| Tuesday, 13th August 2024, 2:56 pm

ടൊവിനോക്ക് ഈഗോ തോന്നേണ്ടെന്ന് കരുതി ഞാന്‍ അങ്ങനെ പറഞ്ഞു, ഒടുക്കം അവന് തന്നെ അത് പണിയായി: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് അസീസ് നെടുമങ്ങാട്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം വന്നുപോകുന്ന റോളുകളാണ് അസീസിന് കൂടുതലാും ലഭിച്ചത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ജയ ജയ ജയ ജയഹേയിലെ അനി എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡില്‍ അതുവരെ കാണാത്ത അസീസിനെയായിരുന്നു കണ്ടത്.

കോമഡിയുടെ യാതൊരു ഷേഡുമില്ലാത്ത ജോസ് എന്ന കഥാപാത്രം അസീസിന്റെ കരിയര്‍ മാറ്റിമറിച്ചു. ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചും അസീസ് ഞെട്ടിച്ചു. ടൊവിനോയൊടൊപ്പം നടത്തിയ ഇസ്രഈല്‍ യാത്രയുടെ അനുഭവം പങ്കുവെക്കുകയാണ് അസീസ്.

എയര്‍പോര്‍ട്ടിലെ സ്റ്റാഫുകള്‍ സെക്യൂരിറ്റി ചെക്കിങ്ങിന്റെ ഭാഗമായി തങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചെന്നും എന്നാല്‍ ഇംഗ്ലീഷ് അറിയാത്തതിനാല്‍ താന്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാതെ നിന്നെന്നും അസീസ് പറഞ്ഞു. ടീം ലീഡര്‍ ആരെന്ന് അവിടത്തെ സ്റ്റാഫ് ചോദിച്ചപ്പോള്‍ താന്‍ ടൊവിനോയുടെ പേര് പറഞ്ഞെന്നും പിന്നീട് അവര്‍ ടൊവിനോയെ നാല് മണിക്കൂറിനടുത്ത് ചോദ്യം ചെയ്തുവെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

തിരിച്ചുവന്ന ടൊവിനോ എന്തിനാണ് തന്റെ പേര് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഈഗോ തോന്നണ്ടെന്ന് കരുതിയാണെന്ന് മറുപടി നല്‍കിയെന്നും അസീസ് പറഞ്ഞു. പുതിയ ചിത്രമായ വാഴയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അസീസ് ഇക്കാര്യം പറഞ്ഞത്.

‘ഈസ്രഈല്‍ ട്രിപ്പില്‍ ഞാനും ടൊവിനോയുടൊപ്പമുണ്ടായിരുന്നു. തിരിച്ചു വരുന്ന സമയത്ത് എയര്‍പോര്‍ട്ടില്‍ വെച്ച് ഞങ്ങളെ കുറെ നേരം ചോദ്യം ചെയ്തു. എന്നെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്തു. എനിക്ക് ഇംഗ്ലീഷറിയില്ലെന്ന് ആദ്യമേ പറഞ്ഞൊപ്പിച്ചു. അവര്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് അറിയാവുന്ന ഭാഷയില്‍ മറുപടി പറഞ്ഞു.

കുറച്ച് കഴിഞ്ഞ് ‘ആരാണ് നിങ്ങളുടെ ടീം ലീഡര്‍’ എന്ന് ചോദിച്ചു. ടൊവിനോ തോമസെന്ന് ഞാന്‍ പറഞ്ഞു. ടൊവിയോട് വരാന്‍ പറഞ്ഞിട്ട് എന്നോട് പെയ്‌ക്കോളാന്‍ പറഞ്ഞു. നാല് മണിക്കൂര്‍ അവര്‍ ടൊവിനോയെ ചോദ്യം ചെയ്തു. പുറത്തിറങ്ങിയിട്ട് ടൊവിനോ എന്റെയടുത്തേക്ക് വന്നിട്ട് ‘നിങ്ങളെന്തിനാ ഞാനാണ് ടീം ലീഡറെന്ന് പറയാന്‍ പോയത്’ എന്ന് ചോദിച്ചു. ‘ഞാനാണ് ടീം ലീഡറെന്ന് പറഞ്ഞാല്‍ നിനക്ക് ഈഗോയടിക്കില്ലേ’ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു,’ അസീസ് പറഞ്ഞു.

Content Highlight: Azees Nedumangad shares a memory with Tovino Thomas

We use cookies to give you the best possible experience. Learn more