| Tuesday, 13th August 2024, 12:01 pm

എന്റെ ആത്മീയ ഗുരുവും ഗോഡ് ഫാദറും സുരാജാണ്: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആക്ഷന്‍ ഹീറോ ബിജു, വണ്‍, ജയ ജയ ജയ ജയ ഹേ, മിന്നല്‍ മുരളി, സി.ബി.ഐ 5: ദ ബ്രെയിന്‍, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അസീസ് നെടുമങ്ങാട്. ടെലിവിഷന്‍ പരിപാടികളില്‍ ഹാസ്യ നടനായാണ് അസീസിന്റെ തുടക്കം. തുടക്കകാലത്ത് ഹാസ്യ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചിരുന്ന അസീസ് ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിയന മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

സുരാജ് വെഞ്ഞാറമൂടിന്റെ ട്രൂപ്പ് അന്നത്തെ കാലത്ത് വളരെ പ്രശസ്തമായിരുന്നെന്നും ആ ട്രൂപ്പിന്റെ വണ്ടിയില്‍ കേറുന്നത് തന്നെ തനിക്ക് വല്ലാത്തൊരു ഫീലായിരുന്നെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അസീസ് നെടുമങ്ങാട് പറയുന്നു.

‘ഞാന്‍ സുരാജിന്റെ ട്രൂപ്പിലാണെന്ന് നാട്ടില്‍ കള്ളം പറയും. കാരണം സുരാജിന്റെ ട്രൂപ്പ് ഒക്കെ അന്ന് വളരെ ഫേമസ് ആണ്. ആളുകള്‍ സുരാജിന്റെ ട്രൂപ്പിന്റെ പ്രോഗ്രാം ആണെന്ന് അറിഞ്ഞാല്‍ എല്ലാ തിരക്കുകളും ഒഴുവാക്കി പ്രോഗ്രാം കാണാന്‍ വരുമായിരുന്നു.

നമ്മുടെ പരുപാടികള്‍ക്കൊക്കെ കുറച്ചാളുകളായിരിക്കും കാണാന്‍ ഉണ്ടാകുക. എന്നാല്‍ സുരാജ് പരിപാടി തുടങ്ങി കഴിഞ്ഞാല്‍ അമ്പലപ്പറമ്പ് നിറയെ കാണികളായിരിക്കും.

സുരാജ് വെഞ്ഞാറമൂടിന്റെ ട്രൂപ്പിന്റെ പേരായിരുന്നു ഡിസ്‌കവറി. ഡിസ്‌കവറിയുടെ വണ്ടി പോകുന്നത് തന്നെ കാണാന്‍ നല്ല രസമാണ്. സിനിമാക്കാരുടെ വണ്ടിയൊക്കെ പോകുന്നത് പോലെ. ആ ട്രൂപ്പിലെ ഒന്ന് രണ്ടു പേരെ അറിയുന്നതുകൊണ്ട് ജംഗ്ഷനില്‍ വെച്ചെല്ലാം ആ വണ്ടിയില്‍ കേറി പോകും. അതില്‍ ഇരിക്കുന്നത് തന്നെ വല്ലാത്തൊരു ഫീലാണ്,’ അസീസ് നെടുമങ്ങാട് പറയുന്നു.

താന്‍ മാതൃകയാക്കിയ വ്യക്തി സുരാജ് വെഞ്ഞാറമൂടാണെന്നും, സുരാജ് തനിക്ക് ഒരു ആത്മീയ ഗുരുവിനെ പോലെ ആണെന്നും അസീസ് നെടുമങ്ങാട് കൂട്ടിച്ചേര്‍ത്തു.

‘എന്റെ ഒരു ആത്മീയ ഗുരു അല്ലെങ്കില്‍ ഗോഡ് ഫാദര്‍ എന്നൊക്കെ പറയുന്നത് സുരാജാണ്. നമുക്ക് എന്തെങ്കിലുമൊക്കെ ആകണം എന്ന് തോന്നുന്നത് സുരാജിനെ കണ്ടിട്ടാണ്,’ അസീസ് നെടുമങ്ങാട് പറയുന്നു.

Content Highlight:  Azees Nedumangad Talks  About Suraj Venjaramoodu

We use cookies to give you the best possible experience. Learn more