| Tuesday, 13th August 2024, 11:00 am

കാന്‍ അവാര്‍ഡൊക്കെ ഞാന്‍ അപ്പോഴേ വിട്ടു; ആനപ്പുറത്ത് ഇരുന്നു, ഇനി ഞാന്‍ ഇറങ്ങില്ല എന്ന് പറഞ്ഞാല്‍ ശരിയാവില്ലല്ലോ: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ഹാസ്യ താരമായി വന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് അസീസ് നെടുമങ്ങാട്. ജയ ജയ ജയ ജയ ഹേ, മിന്നല്‍ മുരളി, സിബിഐ 5: ദ ബ്രെയിന്‍, ആക്ഷന്‍ ഹീറോ ബിജു തുടങ്ങി മുപ്പതോളം മലയാള സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അസീസ് നെടുമങ്ങാട് അഭിനയിച്ചിട്ടുണ്ട്.

പായല്‍ കപാഡിയ രചനയും സംവിധാനവും നിര്‍വഹിച്ച് 2024-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഇന്ത്യ, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര കമ്പനികള്‍ ചേര്‍ന്നാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

ഫ്രാന്‍സിലെ കാന്‍സില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ആയ കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ രണ്ടാമത്തെ വലിയ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ചിത്രമാണ് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമ കൂടിയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സിനിമയുടെ ഭാഗമായിരുന്നു അസീസ് നെടുമങ്ങാട്. അവാര്‍ഡ് നേടിയപ്പോള്‍ എല്ലാവരും വിളിച്ച് പ്രശംസിച്ചെന്നും എന്നാല്‍ താന്‍ ഇപ്പോള്‍ അവാര്‍ഡിന്റെ കാര്യമൊന്നും ഓര്‍ക്കാറെ ഇല്ലെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അസീസ് നെടുമങ്ങാട് പറയുന്നു.

‘കാന്‍സ് അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചു. പൃഥ്വിരാജ് എല്ലാം വിളിച്ചിരിക്കുന്നു. പക്ഷെ അവാര്‍ഡിന്റെ കാര്യമെല്ലാം ഞാന്‍ അപ്പോഴേ മറന്നു. അതുതന്നെ ആലോചിച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ല. അടുത്തതെന്താണെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. പണ്ട് ആനപ്പുറത്ത് ഇരുന്നു ഇനി ഞാന്‍ ഇറങ്ങില്ല എന്ന് പറഞ്ഞിരിക്കാന്‍ കഴിയില്ലലോ. ഇനി വരാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ആലോചിക്കുക.

ചെയ്തതിനുള്ളത് കിട്ടി. അടുത്തത് നന്നായി ചെയ്യുക, അതിന് അപ്രിസിയേഷന്‍ വാങ്ങുക, ഇതെല്ലാമാണ് ഇപ്പോള്‍ എന്റെ ചിന്തയിലുള്ളത്. പഴയത് തന്നെ ഓര്‍ത്തുകൊണ്ടിരുന്നാല്‍ ഇവിടെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല,’അസീസ് നെടുമങ്ങാട് പറയുന്നു.

Content Highlight: Azees Nedumangad Talks About All We Imagine As Light And Cannes Film Festival

We use cookies to give you the best possible experience. Learn more