|

ഹിന്ദി അറിയാത്തത് കൊണ്ട് ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നില്ല; റീല്‍സ് കോമഡികള്‍ക്ക് ഇപ്പോള്‍ ആസ്വാദകരുണ്ട്: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആക്ഷന്‍ ഹീറോ ബിജു, വണ്‍, ജയ ജയ ജയ ജയ ഹേ, മിന്നല്‍ മുരളി, തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അസീസ് നെടുമങ്ങാട്. ടെലിവിഷന്‍ പരിപാടികളില്‍ ഹാസ്യ നടനായാണ് അസീസിന്റെ തുടക്കം. തുടക്കകാലത്ത് ഹാസ്യ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചിരുന്ന അസീസിന് ഒരു ബ്രേക്ക് ത്രൂ നേടികൊടുത്ത ചിത്രമായിരുന്നു 2023 ല്‍ പുറത്ത് വന്ന മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്.

പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2024 പുറത്തിറങ്ങിയ വാഴ എന്ന ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാന്‍സില്‍ പുരസ്‌കാരം സ്വന്തമാക്കിയ പായല്‍ കപാഡിയ ചിത്രം ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റില്‍ അസീസ് ഒരു ്ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ഇപ്പോള്‍ കരിയറില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും ഈ കാലഘട്ടത്തില്‍ മാറി വരുന്ന ആസ്വാദന ശൈലിയെ കുറിച്ചും സംസാരിക്കുകയാണ് അസീസ് നെടുമങ്ങാട്.

ദൈവാധീനം കൊണ്ടും ഭാഗ്യം കൊണ്ടുമൊക്കെയാണ് ഒരുപാട് വേഷങ്ങളില്‍ തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞതെന്നും ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തില്‍ തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും അസീസ് പറയുന്നു. ഹിന്ദി അറിയാത്ത ഒരു ഡോക്ടര്‍ ആയതിനാല്‍ സിനിമയില്‍ തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും വാഴയില്‍ താന്‍ ചെയ്തത് കുറച്ച് റിസ്‌ക്കുള്ള കഥാപാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ ആസ്വദാന ശൈലികള്‍ മാറി കൊണ്ടിരിക്കുകയാണന്നും പണ്ട് കാലത്ത് ഉണ്ടായിരുന്ന തമാശകള്‍ അല്ല ഈ കാലഘട്ടത്തിലെ കുട്ടികള്‍ ആസ്വദിക്കുന്നതെന്നും അസീസ് പറയുന്നു. റീല്‍സിലും മറ്റുമുള്ള കുട്ടികളാണ് ഇപ്പോള്‍ സിനിമയില്‍ താരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അസീസ്.

‘എല്ലാം തന്നെ മഹാഭാഗ്യമാണ്. ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ട കാര്യമില്ലായിരുന്നു. കാരണം ഹിന്ദി അറിയാത്തൊരു ഡോക്ടര്‍ ആയിരുന്നു. അതുകൊണ്ട് ഹിന്ദി അറിയത്തില്ലാത്തതുകൊണ്ട് ഞാന്‍ അഭിനയിച്ചില്ല. അതില്‍ ജീവിക്കുകയായിരുന്നു. പിന്നെ വാഴയില്‍ കുറച്ച് റിസ്‌ക് പിടിച്ച ഒരു കഥാപാത്രമായിരുന്നു. ഇപ്പോള്‍ മനുഷ്യന്മാരുടെ ആസ്വാദനശൈലിയൊക്കെ മാറി കൊണ്ടിരിക്കുകയാണ്. പണ്ട് ബഹുദൂര്‍ സാറൊക്കെ ചെയ്തിരുന്ന കോമഡികളല്ല, ഈ കാലഘട്ടത്തിലെ കുട്ടികള്‍ ആസ്വദിക്കുന്നത്.

പിന്നീട് ജഗദീഷ് ഏട്ടന്‍, സലീം ഏട്ടന്‍, സുരാജേട്ടന്‍ ഈ ആര്‍ട്ടിസ്റ്റുകളുടെ കോമഡികളായിരുന്നു ഒരുകാലത്ത്. അതിന് ശേഷമാണ് നമ്മുടെ കാലഘട്ടത്തിലെ കോമഡികള്‍ വരുന്നത്. റീല്‍സില്‍ ഇപ്പോള്‍ കാണുന്ന കോമഡികളുടെ ആസ്വാദന ശൈലിയല്ല നമ്മുടെ കോമഡികള്‍ക്ക്. ഈ കാലത്ത് റീല്‍സ് കോമഡികളാണ് എല്ലാവരും ഹിറ്റാക്കി കൊണ്ടിരിക്കുന്നത്. അവരൊക്കെയാണ് ഇപ്പോള്‍ സിനിമാതാരങ്ങള്‍. എല്ലാ സിനിമയിലും റീല്‍സ് ചെയ്യുന്ന പയ്യന്മാരാണ്. ആസ്വദാന ശൈലികള്‍ മാറി കൊണ്ടിരിക്കുകയാണ്,’ അസീസ് നെടുമങ്ങാട് പറയുന്നു.

Content Highlight: Azees nedumangad talks  about his role in all we imagine as light and  people’s changing taste preferences.

Latest Stories

Video Stories