‘ഹരിത’ വിവാദ കാലത്ത് നാം വിസ്മരിക്കുവാന്‍ പാടില്ലാത്ത ഒരു മഹതിയെക്കുറിച്ചാണ് ഈ കുറിപ്പ്. ഹരിതയും വനിതാ ലീഗും രൂപം കൊള്ളുന്നതിനു പതിറ്റാണ്ടുകള്‍ക്കുമുമ്പ്, പത്രാധിപയും പ്രസാധകയും മികച്ച സംഘാടകയും, സര്‍ സി.പി.യെ സധീരം വിമര്‍ശിച്ച പത്രമുടമയും, നവോത്ഥാന നായികയും ഉജ്ജ്വലപ്രഭാഷകയും സ്വാതന്ത്ര്യസമര സേനാനിയുമൊക്കെയായിരുന്ന, തിരുവല്ല താലൂക്ക് മുസ്‌ലിം ലീഗ് സെക്രട്ടറിയായിരുന്ന എം. ഹലീമാബീ (1918-2OOO)വിയെന്ന ബഹുമുഖ പ്രതിഭയെ എത്ര പേര്‍ക്കറിയാം.
കേരളീയ നവോത്ഥാന ചരിത്രത്തിലെ വിശിഷ്യ, മുസ്‌ലിം മതപരിഷ്‌കരണ ചരിത്രത്തിലെ അദ്വിതീയ വനിതാ സാന്നിധ്യമാണ് ഹലീമാബീവി. ഹലീമാ ബീവിയുടെ സംഭാവനകളെപ്പറ്റി അക്കാദമിക് പഠനങ്ങള്‍ ഒട്ടേറെയുണ്ടായിട്ടുണ്ടെങ്കിലും ഇന്നും നവോത്ഥാനത്തെക്കുറിച്ചുള്ള പൊതുമണ്ഡല ചര്‍ച്ചകളിലും സംവാദങ്ങളിലും ഈ പേര് ഏറെയൊന്നും പരാമര്‍ശിക്കപ്പെടാറില്ല എന്നതാണ് വസ്തുത.
1918 നവംബര്‍ 29ന് പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് ഹലീമാബീവി ജനിച്ചത്. തിരുവിതാംകൂറില്‍ നിന്ന് ആദ്യമായി ഹിന്ദി രാഷ്ട്ര ഭാഷാ വിശാരദ് പരീക്ഷ പാസായ മൈതീന്‍ബീവിയും ഉല്‍പതിഷ്ണുവായ പീര്‍മുഹമ്മദുമാണ് മാതാപിതാക്കള്‍. വക്കം മൗലവിയുടെ ശിഷ്യനും അന്‍സാരി മാസികയുടെ പത്രാധിപരുമായ കെ.എം. മുഹമ്മദ് മൗലവിയായിരുന്നു ഭര്‍ത്താവ്. പതിനേഴാം വയസ്സിലായിരുന്നു വിവാഹം. കെ.എം. മുഹമ്മദ് മൗലവിയുമായുള്ള വിവാഹമാണ് ഹലീമാബീവിയുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും വഴിത്തിരിവായത്.
അടൂര്‍ എന്‍.എസ്.എസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവിടെ പ്രവര്‍ത്തിച്ചിരുന്ന എന്‍.എസ്.എസിന്റെ വനിതാസമാജം ഹലീമാബീവിയെ ഏറെ ആകര്‍ഷിക്കുകയുണ്ടായി. അതിന്റെ മാതൃകയില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ സംഘടനയുണ്ടാക്കണമെന്നും അതിലൂടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധവത്കരിക്കണമെന്നും സമുദായത്തില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടണമെന്നും അവര്‍ ആഗ്രഹിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തന്റെ ഇരുപതാമത്തെ വയസ്സില്‍ അവര്‍ തിരുവല്ലയില്‍ ഒരു വനിതാസമ്മേളനം നടത്തി. ആ സമ്മേളനത്തില്‍ 200ലേറെ സ്ത്രീകള്‍ പങ്കെടുക്കുകയുണ്ടായി. ഇത് മുസ്‌ലിം നവോത്ഥാനചരിത്രത്തിലെ ആദ്യ വനിതാ സമ്മേളനമാണ്. ഈ വര്‍ഷം പ്രസ്തുത സമ്മേളനത്തിന്റെ എണ്‍പത്തി മൂന്നാം വാര്‍ഷികം കൂടിയാണ്.
സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം മുസ്‌ലിം വനിതകള്‍ക്കായി ഒരു സംഘടനയുണ്ടാക്കുകയും അതിന് എല്ലാ കലാലയങ്ങളിലും യൂനിറ്റുകള്‍ തുടങ്ങുകയും ചെയ്യുക എന്നതുമായിരുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ ഫീസ് റദ്ദാക്കുക, പെണ്‍കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കുക, അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് ഉദ്യോഗം നല്‍കുക എന്നിവയായിരുന്നു സമ്മേളനം അംഗീകരിച്ച മറ്റുചില പ്രമേയങ്ങള്‍.
സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തില്‍ ഹലീമാബീവി ഇങ്ങനെ പറഞ്ഞു:
”അസ്വാതന്ത്ര്യ കാരാഗാരത്തില്‍ വലയുന്ന സ്ത്രീകളുള്ള സമുദായത്തിലെ പുരുഷന്മാര്‍ക്ക് ഒരിക്കലും അവരുടെ പ്രവൃത്തികളുടെ സുന്ദരമായ ഫലം അനുഭവിക്കുന്നതിനു സാധിക്കയില്ല, ഭാവി പൗരന്മാരുടെ ധിഷണാ വിലാസത്താല്‍ ഉത്തരോത്തരം പ്രശോഭനമായി തീരേണ്ടുന്ന ലോകം കേവലം ഭൂഭാരത്തിനു മാത്രം അവശേഷിക്കുന്ന യുവാക്കളെയും ശിശുക്കളെയും ആരാധിച്ചുകഴിയണമെന്നു വന്നാല്‍ അത് പ്രകൃത്യാ നിഷ്പ്രഭമായിത്തീര്‍ന്നുപോകും. അവരെ ചുമതലാബോധമുള്ളവരും വിവേകികളും വിജ്ഞാനികളും ആക്കിത്തീര്‍ക്കേണ്ട ഭാരം ആര്‍ക്കാണുള്ളതെന്നും അല്‍പം ആലോചിച്ചുനോക്കുവിന്‍…”
സമ്മേളനത്തില്‍ രൂപംകൊണ്ട അഖില തിരുവിതാകൂര്‍ മുസ്‌ലിം വനിത സമാജം എന്ന സംഘടനക്ക് തിരുവിതാംകൂറില്‍ പലേടത്തും പിന്നീട് യൂനിറ്റ് കമ്മിറ്റികള്‍ രൂപവത്കരിക്കപ്പെട്ടു. ആയിരത്തിലേറെ മുസ്‌ലിം സ്ത്രീകള്‍ ഈ സംഘടനയില്‍ അംഗത്വമെടുത്തതായാണ് കണക്ക്. തുടര്‍ന്ന് സംഘടനയുടെ ചെറുതും വലുതുമായ ഒട്ടേറെ സമ്മേളനങ്ങള്‍ നടന്നു. തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലേയും മുസ്‌ലിം സ്ത്രീകളില്‍ സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കുന്നതിലും ശാക്തീകരണത്തിലും ഈ വനിതാകൂട്ടായ്മ വഹിച്ച പങ്ക് ചെറുതല്ല.
അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സ്ത്രീസമൂഹത്തെ രക്ഷിക്കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക തുടങ്ങിയ തന്റെ നവോത്ഥാന, പരിഷ്‌കരണ സ്വപ്നങ്ങള്‍ സഫലീകരിക്കുന്നതിനുവേണ്ടി ഹലീമാബീവി കണ്ട രണ്ടു മാര്‍ഗങ്ങള്‍ പത്രപ്രവര്‍ത്തനവും പ്രഭാഷണവുമായിരുന്നു. അതിനായി ഹലീമാബീവിയുടെ പത്രാധിപത്യത്തില്‍ മുസ്‌ലിം വനിത(1938), ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പ് (1946), ഭാരതചന്ദ്രിക ദിനപത്രം(1947), ആധുനികവനിത(1970) എന്നീ പത്രമാസികകള്‍ നടത്തുകയുണ്ടായി.
ഹലീമാബീവി മാനേജിങ് എഡിറ്ററും പബ്ലിഷറുമായിരുന്ന ഭാരതചന്ദ്രികയില്‍ വൈക്കം മുഹമ്മദ് ബഷീര്‍, വക്കം അബ്ദുല്‍ ഖാദര്‍, വെട്ടൂര്‍ രാമന്‍നായര്‍ എന്നിവര്‍ സബ് എഡിറ്റര്‍മാരായിരുന്നു. ബഷീറിന്റെ പാത്തുമ്മയുടെ ആട്, വിശുദ്ധരോമം, നീലവെളിച്ചം എന്നിവ ആദ്യം അച്ചടിമഷി പുരണ്ടത് ഭാരതചന്ദ്രികയിലാണ്. ചങ്ങമ്പുഴ, പൊന്‍കുന്നം വര്‍ക്കി, ബാലാമണിയമ്മ, പി.എ. സെയ്ദ് മുഹമ്മദ്, ഒ.എന്‍.വി. കുറുപ്പ്, എസ്. ഗുപ്തന്‍നായര്‍ തുടങ്ങി അക്കാലഘട്ടത്തിലെ മുന്‍നിര എഴുത്തുകാരില്‍ പലരും ഭാരതചന്ദ്രികയില്‍ എഴുതിയിട്ടുണ്ട്.
ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പിന് വന്‍ സ്വീകാര്യത കിട്ടിയതേടെ ഒരു പത്രം തുടങ്ങാന്‍ പലരും ഹലീമാബീവിയെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഭാരതചന്ദ്രിക ദിനപത്രം ആരംഭിച്ചത്. ഭാരതചന്ദ്രികയില്‍ സര്‍ സി.പിയുടെ ഭീകര ഭരണത്തിനെതിരെ തുറന്നെഴുതിയതുകാരണം ഹലീമാബീവിക്കു കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഒരുഘട്ടത്തില്‍ തനിക്കനുകൂലമായി എഴുതിയാല്‍ മേത്തരം പ്രിന്റിങ് മെഷീന്‍ ജപ്പാനില്‍നിന്ന് വരുത്തിത്തരാമെന്ന വാഗ്ദാനവുമായി സര്‍ സി.പിയുടെ ദൂതര്‍ ഹലീമാബീവിയെ സമീപിച്ചു. വാഗ്ദാനം നിരസിച്ചതോടെ ഭര്‍ത്താവ് മുഹമ്മദ് മൗലവിയുടെ ടീച്ചിങ് ലൈസന്‍സ് റദ്ദാക്കി സര്‍ സി.പി പ്രതികാരം ചെയ്തു. ഇക്കാലത്ത് കെ.എം. മാത്യുവിനും മറ്റും ലഘുലേഖകളും നോട്ടീസുകളും അതി രഹസ്യമായി ഭാരതചന്ദ്രികയില്‍ നിന്ന് കാമ്പോസിങ്ങും പ്രിന്റിങ്ങും ചെയ്തു കൊടുത്തിരുന്നുവത്രെ. മലയാള മനോരമ ദിനപത്രം നിരോധിക്കപ്പെട്ട ഘട്ടമായിരുന്നു അത്.
ഭാരതചന്ദ്രിക ദിനപത്രത്തിന് ഏറെക്കാലം പിടിച്ചുനില്‍ക്കാനായില്ല. സാമ്പത്തിക പരാധീനതകള്‍മൂലം 1949ല്‍ പൂട്ടി. അതോടെ പത്രപ്രവര്‍ത്തന രംഗത്തുനിന്ന് താല്‍ക്കാലികമായി അവര്‍ വിടവാങ്ങുകയും സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ സജീവമാവുകയും ചെയ്തു. 1953ല്‍ കൊച്ചിയില്‍ നടന്ന മുജാഹിദ് വനിത സമ്മേളനത്തിലും 1956ല്‍ കോഴിക്കോട് ഇടിയങ്ങരയില്‍ നടന്ന മുജാഹിദ് പൊതുസമ്മേളനത്തിലും ഹലീമാബീവി നടത്തിയ പ്രഭാഷണങ്ങള്‍ ഏറെ പ്രസിദ്ധമാണ്. എറണാകുളത്ത് ഇന്ദിര ഗാന്ധി പങ്കെടുത്ത ഒരു സമ്മേളനത്തില്‍ ഹലീമാബീവി നടത്തിയ ഉജ്ജ്വലപ്രഭാഷണം അവര്‍ എന്നും ഓര്‍ക്കാറുണ്ടായിരുന്നുവെന്ന് മകള്‍ അന്‍സാര്‍ ബീഗം പറയുന്നു.
നീണ്ട ഇടവേളക്കുശേഷം 1970ല്‍ ഹലീമാബീവി പത്രപ്രവര്‍ത്തനത്തിലേക്കു തിരിച്ചുവന്നു. ആധുനികവനിത എന്ന പേരില്‍ പെരുമ്പാവൂരില്‍ നിന്ന് ഒരു മാസിക ഹലീമാബീവി മുഖ്യപത്രാധിപരായി ആരംഭിച്ചു. വീടും പറമ്പും വിറ്റാണ് അതിനുള്ള പണം അവര്‍ സ്വരൂപിച്ചത്. ഫിലോമിന കുര്യന്‍, ബി.സുധ, കെ.കെ. കമലാക്ഷി, എം. റബീഗം, ബേബി ജെ. മുരിക്കന്‍ എന്നിവരായിരുന്നു ആധുനിക വനിതയുടെ പത്രാധിപസമിതി അംഗങ്ങള്‍.
ലേഖനം, നോവല്‍ എന്നിവയെല്ലാം പ്രസിദ്ധീകരിച്ചിരുന്ന സാഹിത്യസാംസ്‌കാരിക മാസികയായിരുന്നു ‘ആധുനികവനിത’. സി. അച്യുതമേനോന്‍, സി.എച്ച്. മുഹമ്മദ്‌കോയ, കെ.എം. ജോര്‍ജ്, കെ. അവുക്കാദര്‍കുട്ടിനഹ, ബാലാമണിയമ്മ, ഡോ. പി.കെ. അബ്ദുല്‍ഗഫൂര്‍, അബുസബാഹ് മൗലവി, പി.എ. സെയ്ദ്മുഹമ്മദ്, കെ.എം. ചെറിയാന്‍ എന്നിവര്‍ ആദ്യലക്കത്തില്‍ ആശംസകള്‍ അര്‍പ്പിച്ചവരില്‍ ചിലരാണ്. മാനേജിങ് എഡിറ്റര്‍, സഹപത്രാധിപന്മാര്‍, പ്രിന്റര്‍, പബ്ലിഷര്‍ എന്നിവരെല്ലാം വനിതകളായിരുന്നെന്നൊരു പ്രത്യേകതകൂടി ആധുനികവനിതക്കുണ്ട്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെയെല്ലാം രചനകള്‍ പ്രസിദ്ധീകരിച്ചിരുന്ന ആധുനിക വനിത കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം 1971 ല്‍ പ്രസിദ്ധീകരണം നിര്‍ത്തി.
കേരളത്തില്‍ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പേ സ്ത്രീകളെ സംഘടിപ്പിച്ച്, അവരെ ശാക്തീകരിക്കുന്നതിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ഹലീമാബീവി ഉത്തരവാദിത്ത പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും ഹലീമാബീവി സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. വനിതാലീഗ് രൂപംകൊള്ളുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് തിരുവല്ല താലൂക്ക് മുസ്‌ലിം ലീഗ് സെക്രട്ടറിയായിട്ടുണ്ട് ഹലീമാബീവി. ധാരാളം സ്ത്രീകള്‍ അന്ന് തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മുസ്‌ലിംലീഗില്‍ സജീവമായി പ്രവര്‍ത്തിക്കുകയും കമ്മിറ്റികളില്‍ അംഗങ്ങളാവുകയും ചെയ്തിരുന്നു.
ഹലീമാബീവി രൂപവത്കരിച്ച വനിതാസമാജത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്. അവസാനകാലത്ത് കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഹലീമാബീവി എറണാകുളം ഡി.സി.സി അംഗവും സേവാദള്‍ കോണ്‍ഗ്രസിന്റെ എക്‌സിക്യൂട്ടിവ് അംഗവുമായിരുന്നു. അഞ്ചുവര്‍ഷക്കാലം തിരുവല്ല നഗരസഭ കൗണ്‍സിലറായിട്ടുണ്ട്. നവോത്ഥാനവും സ്ത്രീവിമോചനവും സജീവ വിഷയമായ വര്‍ത്തമാനകാലത്ത് ഈ രണ്ടുകാര്യത്തിലും മുമ്പേ സഞ്ചരിച്ച ഹലീമാബീവിയെ തമസ്‌കരിക്കുന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: All about Haleema Beevi – Muslim Women Leader