രാജേഷിന് ' ബുദ്ധി ഉപദേശിക്കുന്ന ' ആര്‍ഷഭാരത സംസ്‌കാരവാദി; ജയഹേയില്‍ കയ്യടി നേടി അസീസ് നെടുമങ്ങാട്
Movie Day
രാജേഷിന് ' ബുദ്ധി ഉപദേശിക്കുന്ന ' ആര്‍ഷഭാരത സംസ്‌കാരവാദി; ജയഹേയില്‍ കയ്യടി നേടി അസീസ് നെടുമങ്ങാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd November 2022, 12:01 pm

ദര്‍ശന രാജേന്ദ്രനേയും ബേസില്‍ ജോസഫിനേയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ദാസ് ഒരുക്കിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ഒരു പെണ്‍കുട്ടി തന്റെ കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന വെല്ലുവിളികളും അരക്ഷിതാവസ്ഥയും വരച്ചുകാട്ടുന്ന ചിത്രമാണ് ജയഹേ. തമാശയിലൂടേയും ആക്ഷേപ ഹാസ്യത്തിലൂടെയും കഥ പറയുന്ന ചിത്രം പ്രേക്ഷകനെ ഓരോ ഘട്ടത്തിലും ചിരിപ്പിക്കുകയും അടുത്ത സെക്കന്റില്‍ ചിന്തിപ്പിക്കുകയുമാണ്. തിയേറ്ററിലെ വലിയ വിജയത്തിന് ശേഷം ഒ.ടി.ടിയില്‍ ചിത്രം സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്.

സിനിമയില്‍ എത്തുന്ന ഓരോ കഥാപാത്രത്തിനും അവരുടേതായ ഒരു ഐഡന്റിന്റി സംവിധായകന്‍ നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ചിത്രത്തില്‍ എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ് രാജേഷിന്റെ ബന്ധുവായ അനിയണ്ണന്‍. ഒരു ആര്‍ഷഭാരത സംസ്‌കാര വാദിയായാണ് അനി എന്ന കഥാപാത്രത്തെ സിനിമയില്‍ പ്ലേസ് ചെയ്തിരിക്കുന്നത്. അസീസ് നെടുമങ്ങാടാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയുടെ തുടക്കം മുതല്‍ തന്നെ അനിയണ്ണന്റെ സ്വഭാവം പൂര്‍ണമായും പ്രേക്ഷകന് കിട്ടും. ജയയെ വിവാഹമാലോചിക്കാനായി രാജേഷിനൊപ്പം എത്തുന്നതുമുതല്‍ രാജേഷിന്റെ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന, രാജേഷിനെ നല്ലവനാക്കാന്‍ ശ്രമിക്കുന്ന ബന്ധുവാണ് ഇയാള്‍.

ജയയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍, ‘എല്ലാ തവണയും പറയുന്നതുപോലെയല്ല ഇത്തവണ ഇന്ത്യ എന്തായാലും ലോകത്തിന് മുന്‍പില്‍ എത്തുമെന്ന ഒരു ഡയലോഗ് ഇയാള്‍ പറയുന്നുണ്ട്. പെട്രോളിന് വില കൂടിയോ എന്തോ എന്ന ഒരു ഡയലോഗ് കൂടി പറയിപ്പിച്ച് അനിയണ്ണന്റെ രാഷ്ട്രീയം പ്രേക്ഷകന് പരിചയപ്പെടുത്തുകയാണ് സംവിധായകന്‍.

കയ്യില്‍ ചരടും കൈവിരലുകളില്‍ മോതിരവും ചുവന്നകുറിയും മിക്കപ്പോഴും കാവി കളര്‍ ഷര്‍ട്ടോ മുണ്ടോ ഉടുത്തുവരുന്ന കഥാപാത്രമാണ് അനിയുടേത്. ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ വെച്ച് രാജേഷിന് ‘ബുദ്ധി’ ഉപദേശിച്ചുനല്‍കുന്ന ഇയാള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ രാജേഷിന്റെ മനസില്‍ വിഷം കുത്തിവെക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ആളാണ്.

ജയയ്ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ ഇനിയൊരു രക്ഷയുമില്ലെന്ന് അറിഞ്ഞ് തളര്‍ന്നിരിക്കുന്ന രാജേഷിന് അവളെ ഒതുക്കാനുള്ള വഴികള്‍ പറഞ്ഞുകൊടുക്കുന്നത് അനിയണ്ണനാണ്. ഭാര്യ തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും ഭാര്യയെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം അവളെ ഗര്‍ഭിണിയാക്കുക എന്നതാണെന്നതുള്‍പ്പെടെയുള്ള കുബുദ്ധികളാണ് അനിയണ്ണന്‍ പറഞ്ഞുകൊടുക്കുന്നത്.

സ്വന്തം ഭാര്യ ഉപേക്ഷിച്ചുപോയ കഥാപാത്രമായാണ് അനിയണ്ണനെ ചിത്രത്തില്‍ കാണിക്കുന്നത്. ‘ഭാര്യ നിങ്ങളെ ഉപേക്ഷിച്ചുപോയത് വെറുതെയല്ലെന്ന് ഒരു ഘട്ടത്തില്‍ രാജേഷിന് പോലും പറയേണ്ടി വരുമ്പോള്‍, വെറുതെ പോയതല്ല ഒരു കുഞ്ഞിനെ കൂടി കയ്യില്‍ വെച്ചുകൊടുത്തിട്ടുണ്ടെന്ന്, അഭിമാനബോധത്തോടെ, യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ വിളിച്ചുപറയുന്ന ഈ കഥാപാത്രത്തോട് പ്രേക്ഷകന് അങ്ങേയറ്റം വെറുപ്പുതോന്നുന്ന രീതിയില്‍ തന്നെ ഗംഭീരമാക്കാന്‍ അസീസ് നെടുമങ്ങാടിന് കഴിഞ്ഞിട്ടുണ്ട്.

സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ അതിഗംഭീരമായാണ് ആ കഥാപാത്രത്തെ അസീസ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ കോടതി മുറിയില്‍ വെച്ചുള്ള രംഗങ്ങളെല്ലാം ഏറെ മികച്ചതാക്കാന്‍ അസീസിന് സാധിച്ചിട്ടുണ്ട്.

Content Highlight: Azees Nedumangad Performance on Jaya Jaya Jaya Jayahe and his Character