| Friday, 23rd August 2024, 1:16 pm

മമ്മൂക്കയെ കാണുമ്പോൾ എനിക്ക് അത് തന്നെ ഓർമ വരും, ഞാൻ പേടിച്ചിട്ടുണ്ട്: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അസീസ് നെടുമങ്ങാട്. സിനിമയിൽ ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല വ്യത്യസ്ത വേഷങ്ങളും തനിക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് അസീസ്. കഴിഞ്ഞ വർഷം ഇറങ്ങി സൂപ്പർ ഹിറ്റായി മാറിയ കണ്ണൂർ സ്‌ക്വാഡും അന്വേഷിപ്പിൻ കണ്ടെത്തുവുമെല്ലാം അതിന് ഉദാഹരണമാണ്.

തന്റെ ചെറുപ്പത്തിൽ സിനിമകൾ കണ്ട ഓർമകൾ പങ്കുവെക്കുകയാണ് അസീസ്. അന്ന് നാട്ടിൽ ഒരാളുടെ വീട്ടിൽ മാത്രമേ ടി.വി ഉണ്ടായിരുന്നുവുള്ളൂവെന്നും അന്ന് കാണാൻ ആഗ്രഹിച്ച ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസെന്നും അസീസ് പറയുന്നു. കണ്ണൂർ സ്‌ക്വാഡിൽ അഭിനയിക്കുമ്പോഴൊക്കെ മമ്മൂട്ടിയെ നോക്കിയിരുന്നിട്ടുണ്ടെന്നും അസീസ് സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.

‘എന്റെയൊന്നും ചെറുപ്പത്തിൽ കേബിൾ ടി.വിയല്ല. ഏഷ്യാനെറ്റ്‌ പോലുള്ള കണക്ഷൻസും അന്നില്ല. ചെറിയ ഒരു റൂം എടുത്തിട്ട്, അവിടെ കാസറ്റൊക്കെ ഇട്ടിട്ടാണ് സിനിമ കാണുക. കുറച്ച് പേരുടെ വീട്ടിൽ മത്രമേ അതുള്ളൂ. അന്ന് ആശാൻ എന്ന് പറഞ്ഞ ഒരാളുടെ അടുത്ത് മാത്രമേ ആ സംഭവമുള്ളൂ.

എപ്പോഴും സിനിമയായിരുന്നു. പുള്ളി ആണുങ്ങളെ കയറ്റില്ലായിരുന്നു. എല്ലാവരും നല്ല വികൃതി പയ്യൻമാരല്ലേ. ഞങ്ങൾ ചെവിയൊക്കെ വെച്ചാണ് സിനിമയിലെ ഡയലോഗൊക്കെ കേൾക്കുക. അതെങ്കിലും കേൾക്കണ്ടേ.

അങ്ങനെയാണ് പപ്പയുടെ സ്വന്തം അപ്പൂസൊക്കെ ആദ്യമായി ഞാൻ അറിയുന്നത്. സ്നേഹത്തിന് പൂഞ്ചോല, എന്ന പാട്ടൊക്കെ അപ്പോഴാണ് കേട്ടത്.

കണ്ണൂർ സ്‌ക്വാഡിൽ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ നോക്കിയിരിക്കും. നമുക്ക് കിട്ടുന്ന ഒരു ഫീലുണ്ടല്ലോ. മമ്മൂക്ക അഭിനയിച്ച കഥാപാത്രങ്ങളാണ് നമ്മുടെ മുന്നിലൂടെ ഇങ്ങനെ മിന്നി മറഞ്ഞു പോവുന്നത്.

പക്ഷെ എപ്പോഴും അത് തന്നെ ഓർത്തുകൊണ്ടിരുന്നാൽ നമുക്ക് പിന്നെ അഭിനയിക്കാൻ പറ്റില്ല. അത് മറക്കണം. അതോർത്ത് ഞാൻ പേടിച്ചിട്ടുണ്ട്. അതിപ്പോൾ ലാലേട്ടൻ ആണെങ്കിലും, പെട്ടെന്ന് വന്ന് സുഖമല്ലേ എന്ന് ചോദിച്ചാലും നമുക്ക് പെട്ടെന്നൊന്നും പറയാൻ കഴിയില്ല,’അസീസ് നെടുമങ്ങാട് പറയുന്നു.

Content Highlight: Azeez Nedumangad Talk About Memories With Mammooty In Kannur Squad

We use cookies to give you the best possible experience. Learn more