“We worship Lord Ganesha. There must have been some plastic surgeon at that time who got an elephant’s head on the body of a human being and began the practice of plastic surgery.” (The Guardian, 28 October 2014)
2014 ഓക്ടോബര്‍ മാസം മുംബൈയില്‍ ഡോക്ടറുമാരുടെ ഒരു സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് മുകളില്‍ കൊടുത്തത്. ”ഞങ്ങള്‍ ഗണപതിയെ ആരാധിക്കുന്നു. ആനയുടെ തല മനുഷ്യശരീരത്തില്‍ കയറ്റി പ്ലാസ്റ്റിക് സര്‍ജറി പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയ ഏതെങ്കിലും പ്ലാസ്റ്റിക് സര്‍ജന്‍ അക്കാലത്ത് ഉണ്ടായിരുന്നിരിക്കണം”. ഇതായിരുന്നു മോദിയുടെ പ്രസ്താവന.
വാസ്തവത്തില്‍ ഇതാണ് ഗണപതി ഭഗവാനെ അപമാനിക്കല്‍. പ്ലാസ്റ്റിക് സര്‍ജന്‍ അന്നില്ലായിരുന്നുവെങ്കില്‍ ഗണപതിക്ക് ആനത്തല ഉണ്ടാകുമായിരുന്നില്ല എന്നൊരു അര്‍ത്ഥം കൂടി ഇപ്പറഞ്ഞതിനുണ്ട്. ദിവ്യമാര്‍ഗ്ഗത്തിലൂടെ സംഭവിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഒരു കാര്യത്തെ ഭൗതികമായ ഒരു പ്രക്രിയയിലൂടെ സൃഷ്ടിച്ചുവെന്ന് പറയുന്നത് തന്നെ വിശ്വാസത്തെവ്രണപ്പെടുത്തലാണ്.
മോദിയുടെ പ്ലാസ്റ്റിക് സര്‍ജറി അവകാശവാദം അന്നു തന്നെ ശാസ്ത്രലോകം നിസ്സംശയം തള്ളിക്കളഞ്ഞതാണ്. ഈയൊരു വസ്തുത ആവര്‍ത്തിക്കുക മാത്രമാണ് ഒരര്‍ത്ഥത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ചെയ്തത്.
ഇതിഹാസകാരന്റെ മനോഹരമായ ഭാവനാസൃഷ്ടിയാണ് ഗണപതി. ഗണപതിയുടെ ജനനം മുതല്‍ ജീവിതത്തിന്റെ ഓരോ ഘട്ടവും പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമാകും. ശിവന്‍ കൊമ്പനാനയായും പാര്‍വ്വതി പിടിയാനയായും കാട്ടില്‍ വസിച്ച കാലത്ത് ശിവനു പാര്‍വ്വതിയില്‍ ഉണ്ടായ കുട്ടിയാണ് ഗണപതി എന്ന് ഉത്തര രാമായണത്തില്‍ പറയുന്നു. അങ്ങനെയാണ് ഗണപതിക്ക് ആനത്തലയുണ്ടായത് എന്ന് ചുരുക്കം. ഇതിലെവിടെയാണ് പ്ലാസ്റ്റിക് സര്‍ജറി. ഈ കഥ പ്രകാരം ജന്മനായുള്ള രൂപമാണ് ആനത്തല. അതിനാല്‍ ഇതിലേക്ക് പ്ലാസ്റ്റിക് സര്‍ജറി കടത്തി കൂട്ടലാണ് വിശ്വാസത്തെ ഹനിക്കല്‍.
ഇതേ സമയം, പത്മ പുരാണത്തില്‍ ഗണപതിക്കു ആനത്തലയുണ്ടായതിനെ സംബന്ധിച്ച് വിഭിന്നങ്ങളായ രണ്ടു കഥകള്‍ കാണാം. അതിലൊന്ന് ഇതാണ്: ഒരിക്കല്‍ പാര്‍വ്വതി ശനിഗ്രഹത്തെ ഗണപതിക്കു കാണിച്ചുകൊടുത്തു. ശനിയുടെ ദൃഷ്ടിപാതം കൊണ്ടു ഗണപതിയുടെ തല ദഹിച്ചു പോയി. തല്‍സ്ഥാനത്തു ഒരു ആനത്തല കൂട്ടിയിണ ക്കിയതാണെന്നാണ് ഒരു കഥ.
രണ്ടാമത്തെ കഥ അല്പം കൂടി രസാവഹമാണ്, അതിങ്ങനെ: ഒരിക്കല്‍ പാര്‍വ്വതി വസ്ത്രങ്ങളെല്ലാം മാറി ഒറ്റമുണ്ടുടുത്തുകൊണ്ട് കുളിക്കാന്‍ ഒരു മുറിയില്‍ കയറി. ശിവനും പിറകേ ചെന്നു. ആ മുറിയിലേക്കു കടക്കാന്‍ തുടങ്ങിയപ്പോള്‍ ഗണപതി തടഞ്ഞു. കുപിതനായ ശിവന്‍ ഗണപതിയുടെ തല വെട്ടിക്കളഞ്ഞു. കോപമടങ്ങിയപ്പോള്‍ ശിവന്‍ ഗണപതിക്ക് ഒരു ആനത്തല പകരം വച്ചുകൊടുത്തു. ( പത്മപുരാണം)
ഇതേ ഗണപതി ഒരു കാക്കയായി രൂപാന്തരം പ്രാപിച്ചതിനെക്കുറിള്ള ഒരു കഥ സ്‌കാന്ദ പുരാണം ആരണ്യകാണ്ഡത്തില്‍ കാണാം. കഥ ഇങ്ങനെ: ദക്ഷിണഭാരതത്തില്‍ ഒരിക്കല്‍ കടുത്ത വേനല്‍ വന്നു, നാടു മുഴുവന്‍ ഉണങ്ങി വരണ്ടതു കണ്ട് അഗസ്ത്യന്‍ ശിവനെ അഭയം പ്രാപിക്കുകയും അല്പം പുണ്യജലം തന്നയക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു. ശിവന്‍ തന്റെയടുക്കല്‍ ഉപാസിച്ചുകൊണ്ടു നിന്ന കാവേരിയെ അഗസ്ത്യന്റെ കമണ്ഡലുവിലാക്കി കൊടുത്തയച്ചു.
ഇത് ഇന്ദ്രന് രസിച്ചില്ല. ഇന്ദ്രന്‍ ഗണപതിയെ വിളിച്ച് അഗസ്ത്യന്റെ കമണ്ഡലു എങ്ങനെയെങ്കിലും തട്ടിമറിക്കണമെന്നു ഉപദേശിച്ചു. ഗണപതി ഒരു കാക്കയുടെ വേഷത്തില്‍ മാര്‍ഗ്ഗമദ്ധ്യേ വിശ്രമിക്കുന്ന അഗസ്ത്യന്റെ കമണ്ഡലുവിന്റെ വക്കില്‍ വന്നിരിക്കുകയും കമണ്ഡലു തട്ടിമറിച്ചിടുകയും ചെയ്തു. അഗസ്ത്യന്‍ കാക്കയുമായി ഏറ്റുമുട്ടി. ഉടനെ കാക്ക ഗണപതിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും അഗസ്ത്യനെ അനുഗ്രഹിക്കുകയും ചെയ്തു. മാത്രമല്ല ഗണപതി അഗസ്ത്യന്റെ കമണ്ഡലു വീണ്ടും പുണ്യജലം കൊണ്ടു നിറച്ചുകൊടുത്തു. ആ ജലം അഗസ്ത്യന്‍ ദക്ഷിണഭാരതത്തില്‍ കൊണ്ടുചെന്നു ഭക്തജനങ്ങള്‍ക്കു ദാനം ചെയ്തു. അതാണു ഇന്നത്തെ കാവേരിനദി. (സാന്ദപുരാണം ആരണ്യകാണ്ഡം)
ഇത്തരം മിത്തിക്കല്‍ കഥകളില്‍ ഒരു വിശ്വാസിക്കു വിശ്വസിക്കുവാനും വിശ്വാസിയല്ലാത്തവര്‍ക്കു ഒരു സാംസ്‌ക്കാരിക പാഠമെന്ന നിലയില്‍ ആസ്വദിക്കുവാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇത്തരം കഥകളെ യാഥാര്‍ത്ഥ്യമെന്ന തരത്തില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ പ്രചരിപ്പിക്കുകയും അതിന് ഔദ്യോഗിക പരിവേഷം കിട്ടുകയും ചെയ്യുന്നത് ശാസ്ത്ര വിരുദ്ധവും ചരിത്രവിരുദ്ധവുമാണ്.
പ്ലാസ്റ്റിക് സര്‍ജറിയിലേക്കു തന്നെ വരാം. പരമശിവന്‍ തന്റെ ദിവ്യശക്തികൊണ്ട് സൃഷ്ടിച്ചതല്ല ഗണപതിയുടെ ആനത്തല എന്നും പുരാതന ഇന്ത്യയിലെ ഏതോ ഒരു പ്ലാസ്റ്റിക്ക് സര്‍ജന്‍ കൃത്രിമമായി നിര്‍മ്മിച്ചെടുത്തതാണെന്നുമുള്ള വിചിത്രവാദമാണ് വാസ്തവത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളിലെ ധ്വന്യാര്‍ത്ഥം.
ഗണപതിയുടെ തുമ്പിക്കൈ ബഷീറിന്റെ ‘വിശ്വവിഖ്യാതമായ മൂക്കി’ലെ മൂക്കന്റെ മൂക്കുപോലെ ഒര്‍ജിനലല്ല എന്നൊരു ധ്വനി കൂടി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പരോക്ഷമായുണ്ട്.
കൃത്രിമമായി, പ്ലാസ്റ്റിക് സര്‍ജറിയിലൂടെ നിര്‍മ്മിക്കപ്പെട്ട ഒരു ദൈവമാണ് ഗണപതി എന്ന അത്യന്തം വിശ്വാസികളെ അലട്ടേണ്ടുന്ന വാദം കൂടി മോദിയുടെ പ്ലാസ്റ്റിക് സര്‍ജറി വാദത്തില്‍ അന്തര്‍ലീനമായുണ്ട്. ഒരു ഹൈന്ദവ സംഘടനയും പ്രധാനമന്ത്രിയുടെ പ്ലാസ്റ്റിക് സര്‍ജറി വാദത്തിനെതിരെ പ്രതികരിച്ചു കണ്ടിട്ടില്ല. ഗണപതി ഭഗവാനെ സംരക്ഷിക്കാന്‍ നാമജപ പരിപാടിയുമായി ഇറങ്ങിത്തിരിച്ച സുകുമാരന്‍ നായര്‍ക്കും പ്രധാനമന്ത്രിയുടെ വാദത്തില്‍ ഒരു തെറ്റും തോന്നിയിട്ടില്ല.
സുകുമാരന്‍ നായര്‍ മുതല്‍ ഷംസീറിനെതിരെ ഉറഞ്ഞു തുള്ളുന്നവരുടെയെല്ലാം തനിനിറം പുറത്താകുന്നത് ഇവിടെയാണ്.
പ്രശ്‌നം ഷംസീര്‍ എന്ന പേരും അദ്ദേഹം ജനിച്ച മതവുമാണ്.
ഷംസീര്‍ ഒരു കമ്യുണിസ്റ്റുകാരനാണെന്നോ അദ്ദേഹം ശാസ്ത്രബോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഉല്‍ബുദ്ധരാക്കാന്‍ ബാധ്യസ്ഥനായ ഉത്തരവാദപ്പെട്ട പദവി വഹിക്കുന്ന ആളാണെന്ന വസ്തുതയോ അറിയാത്തവരല്ല ഇപ്പോള്‍ ഉറഞ്ഞു തുള്ളുന്നവര്‍.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 (A) ഇന്ത്യയിലെ ഓരോ പൗരന്റെയും കടമകളെ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. അതില്‍ എട്ടാമത്തേത്, ശാസ്ത്രീയതയും മാനവികതയും അന്വേഷണത്തിനും പരിഷ്‌ക്കാരത്തിനു മുള്ള മനോഭാവവും വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തവുമാണ്.
കേരള നിയമസഭാ സ്പീക്കര്‍ ഈ കടമയാണ് നിര്‍വഹിച്ചത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഒരൊറ്റ സംഘിക്കും മറുപടി പറയാന്‍ കഴിയാത്ത ഒരു ചോദ്യമുണ്ട്; ഷംസീര്‍ തന്റെ പ്രസംഗത്തില്‍ ഗണപതിയെ അപമാനിച്ച വാചകമെന്താണ്? ഈ ചോദ്യത്തിന് മുമ്പില്‍ എല്ലാ സംഘികളും സുകുമാരന്‍ നായരടക്കമുള്ളവരും കൃത്യമായ ഉത്തരം പറയാതെ ഉരുളുകയാണ് ചെയ്യുന്നത്.
മതവിശ്വാസത്തെയും അതിലടങ്ങിയ സങ്കല്‍പ്പ ധാരണകളെയും ശാസ്ത്രത്തെയും വേറിട്ടു കാണണം എന്നതാണ് പൊതുവായ ധാരണ. ആഗോള വ്യാപകമായി അംഗീകരിച്ചിട്ടുള്ള വസ്തുതയാണിത്. ഇവയെ കൂട്ടികുഴക്കുന്നതും ഒന്നിന്റെ കൂടെ മറ്റൊന്നിനെ പ്രതിഷ്ഠിക്കുന്നതും വിപരീത ഫലങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിക്കുക.
ഷംസീര്‍ തന്റെ പ്രഭാഷണത്തില്‍ പ്രസ്തുത കാഴ്ചപ്പാടാണ് ഊന്നിപ്പറഞ്ഞത്.
ഇക്കാര്യം സ്പീക്കര്‍ക്ക് എന്നല്ല, ഏതൊരു ഇന്ത്യന്‍ പൗരനും ഉറക്കെ പറയുവാന്‍ ഭരണഘടനാപരമായി അവകാശമുണ്ട്. ഇതേ സമയം, ഗണപതി ഭഗവാനെ കാക്കിനിക്കറും തവിട്ട് ബെല്‍റ്റും അണിയിച്ച് ആര്‍.എസ്.എസ് ഭടന്മാരെ പോലെ കുറുവടി പിടിപ്പിക്കുന്നതിനെതിരെ ശബ്ദിക്കുവാന്‍ യഥാര്‍ത്ഥ ഹിന്ദുമത വിശ്വാസികള്‍ക്കൊപ്പം ജനാധിപത്യ മതേതര സമൂഹത്തിന് ബാധ്യതയുണ്ട്.
CONTENT HIGHLIGHTS: Azeez Taruvana writes about A.N Shamseer’s statement related to Ganesha