതിയെ നായികയാക്കാന്‍ മോയിന്‍കുട്ടി വൈദ്യര്‍ക്ക് സാധിച്ചു.  ഒരു കവിയെന്ന നിലയില്‍ മോയിന്‍കുട്ടി വൈദ്യരുടെ പാരമ്പര്യനിഷേധം കൂടിയാണ് പ്രേമസങ്കല്‍പങ്ങളിലെ ഈ പൊളിച്ചെഴുത്ത്

സാഹിത്യത്തെ എന്നപോലെ രാഷ്ട്രീയത്തേയും തത്വചിന്തയേയുമെല്ലാം ആഴത്തില്‍ സ്വാധീനിച്ച പ്രസ്ഥാനമാണ് കാല്‍പനികത (Romanticism). സാഹിത്യ പ്രസ്ഥാനമെന്ന നിലയില്‍ പാശ്ചാത്യ സാഹിത്യത്തില്‍ കാല്‍പനികത പ്രത്യക്ഷപ്പെടുന്നത് ഫ്രഞ്ച് വിപ്ലവാനന്തരമാണ്. എന്നാല്‍ ഏത് കാവ്യത്തിന്റേയും ഭാവനാത്മകമായ എന്തിന്റേയും അന്തര്‍ധാരയായി കാല്‍പനികത (കല്‍പന-ഭാവന) എക്കാലത്തുമുണ്ടായിട്ടുണ്ട്. സാഹിത്യത്തില്‍ കല്‍പിതകഥകളെ റൊമാന്റിക് എന്ന് ആദ്യകാലങ്ങളില്‍ വിളിച്ചിരുന്നു.

പാശ്ചാത്യ കാല്‍പനിക സാഹിത്യത്തെപ്പറ്റി ആഴമാര്‍ന്ന പഠനങ്ങള്‍ നടത്തിയ വിമര്‍ശകനായ എം.എച്ച്. അബ്രാംസ് കാല്‍പനികതയുടെ പൊതുസ്വഭാവം ഇങ്ങനെ വ്യക്തമാക്കുന്നു; ‘മനുഷ്യനുവേണ്ടിയും ജീവിതത്തിനുവേണ്ടിയുമുള്ള കല എന്നതാണ് കാല്‍പനികതയുടെ സൗന്ദര്യസങ്കല്‍പം’. കീറ്റ്‌സിനെ ഉദ്ധരിച്ചുകൊണ്ട് അബ്രാംസ് തുടരുന്നു;

‘കവി ഋഷിയാണ്. ഒരു മനുഷ്യസ്‌നേഹി, എല്ലാ മനുഷ്യരുടേയും ഭിഷഗ്വരന്‍. കഷ്ടപ്പെടുന്ന മനുഷ്യവര്‍ഗത്തിന് വേണ്ടി കവിയായി പുനര്‍ജനിച്ചവനാണ് കാല്‍പനികന്‍. കാല്‍പനികരെല്ലാം ഹ്യുമിനിസ്റ്റുകളായിരുന്നു.’ കാല്‍പനികരുടെ പ്രമുഖ മൂല്യങ്ങളായി അബ്രാംസ് പറയുന്നത്; ‘ജീവിതം, സ്‌നേഹം, സ്വാതന്ത്ര്യം, പ്രത്യാശ, ആനന്ദം എന്നിവയാണ്.1’

എം.എച്ച്. അബ്രാംസ്

ത്യാഗം, വേദന, സങ്കടം, മരണം മുതലായവയെ റൊമാന്റിക്കുകള്‍ അനുഭാവത്തോടെ വീക്ഷിക്കുകയും അവയെ സ്വന്തം കൃതികളുടെ വിഷയങ്ങളാക്കുകയും ചെയ്യുന്നതായി ഹെയ്‌നേ അഭിപ്രായപ്പെടുന്നു. ചിന്തയുടേയും വികാരങ്ങളുടേയും സ്വച്ഛന്ദതയിലുള്ള ഊന്നല്‍, നൈസര്‍ഗിക പ്രതിഭയ്ക്കും ഭാവനയ്ക്കും നല്‍കപ്പെട്ട പരമമായ പ്രാധാന്യം, പ്രകൃതിയുടെ അപരിഷ്‌കൃതവുമായ ജീവിതത്തിലുള്ള വര്‍ധിച്ച താല്‍പര്യം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ റൊമാന്റിസിസത്തിനുണ്ട്.2

കാല്‍പനികതയുടെ ഒരടിസ്ഥാന പ്രവണത പ്രക്ഷോഭബുദ്ധിയാണ്. അതിനാല്‍ ശീലമായ ശൈലികളേയും പരിചയിച്ചുപോന്ന പാരമ്പര്യങ്ങളേയും അവര്‍ നിരാകരിച്ചു. അംഗീകൃതമായ സാങ്കേതികത്വത്തെതിരസ്‌കരിച്ചു. വികാരങ്ങളെ ആഡംബരപൂര്‍വ്വം പ്രദര്‍ശിപ്പിക്കുന്നു. അനിയന്ത്രിത വികാരം ശക്തവും അതുകൊണ്ടു തന്നെ പ്രശംസനീയവുമായിത്തീരുന്നുവെന്നതാണ് അയാളുടെ വിശ്വാസം.‘ ശക്തമായ വികാരങ്ങളുടെ സ്വച്ഛന്ദമായ പ്രവാഹം’ എന്നും ‘പ്രശാന്തതയില്‍ അനുസ്മരിക്കപ്പെടുന്ന വികാരം’  എന്നും വേര്‍ഡ്‌സ്‌വര്‍ത്ത് കവിതയില്‍ നിര്‍വ്വചിച്ചത് ഈ കാല്‍പനിക വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. റൊമാന്റിക്ക് സാഹിത്യത്തെ പോഷിപ്പിക്കുന്നത് വികാരവും അതിനെ ആദര്‍ശലോകത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുന്നത് ഭാവനയുമാണ്.3

വില്യം വേര്‍ഡ്‌സ്‌വര്‍ത്ത്

റിയലിസ്റ്റുകളെപ്പോലെ ഭൂമിയില്‍ കാലൂന്നി, മണ്ണില്‍ ചവിട്ടി പരിസര യാഥാര്‍ത്ഥ്യങ്ങളെ പകര്‍ത്താനല്ല, ഭാവനയുടെ ആകാശ ലോകങ്ങളിലൂടെ ചിറകുവിടര്‍ത്തി അനുഭൂതിയുടെ അത്യുന്നതകളില്‍ വിരാജിക്കുവാനാണ് റൊമാന്റിക്കുകള്‍ ഇഷ്ടപ്പെടുന്നത്. ക്ലാസിക്- നിയോക്ലാസിക് എഴുത്തുകാരെ പോലെ വ്യവസ്ഥയുടെ കയറുകള്‍ കൊണ്ട് സ്വയം ബന്ധനസ്ഥനാകാന്‍ റൊമാന്റിക്കുകള്‍ ഇഷ്ടപ്പെടുന്നില്ല എന്നല്ല ക്ലാസിസത്തിന്റെ വിപരീതമാണ് റൊമാന്റിസിസം.

കാവ്യത്തിന്റെ അന്തര്‍ധാരയായി എക്കാലത്തും കാല്‍പനികത ഏറിയോ കുറഞ്ഞോ നിലനിന്നിട്ടുണ്ട്. ഈയൊരര്‍ത്ഥത്തില്‍ കാളിദാസനില്‍ പോലും ഒരു കാല്‍പനികനുണ്ട്. ഏറ്റവും പുതുതലമുറയിലെ ഉത്തരാധുനികനിലും കാല്‍പനികനുണ്ട്. കെ.പി. അപ്പന്‍ എഴുതി;

”ഉത്തരാധുനികത കാല്‍പനികതയ്ക്ക് സൈദ്ധാന്തിക പിന്തുണ നല്‍കുക പോലും ചെയ്യുന്നു.  ഉത്തരാധുനികരായ എഴുത്തുകാര്‍ റിയലിസത്തിനപ്പുറത്തേക്കു പോയി കാല്‍പനിക  കവികള്‍ ചെയ്തതുപോലെ വികാരങ്ങളെ ഗൃഹാതുരത്വപരമായൊരു തീവ്രതയില്‍ പിടിച്ചെടുക്കുവാന്‍ ശ്രമിക്കുന്നു”.4

എന്നാല്‍ കാല്‍പനികത ഒരു പ്രസ്ഥാനമെന്ന നിലയില്‍ മലയാളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ്. അതിന് തൊട്ടുമുമ്പുവരെ സര്‍ഗാത്മക ഭാവനയ്ക്ക് ഇടമില്ലാത്ത നിയോക്ലാസിക് സാഹിത്യത്തിനായിരുന്നു ആധിപത്യം. അതിന്റെ ഉള്ളടക്കം അനുഭവതീവ്രമോ തീക്ഷ്ണമോ ആയിരുന്നില്ല. പുതിയ കാവ്യ കല്‍പനകള്‍ ആവിഷ്‌കരിക്കാതെ പഴയ സംസ്‌കൃത കാവ്യാലങ്കാരങ്ങള്‍ മുറുകെ പിടിക്കുന്നതായിരുന്നു. ഈ സ്തംഭനത്തെയാണ് മലയാള കാല്‍പനികത തകര്‍ത്തെറിഞ്ഞത്. വാസ്തവത്തില്‍ കാല്‍പനികത മലയാള കാവ്യചരിത്രത്തിലെ അട്ടിമറിയും വിപ്ലവവുമായിരുന്നു.

മലയാള കവിതയില്‍ കാല്‍പനിക കിരണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഏത് കൃതിയില്‍ എന്ന ചോദ്യം പ്രസക്തമാണ്. എം. ലീലാവതിയുടെ അഭിപ്രായത്തില്‍ രാജരാജവര്‍മയുടെ മലയവിലാസം (1895), കേശവപിള്ളയുടെ ആസന്ന മരണ ചിന്താശകതം (1895), സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ ഒരു വിലാപം (1902), എം. രാജരാജവര്‍മയുടെ പ്രിയവിലാപം (1903) വി.സി. ബാലകൃഷ്ണപണിക്കരുടെ ഒരു വിലാപം(1987) മുതലായവയാണ് കാല്‍പനികതയുടെ ആദ്യ കന്ദളങ്ങള്‍. എന്നാല്‍ കുണ്ടൂര്‍ നാരായണ മേനോന്റെ നാല് ഭാഷാകാവ്യങ്ങളിലെ സമഗ്രഭാവത്തിന് കാല്‍പനികതയുടെ പരിവേഷമുണ്ടെന്നും അവ ഉദ്ബണമായ പ്രേമാവേശങ്ങളും, ജ്വലിക്കുന്ന സാഹസികതകളും കൂടി അവയെ കാല്‍പനികതയുടെ കാലാവസ്ഥയിലേക്കാണ് വാസ്തവത്തില്‍ സജ്ജമാക്കിയിരിക്കുന്നതെന്നും ലീലാവതി അഭിപ്രായപ്പെട്ടു.5

എം. ലീലാവതി

ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രം (1953), ഡോ.കെ.എം. ജോര്‍ജ് എഡിറ്റ് ചെയ്ത സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (1958), തുടങ്ങി എരുമേലി പരമേശ്വരന്‍ പിള്ള രചിച്ച മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ (1996) വരെയുള്ള മലയാള സാഹിത്യ ചരിത്രങ്ങളിലെല്ലാം കാല്‍പനികതയുടെ ആദ്യകിരണങ്ങളായി അവതരിപ്പിക്കുന്നത് ലീലാവതി പറഞ്ഞ കവികളെ തന്നെയാണ്. തനിക്ക് മുമ്പ് രചിക്കപ്പെട്ട സാഹിത്യ ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന് മുന്നോട്ടു പോകുവാനോ മലയാള ഭാഷയുടെ ബഹുരൂപങ്ങളില്‍ നിന്നോ അരികുവല്‍ക്കരിക്കപ്പെട്ട ഇടങ്ങളില്‍ നിന്നോ പുതുശബ്ദങ്ങള്‍ ശ്രവിക്കുവാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെന്നു പറയുന്നതാവും ശരി. അങ്ങനെയുള്ള ശ്രമങ്ങള്‍ നടത്തുകയും ഭാഷയുടെ ബഹുസ്വരരൂപങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്തിരുന്നെങ്കില്‍ മലയവിലാസം (1895) രചിക്കപ്പെടുന്നതിന് പതിമൂന്ന് വര്‍ഷം മുമ്പ് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ (1872) എന്ന സുന്ദരകാവ്യത്തെ കാണാതെ പോകുമായിരുന്നില്ല.

കാല്‍പനികതയുടെ ചിറകു വിടര്‍ത്തിയുള്ള ആകാശസഞ്ചാരം, ആഴിക്കടിയിലുള്ള മുങ്ങിത്തപ്പല്‍, മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ അപാരസീമ ഇവ ഇത്രമേല്‍ അനുഭവിപ്പിച്ച മറ്റൊരു കാവ്യം മലയാളത്തില്‍ അതിന് മുമ്പുണ്ടായിട്ടില്ല. ഈയൊരര്‍ത്ഥത്തില്‍ ആദ്യത്തെ കാല്‍പനിക കവി മോയിന്‍കുട്ടി വൈദ്യരാണെന്ന് നിസ്സംശയം പറയാം. നിരൂപകനായ സി.പി. ശ്രീധരന്‍ പറയുന്നു;

‘മലയാളത്തില്‍ കാല്‍പനികത ആരംഭിച്ചത് കുമാരനാശാനിലും സുബ്രഹ്മണ്യന്‍ പോറ്റിയിലും ഒക്കെയാണെന്ന് പറയുന്നു. പക്ഷെ കാല്‍പനികതയുടെ ആരംഭം മോയിന്‍കുട്ടി വൈദ്യരില്‍ നിന്നല്ലേ? അതുവരെയുള്ള മാപ്പിള പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു മോയിന്‍കുട്ടി വൈദ്യരുടെ രീതി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശയിലെ കവിതയിലെ നവോത്ഥാനത്തിന്റെ തുടക്കവും മോയിന്‍കുട്ടി വൈദ്യരായിരുന്നില്ലേ? ജന്മിത്തത്തിനും സാമ്രാജ്യത്തിനുമെതിരെ അധ്വാനിക്കുന്നവന്റെ നാവായി പ്രവര്‍ത്തിച്ചത് മോയിന്‍കുട്ടി വൈദ്യരുടെ വരികളാണ്’.6

നിര്‍ഭാഗ്യവശാല്‍, മനോഹരമായ കാവ്യങ്ങള്‍ രചിച്ച മലയാള കവിയായ മോയിന്‍കുട്ടി വൈദ്യരെ മാപ്പിള കവിയായി വെട്ടിച്ചുരുക്കുകയാണ് നമ്മുടെ സാഹിത്യചരിത്രം ചെയ്തത്. ഇതിനെതിരെ ശക്തമായ താക്കീതു നല്‍കുന്നുണ്ട് എം.ടി. വാസുദേവന്‍ നായര്‍;

‘മോയിന്‍കുട്ടി വൈദ്യരെ ന്യൂനപക്ഷ കവിയെന്നോ മാപ്പിള കവിയെന്നോ പറഞ്ഞ് മാറ്റി നിര്‍ത്തരുത്. സാഹിത്യത്തില്‍ ന്യൂനപക്ഷ കവിയെന്നോ ഭൂരിപക്ഷ കവിയെന്നോ ഇല്ല. അതുകൊണ്ടു തന്നെ മോയിന്‍കുട്ടി വൈദ്യരെ ന്യൂനപക്ഷകവിയായി മാറ്റി നിര്‍ത്തുന്നതും ശരിയല്ല.’ ഐസ്‌ലാന്റ് എന്ന ചെറു രാജ്യത്ത് ഹിബ്രുവില്‍ രചന നടത്തിയ ഐഷാക് സിംഗറിന് നൊബല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. അറബി മലയാളമെന്നത് ഒരു പ്രത്യേക മണിപ്രവാള ഭാഷയാണ്.  പക്ഷെ, ആ ഭാഷയ്ക്ക് എന്തു സംഭവിച്ചു, എങ്ങനെ രൂപംകൊണ്ടു, എങ്ങനെ വളര്‍ന്നു എന്നിവ കൂടി ഉള്‍ക്കൊള്ളുമ്പോഴേ മലയാള സാഹിത്യചരിത്രം പൂര്‍ണമാവൂ’.

എം.ടി. വാസുദേവന്‍ നായര്‍

മോയിന്‍കുട്ടി വൈദ്യരെന്ന മലയാളകവിയെ സാഹിത്യചരിത്രകാരന്മാരും നിരൂപകരും വേണ്ടവിധം കാണാതെപോയത് അദ്ദേഹം രചന നിര്‍വചിച്ചത് അറബി മലയാളത്തിലായതുകൊണ്ടാവാം8. എം.ടി. സൂചിപ്പിച്ചതുപോലെ അറബി മലയാളമെന്നത് മലയാള ഭാഷയുടെ ഭാഗമായ ഒരു പ്രത്യേകതരം മണിപ്രവാളമാണ്. ‘ഭാഷാ സംസ്‌കൃത യോഗോ മണിപ്രവാളം’ എന്നാണ് ലീലാതിലകം മണിപ്രവാളത്തെ നിര്‍വചിക്കുന്നത്. മണിയാകുന്ന മലയാളപദങ്ങളുടെയും ഹൃദ്യമായ യോജിപ്പില്‍ നിന്നുണ്ടാകുന്ന മനോജ്ഞ ഭാഷയാണ് മണിപ്രവാളം. ഇതേസമയം, മലയാളപദങ്ങളും അറബിപദങ്ങളും ഇടകലര്‍ന്ന മറ്റൊരു മണിപ്രവാള രീതി കൂടി ഇവിടെ നിലനിന്നിരുന്നു. അറബിമലയാളം എന്നാണ് ഈ മണിപ്രവാളത്തിന്റെ പേര്. അറബി മലയാളത്തിലെ ആദ്യ കൃതിയായ ‘ മുഹ്‌യൂദ്ധീന്‍ മാല’യുടെ ആമുഖമായി കവി ഖാസിം മുഹമ്മദ് പറയുന്നത് ഇങ്ങനെ;

‘കൊല്ലം എഴുന്നൂറ്റി എമ്പത്തി രണ്ടില്‍ ഞാന്‍

കോത്തേന്‍ ഈ മാലേനെ നൂറ്റമ്പത്തഞ്ചുമ്മല്‍

മുത്തും മാണിക്യവും ഒന്നായി കോത്തപോല്‍

മുഹയുദ്ധീന്‍ മാലനെ കോത്തേന്‍ ഞാന്‍ ലോകരെ..’

ഇവിടെ മുത്തും മാണിക്യവും എന്നത് മലയാളവും അറബിയുമാണ്. ഈ ഭാഷാരൂപത്തില്‍ ആറായിരത്തോളം പദ്യഗ്രന്ഥങ്ങളും ആയിരത്തിലേറെ ഗദ്യഗ്രന്ഥങ്ങളുമുണ്ടായിട്ടുണ്ടെന്ന് ഗവേഷകനായ കെ.കെ. അബ്ദുല്‍ കരീം അഭിപ്രായപ്പെടുന്നു9.

അറബി മലയാളം ഒരു ഭാഷയല്ല, മറിച്ച് അറബി അക്ഷരങ്ങളുപയോഗിച്ച് മലയാളമെഴുതുന്ന ഒരു എഴുത്തുരീതിയാണ്; വട്ടെഴുത്തും കോലെഴുത്തും പോലെ. മലയാളം മുഴുവന്‍ കേരളീയരുടേയും പൊതു ഭാഷയായി മാറുന്നതുവരെ,  പൊതുമണ്ഡലം രൂപപ്പെടും വരെ കേരളത്തിലെ വലിയൊരു പക്ഷം ജനതയുടെ എഴുത്തുഭാഷയായിരുന്നു അറബി- മലയാളം. പലവിധ എഴുത്തുരൂപങ്ങള്‍ നിലനിന്നിരുന്ന കാലത്ത് മലയാളത്തെ സക്രിയമായി ഉള്‍കൊള്ളുവാനുള്ള മാപ്പിളമാരുടെ എളിയ ശ്രമത്തിന്റെ ഭാഗമായാണ് ഈ എഴുത്തുഭാഷ രൂപംകൊണ്ടത്. സംസ്‌കൃതം കലര്‍ന്ന മലയാളം പോലെ അറബി പദങ്ങള്‍ ചേര്‍ന്ന അറബിമലയാളവും നമ്മുടെ ഭാഷയുടെ ഭാഗമാണ്.10

എം.ടി. സൂചിപ്പിച്ചതുപോലെ, അറബി മലയാളത്തെ കൂടി ഉള്‍ക്കൊള്ളുമ്പോഴാണ് മലയാള സാഹിത്യചരിത്രം പൂര്‍ണമാകുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സാഹിത്യചരിത്രം തയ്യാറാക്കിയ ഉള്ളൂര്‍ അടക്കമുള്ളവര്‍ അറബി അക്ഷരങ്ങള്‍ അറിയാത്തവരാകയാല്‍ ഈയൊരു മഹത്തായ പാരമ്പര്യത്തെ കാണാതെ പോവുകയാണുണ്ടായത്. അങ്ങനെ കേരളീയരായ നൂറുകണക്കിന് കവികളുടെ സംഭാവനകളെ സാഹിത്യചരിത്രത്തില്‍ അദൃശ്യവല്‍കരിക്കപ്പെട്ടു. മോയിന്‍കുട്ടി വൈദ്യര്‍ അത്തരമൊരു തമസ്‌കരണത്തിന് വിധേയനായ കവിയാണ്. അദ്ദേഹത്തിന്റെ ‘ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍’  കാല്‍പനിക പ്രസ്ഥാനത്തില്‍ പെടുന്ന മനോഹര കാവ്യമാണ്.

 

മോയിന്‍കുട്ടി വൈദ്യരും ബദ്‌റുല്‍ മുനീര്‍ കാവ്യവും

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ പ്രഭുകുടുംബമായിരുന്ന ഓട്ടുപാറക്കുഴിയില്‍ ആലുങ്കല്‍ കണ്ടിയില്‍ തറവാട്ടില്‍ ഉണ്ണി മമ്മദിന്റേയും കുഞ്ഞാമിനയുടേയും മകനായി (1852) വൈദ്യരുടെ ജനനം. പിതാവ് പ്രസിദ്ധ വൈദ്യനും കവിയുമായിരുന്നു.

മതപാഠശാലയില്‍ നിന്ന് അറബി, പാര്‍സി, ഭാഷകളും മതവും ചരിത്രവും പഠിച്ചു. വേലു എഴുത്തച്ഛനില്‍ നിന്ന് മലയാളവും പിതാവ് ഉണ്ണി മമ്മദ്‌വൈദ്യരില്‍ നിന്ന് സംസ്‌കൃതവും പഠിച്ചു. ശ്രീകൃഷ്ണവിലാസം, കുമാരസംഭവം, ശ്രീരാമോദന്തം തുടങ്ങിയ കൃതികളാണ് സംസ്‌കൃതാധ്യയനത്തിന്റെ ഭാഗമായി വൈദ്യര്‍ പഠിച്ചത്. പുള്ളിയന്‍ വീരാന്‍കുട്ടി എന്ന ഗുരുവില്‍ നിന്ന് തമിഴ് അഭ്യസിച്ചു. ചെറു പ്രായത്തിലെ കവിതയോടും പാട്ടിനോടും വൈദ്യര്‍ക്ക് ബന്ധമുണ്ടായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മലബാറിലെ സാമൂഹ്യജീവിതം അത്യന്തം അസ്വസ്ഥമായിരുന്ന കാലഘട്ടത്തിലാണ് വൈദ്യര്‍ ജീവിച്ചത്(1852-1892). ബ്രിട്ടീഷ് ഭരണത്തില്‍ കീഴില്‍ സാധാരണക്കാര്‍ കടുത്ത പീഢനത്തിന് വിധേയമായിരുന്ന കാലം. കര്‍ഷകജനത ജന്മിമാരില്‍ നിന്നും പലവിധ ചൂഷണത്തിന് വിധേയരായിരുന്ന ഘട്ടം. ഒരേസമയം ബ്രിട്ടീഷുകാരോടും ജന്മിമാരോടും പോരാടുന്ന ജനതയ്ക്കിടയിലാണ് കവി വളര്‍ന്നത്.

പ്രണയവും പോരുമാണ് വൈദ്യരുടെ കാവ്യഭാവനയെ ഏറെ പ്രചോദിപ്പിച്ചത്. ഇരുപതാമത്തെ വയസ്സില്‍ (1872) എഴുതിയ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ അക്കാലത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കാവ്യമാണ്. ഖാജാ മുഈനുദ്ധീന്‍ ഷാ ശിറാസയുടെ കഥയെ ഇതിവൃത്തമാക്കിയാണ് ഈ കാവ്യം രചിച്ചത്. സ്ത്രീ- പുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തെ പ്രമേയമാക്കിയ അറബി മലയാളത്തിലെ ആദ്യത്തെ രചനയാണിത്. കാവ്യത്തിലെ നായികാ നായകന്മാര്‍ മനുഷ്യരാണ്. എന്നാല്‍ ഉപകഥാപാത്രങ്ങളും മിക്കവാറും കഥാരംഗങ്ങളും അലൗകികമാണ്. പറക്കുന്ന തേര്, മാന്ത്രിക കൊട്ടാരങ്ങള്‍, ഇല പറിച്ച് തൊപ്പിയാക്കി ധരിച്ചാല്‍ ആര്‍ക്കും പറക്കാവുന്ന സര്‍ഹന്ദ്മരം.

കടലിലും ആകാശങ്ങളിലുമായി നടക്കുന്ന പ്രണയ കേളികളും പോരാട്ടങ്ങളും, ജിന്നുകളും ഭൂതങ്ങളും നിറഞ്ഞ ലോകങ്ങള്‍. അങ്ങനെ അസാധാരണ ലോകത്തുവെച്ച്  അത്ഭുതകരമായ രീതിയിലാണ് കഥ പുരോഗമിക്കുന്നത്. നായികാ നായകന്മാരായ ബദ്‌റുല്‍ മുനീറിന്റേയും ഹുസനുല്‍ ജമാലിന്റേയും സൗന്ദര്യത്തികവിനേയും വിരഹവേദനയേയും പറ്റി അതിമനോഹരമായി പാടുമ്പോഴും ഒരര്‍ത്ഥത്തില്‍ സ്വതന്ത്ര്യപ്പോരാളിയാണ്. പിതാവിന്റെ ഇച്ഛയ്‌ക്കെതിരായി മന്ത്രികുമാരനായ ബദ്‌റുല്‍ മുനീറിനെ സ്നേഹിക്കുകയും അത് തുടരാനാവില്ലെന്നുകണ്ട് അയാളേയും കൂട്ടി നാടു വിട്ടോടുകയും ചെയ്യുന്ന രാജകുമാരിയായ ഹുസ്‌നുല്‍ ജമാലിന്റെ കഥയാണ് വൈദ്യര്‍ പറയുന്നത്.  ഒളിച്ചോട്ടം ആസൂത്രണം ചെയ്യുന്നതും അതിനു മുന്‍കൈയ്യെടുക്കുന്നതും ആ യുവതിയാണ്. ആ പോക്കില്‍  സാഹചര്യവശാല്‍ കാമുകന്‍ കൈവിട്ടുപോയപ്പോള്‍ ആ പെണ്‍കിടാവ് പിതാവിന്റെ കൊട്ടാരത്തിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കുകപോലും ചെയ്യാതെ കാമുകനെ സ്വന്തമായി അന്വേഷിച്ച് കണ്ടെത്തുവാന്‍ വേണ്ടി, വിധിയെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്നു. ആ പോക്കില്‍ തന്റെ ശരീരം കാമിച്ച് വന്നവരെയെല്ലാം വാക്കുകൊണ്ടും വാളുകൊണ്ടും നേരിട്ട് തോല്‍പിക്കുന്നു.

സ്ത്രീവാദത്തിന്റെ ഇന്നത്തെ അളവുകോല് വെച്ച് നോക്കിയാല്‍ പോലും സ്‌നേഹത്തിന്റെ എന്ന പോലെ സ്വാതന്ത്ര്യബോധത്തിന്റേയും പ്രതീകമായി നിലകൊള്ളാന്‍ പ്രാപ്തയാണ് ഹുസ്‌നുല്‍ ജമാല്‍. ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് പ്രണയസാഫല്യത്തിനുവേണ്ടി നാടും വീടും ഉപേക്ഷിച്ച് പോകുന്ന ഒരു യുവതിയെ നായികയാക്കാന്‍ മോയിന്‍കുട്ടി വൈദ്യര്‍ക്ക് സാധിച്ചു.  അത്തരം കഥകളുമായി കുമാരനാശാന്റെ നളിനി, ലീല തുടങ്ങിയ കാവ്യങ്ങള്‍ പിറന്നത് പിന്നെയും മൂന്ന് ദശകങ്ങള്‍ കഴിഞ്ഞാണ്. ഏത് പ്രണയബന്ധത്തിലും വ്യക്തിത്വ പ്രഖ്യാപനവും സ്വാതന്ത്ര്യദാഹവും കുടിയിരിപ്പുണ്ട്.11

ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിലെ നായികാനായകന്മാര്‍ അവര്‍ണനീയമായ സൗന്ദര്യത്തിന്റെ ഉടമകളാണ്. ഹുസ്‌നുല്‍ ജമാല്‍ സ്ത്രീ സൗന്ദര്യത്തിന്റെ മൂര്‍ത്തീകരണമാണ്;

മരതകത്തുകിലും ഞെറിഞ്ഞുടുത്തു

മാണിക്കക്കൈ രണ്ടറീന്ത് വീശി

പരുക്കിത്തല മൂടിയും കുനിഞ്ഞ്

പെരുമാന്‍ കഴുത്തും ചെരിഞ്ഞും കൊണ്ട്

കരിപോല്‍ ഇടത്തും വലത്തിട്ടൂന്നി

കണ്‍പിരിവെട്ടി ചൂഴറ്റീടലില്‍

വരിനൂല്‍ രദനം തരിത്ത് നോക്കും

പവിഴപ്പൊന്‍ ചുണ്ടാലെ പൊന്‍ചിരിത്തും

പൊന്‍ചിരിത്തന്ന നടച്ചായലില്‍

പൂമാനത്തേവി വരവുതന്നില്‍

തഞ്ചങ്ങള്‍ മിന്നും മനുവര്‍ കണ്ടാല്‍

തബോധം വിട്ടു മദപ്പെടുമേ

(മരതകപ്പട്ടു വസ്ത്രം ഞൊറിഞ്ഞുടുത്ത്, മണിക്യ സമാനമായ കൈകള്‍ എറിഞ്ഞു വീശി, കാലുകള്‍ ആനയെപ്പോലെ ഇടത്തും വലത്തുമിട്ടൂന്നി, കണ്‍പീലി വെട്ടിച്ചുഴറ്റി, മദനാര്‍ത്ഥമായ നോട്ടത്തോടെ, പവിഴപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിച്ചുകൊണ്ട്,  അന്നനടച്ചായലിലുള്ള അവളുടെ വരവുകണ്ടാല്‍ ജിന്നാകട്ടെ മനുഷ്യരാകട്ടെ മദം കൊണ്ട് ബോധം നശിക്കും.)

ബദ്‌റുല്‍ മുനീര്‍ അതിസുന്ദരനാണ്. കവി ഭാവനയുടെ അത്യുന്നതിയില്‍ നിന്നാണ് മുനീറിനെ നോക്കികാണുന്നത്. സുന്ദരന്‍ മാത്രമല്ല, കലാരസികന്‍ കൂടിയാണ് മുനീര്‍. മികച്ച സിത്താര്‍ വായനക്കാരന്‍.

”താമരപൂക്കും മുഖത്തെക്കണ്ടാല്‍

തേനാര്‍ ചിറക്കും പയക്കം കേട്ടാല്‍

സാമീറ വാക്കും ദുതികള്‍ രാഗം

സംഗീത കല്യാണി പാടും നോക്കും”

എന്നാണ് കവി മുനീറിനെ പറ്റി പറയുന്നത്. ബദ്‌റുല്‍ മുനീറിന്റെ താമര പൂക്കും മുഖത്തെ കണ്ടാലും തേനാര്‍ ചിറക്കും പയക്കം (സംസാരം) കേട്ടാലും ആളുകള്‍ മതിമറന്ന് പോകുമത്രെ. നായികാനായകന്മാരുടെ നിത്യ സൗന്ദര്യമുണര്‍ത്തുന്ന രസാനുഭുതി ഈ കാവ്യത്തിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. ഉദാത്തമായ പ്രണയം അതിസൂക്ഷ്മ വര്‍ണ്ണനകളിലൂടെയാണ് വൈദ്യര്‍ ആവിഷ്‌കരിക്കുന്നത്. ഈ കാവ്യം അഗാധമായ പ്രണയത്തിന്റെ കഥയാണ്. ബദ്‌റുല്‍ മുനീറിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും പ്രണയ കഥകള്‍ക്കൊപ്പം ഒട്ടേറെ ഉപപ്രണയകഥകളും ഈ കാവ്യത്തിലുണ്ട്. ഹുസ്‌നുല്‍ ജമാലിനോട് അബു സയ്യാദിനും മുശ്താക്കിനും തോന്നിയ കമ്പം, ഉബൈസും ഖമര്‍ബാനും സുഫൈറയും ജമീലയുമെല്ലാം ബദ്‌റുല്‍ മുനീറിനെ കണ്ട് പ്രേമപാരവശ്യത്തില്‍ അകപ്പെടുന്നത്…

ഇങ്ങനെ ഒട്ടേറെ ഉപകഥകള്‍ ഈ കാവ്യത്തിലുണ്ട്. ഇത്തരം വികാരസമ്മര്‍ദ്ധങ്ങല്‍ക്കിടയിലും ബദ്‌റുല്‍ മുനീറും ഹുസ്‌നുല്‍ ജമാലും തമ്മിലുള്ള ഗാഢബന്ധം വേറിട്ടു നില്‍ക്കുന്നു.  പ്രണയ സാഫല്യത്തിനു വേണ്ടി നായികാനായകന്മാര്‍ സഹിക്കുന്ന ത്യാഗം അപാരമാണ്.  ബദ്‌റുല്‍ മുനീറിനോട് സ്ത്രീകള്‍ക്ക് തോന്നുന്ന പ്രണയം കാമാതുരമാണ്. ഹുസ്‌നുല്‍ ജമാലിനോടും പുരുഷന്മാര്‍ക്ക് തോന്നുന്ന അഭിനിവേശവും കാമം നിറഞ്ഞതാണ്. ഇതിനിടയില്‍ എല്ലാ പ്രലോഭനങ്ങളേയും പ്രതിസന്ധികളേയും നായികാനായകന്മാര്‍ തരണം ചെയ്യുന്നത് തങ്ങളുടെ അഗാധമായ ദിവ്യപ്രണയത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയാണ്.

മനോഹരമായ വാഗ്മയ ചിത്രങ്ങളാലും അത്യുദാത്തമായ കാവ്യഭാവനകള്‍ കൊണ്ടും സമ്പന്നമാണ് ഈ കാവ്യം. സിത്താര്‍ വായിച്ചുനില്‍ക്കുന്ന ബദ്‌റുല്‍ മുനീറിനെ കണ്ട് തടാകത്തില്‍ കുളിച്ചുകൊണ്ടിരിക്കുന്ന രാജകുമാരിയും തോഴിമാരും ലഹരിയിലാഴുന്ന രസകരവും മനോഹരവുമായ ഒരു രംഗമുണ്ട്  ഈ കാവ്യത്തില്‍. ഉടുപ്പില്ലാതെയും ഒരു കാലിന്മേല്‍ തളയിട്ടും കരിമിഴിയില്‍ മഷിയിട്ടും തരിവള കാലിലണിഞ്ഞുമൊക്കെ അവര്‍ മുനീറിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി പാഞ്ഞെത്തുന്ന രംഗം. ഈ കാവ്യത്തില്‍ ഇത്തരം ചിത്രങ്ങള്‍ ഒട്ടേറെയുണ്ട്. പൊതുവെ കാവ്യത്തില്‍ കടന്നുവരുന്ന മഹിളകളെല്ലാം ഇച്ഛാശക്തി പ്രകടിപ്പിക്കുന്നവരാണ്. അവരുടെ മനക്കരുത്തും പ്രണയപാരവശ്യവും അതു തുറന്നു പറയാനുള്ള തന്റേടവും എടുത്ത് പറയേണ്ടതാണ്. സ്ത്രീയുടെ ദൗര്‍ബല്യത്തിലല്ല ശക്തിയിലാണ് കവിയുടെ ഊന്നല്‍.  ഈ ഊന്നല്‍ തീര്‍ച്ചയായും സ്ത്രീയെ അബലയും ചപലയുമായി കാണുന്ന പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ്. ഒരു കവിയെന്ന നിലയില്‍ മോയിന്‍കുട്ടി വൈദ്യരുടെ പാരമ്പര്യനിഷേധം കൂടിയാണ് പ്രേമസങ്കല്‍പങ്ങളിലെ ഈ പൊളിച്ചെഴുത്ത്12.

ബദ്‌റുല്‍ മുനീറിലെ ഭാഷയുടെ സൗകുമാര്യത എടുത്തു പറയേണ്ടതാണ്. സംഗീതസാന്ദ്രവും ഭാവപുഷ്‌ക്കലവുമാണത്. താളദീക്ഷയും അനുപ്രാസനിബദ്ധതയും വൈദ്യര്‍ കൃതികളെ ശബ്ദമുകരിതമാക്കുന്നു. ശബ്ദാലങ്കാരത്തിനും താളക്കൊഴുപ്പിനും അദ്ദേഹം അമിത പ്രാധാന്യം നല്‍കുന്നു. പദധാരാളിത്തം വൈദ്യര്‍ കൃതികളുടെ സവിശേഷതയാണ്. വൈദ്യര്‍ക്ക് ശേഷം ഇത്തരമൊരു പദധാരാളിത്തം കാവ്യത്തില്‍ കാണുന്നത് ചങ്ങമ്പുഴയിലാണ്.

മലയാളത്തില്‍ ഒരു കവിക്കും അവകാശപ്പെടാനാവാത്ത വൈദ്യരുടെ അനന്യത, ബഹുഭാഷാ പദങ്ങളുടെ പ്രയോഗമാണ്. സംസ്‌കൃതം, പേര്‍ഷ്യന്‍, അറബി, കന്നട, തമിഴ്, മലയാളം പദങ്ങള്‍ ഇടകലര്‍ത്തി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. അന്യഭാഷാ പദങ്ങളേടൊപ്പം  മലയാള വിഭക്തി പ്രത്യയം ചേര്‍ത്തും അറബി മലയാള പദങ്ങള്‍ ഒരേഭാഷയിലെന്ന പോലെ സമാസിച്ചും മലയാള പദങ്ങള്‍ക്ക് അറബിപദങ്ങളുടെ രൂപംനല്‍കിയും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

വൈദ്യര്‍ ജീവിച്ചിരുന്ന കാലത്ത് മലയാളത്തിലെ വെണ്‍മണി കവികളും ഒട്ടേറെ കാല്‍പനിക കവികളും ജീവിച്ചിരുപ്പുണ്ടായിരുന്നു. വെണ്‍മണി അച്ഛന്‍ നമ്പൂതിരി (1817-91), നടുവത്ത് അച്ഛന്‍നമ്പൂതിരി (1844-1893), കുണ്ടൂര്‍ നാരായണ മേനോന്‍ (1851-1910), കാത്തുള്ളില്‍ അച്യുതമേനോന്‍ (1851-1910), പൂന്തോട്ടത്ത് മഹന്‍ നമ്പൂതിരി (1857-1946), കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍ (1858-1926), കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1865-1916), ശ്രീവൊള്ളി നാരായണന്‍ നമ്പൂതിരി (1969-1916), ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍ (1870-1916) തുടങ്ങിയവരുടെ പേരുകള്‍ എടുത്തുപറയേണ്ടതാണ്.

വൈദ്യര്‍ ജീവിച്ചിരുന്ന കാലത്ത് കേരളവര്‍മയും എ.ആര്‍. രാജരാജവര്‍മയും കാവ്യരംഗത്ത് സജീവമായിരുന്നു. കേരളവര്‍മ ജനിച്ച് (1854-1914) രണ്ടു വര്‍ഷം  കഴിഞ്ഞാണ് വൈദ്യര്‍ ജനിച്ചത്. എ.ആര്‍. രാജരാജവര്‍മയേക്കാള്‍ 16 വയസിന് മൂത്തതാണ് വൈദ്യര്‍. മലയവിലാസം (1895) രചിക്കുന്നതിന് 13 വര്‍ഷം മുമ്പാണ് (1872) ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ രചിക്കപ്പെട്ടത്. കുമാരനാശാന്‍ (1873-1924) ജനിക്കുമ്പോള്‍ വൈദ്യര്‍ക്ക് 26 വയസ്സായിരുന്നു. വീണപൂവ് (1907) രചിക്കുന്നതിന് 15 വര്‍ഷം മുമ്പ് വൈദ്യര്‍ മരണപ്പെട്ടിരുന്നു. സാഹിത്യചര്‍ച്ചകളും സംവാദനങ്ങളും ശക്തമായിരുന്ന കാലം കൂടിയാണത്.

പത്രമാസികകള്‍ ആരംഭിക്കുകയും സാഹിത്യം അവയിലെ മുഖ്യ ഇനമായി മാറുകയും ചെയ്തിരുന്നു. എന്നിട്ടും എന്തുകൊണ്ട് മുഖ്യധാരയില്‍ വൈദ്യര്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല? പ്രഖ്യാതമായ സാഹിത്യചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നുപോലും അദ്ദേഹം എന്തുകൊണ്ട് അകറ്റി നിര്‍ത്തപ്പെട്ടു? മലയാളകാല്‍പനികതയിലെ ആദ്യകിരണമായ വൈദ്യര്‍ എന്തുകൊണ്ട് കാല്‍പനികതാ പ്രസ്ഥാനത്തില്‍പോലും പരിഗണിക്കപ്പെട്ടില്ല?

വൈദ്യരുടെ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ അടക്കമുള്ള കൃതികള്‍ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ പ്രസിദ്ധമായിരുന്നു. ‘എ മാപ്പിള സോങ്’  എന്ന പേരില്‍ എഫ്. ഫോസറ്റ് ഇന്ത്യന്‍ ആന്റിക്വാറിയില്‍ 1900ല്‍ എഴുതിയ ലേഖനവും ഇന്ത്യന്‍ ആന്റിക്വാറിയുടെ 1901 നവംബര്‍, ഡിസംബര്‍ ലക്കങ്ങളിലായി വാര്‍സോങ്‌സ് ഓഫ് ദി മാപ്പിള ഓഫ് മലബാര്‍ എന്ന പേരില്‍ എഴുതിയ ലേഖനവും ഏറെ ശ്രദ്ധേയമാണ്. ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിലെ ചില ഭാഗങ്ങളുടെ പരിഭാഷാ സഹിതം വൈദ്യരുടെ പ്രണയകാവ്യത്തെ പറ്റി 1901ലെ ഇന്ത്യന്‍ ആന്റിക്വാറി ലേഖനത്തില്‍ ഫോസറ്റ് പറയുന്നുണ്ട്.

എന്നിട്ടും എന്തുകൊണ്ട് ഡോ. എം.എം. ബഷീര്‍ നിരീക്ഷിച്ചതുപോലെ, വൈദ്യരുടെ മൊത്തം സാഹിത്യ സംഭാവനകള്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം എഴുത്തച്ഛന്‍, ചെറുശ്ശേരി, കുഞ്ചന്‍ നമ്പ്യാര്‍,  ഉണ്ണായി വാര്യര്‍, പൂന്താനം തുടങ്ങിയ മലയാളത്തിലെ മരണമില്ലാത്ത മഹാകവികളുടെ നിരയിലാണ്. അദ്ദേഹത്തിന്റെ മഹാകാവ്യങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു എന്നും പ്രതിഭയുടെയും ജീവിതാനുഭവങ്ങളുടെയും കാര്യത്തില്‍ അദ്ദേഹം ആരുടെയും പിന്നിലായിരുന്നില്ല എന്നും ഏത് കാവ്യ മാനദണ്ഡം കൊണ്ടളന്നാലും ബോധ്യമാവും13.

 

അടിക്കുറിപ്പുകള്‍

1. Abrams, M.H, Natural Supernatiualism,wwNorton& company, 1971

2. ജി. മധുസൂദനന്‍,’ഭാവുകത്വം 21-ാം നൂറ്റാണ്ടില്‍’, കറന്റ് ബുക്‌സ്-2006

3. കല്ലട രാമചന്ദ്രന്‍, റൊമാന്റിസിസം (ഇസങ്ങളുടെ ലോകത്തില്‍ കറന്റ് ബുക്‌സ്-1992)

4. കെ.പി.അപ്പന്‍,ആധുനികത: ഒരു തിരിഞ്ഞുനോട്ടം, മാതൃഭൂമി ആഴ്ചപ്പതിപ്പ്,14-20 ഡിസംബര്‍ 1997

5. എം. ലീലാവതി, മലയാള കവിതാ സാഹിത്യചരിത്രം, കേരള സാഹിത്യ അക്കാദമി -2011

6. സി.പി. ശ്രീധരന്‍, മാതൃഭൂമി ദിനപത്രം, 25.12.1994

7. കെ.എം.അഹ്മദ്, (എഡിറ്റര്‍) മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പഠനങ്ങള്‍(മോയിന്‍കുട്ടി വൈദ്യര്‍ ന്യൂനപക്ഷത്തിന്റെ കവിയല്ല),മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരക കമ്മറ്റി, കൊണ്ടോട്ടി 2006.

8. ഡോ. എം.എം.ബഷീര്‍ ഈയൊരു പക്ഷക്കാരനാണ്(മോയിന്‍കുട്ടി വൈദ്യര്‍ സാഹിത്യചരിത്രത്തില്‍, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പഠനങ്ങള്‍)(എഡി. കെ. എം. അഹ്മദ്)

9. അമ്പതോളം നോവലുകള്‍, പല രൂപത്തിലുള്ള പാട്ടുകള്‍, വൈദ്യഗ്രന്ഥങ്ങള്‍, നിഘണ്ടുക്കള്‍, പത്രമാസികകള്‍ തുടങ്ങി ബ്രിട്ടീഷ് വിരുദ്ധ പടപ്പാട്ടുകള്‍ വരെ അറബി- മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

10. ‘സംസ്‌കൃതം ചേര്‍ന്ന മണിപ്രവാളം സംസ്കൃ തമല്ല, മലയാളമാണ്. അതുപോലെ തന്നെ അറബി പദങ്ങള്‍ ചേര്‍ന്ന സാഹിത്യവും അറബിയല്ല, അറബികളിടേതല്ല മലയാളമാണ് മലയാളികളുടേതാണ്. അതിനാല്‍ അവ അഭ്യസിക്കേണ്ടത് നമ്മുടെ കടമയാണ്. അവ ആസ്വദിക്കേണ്ടതും നമ്മുടെ അവകാശമാണ്’, ശൂരനാട്ട് കുഞ്ഞന്‍പിള്ള (ചന്ദ്രിക ആഴ്ചപ്പതിപ്പ്, കോഴിക്കോട്-1970)

11. എം. എന്‍. കാരശ്ശേരി, ഉതിര്‍മണികള്‍(എഡി: ആര്‍. രാമചന്ദ്രന്‍,2002)

12. എ.പി. കുഞ്ഞാമു, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അനുസ്മരണ പ്രബന്ധങ്ങള്‍, (ബദ്‌റുല്‍ മുനീറിലെ പ്രേമസങ്കല്‍പ്പം) യുവകലാസമിതി കോഴിക്കോട്, രണ്ടാം പതിപ്പ്,2003)

13. എം.എം. ബഷീര്‍, മോയിന്‍കുട്ടി വൈദ്യര്‍ സാഹിത്യചരിത്രത്തില്‍(എഡി: കെ.എം. അഹ്മദ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പഠനങ്ങള്‍) മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി, കൊണ്ടോട്ടി-2006

Content Highlight: Azeez Tharuvana on Badarul Muneer Husnul Jamal and Moyinkutty Vaidyar

അസീസ് തരുവണ
എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്