നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ റിലീസ് ആയിരിക്കുകയാണ്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിക്കുന്നത്. സിനിമയില്‍ അസീസ് നെടുമങ്ങാടും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിലെ ഒരു അംഗം ആയിട്ടാണ് അസീസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ജോസ് സ്‌കറിയ എന്ന കഥാപാത്രത്തെയാണ് അസീസ് സിനിമയില്‍ അവതരിപ്പിച്ചത്.
ഇപ്പോഴിതാ അസീസിന്റെ സിനിമയിലെ പ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. മികച്ച പെര്‍ഫോമന്‍സാണ് സിനിമയില്‍ അസീസ് കാഴ്ചവെക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ സിനിമ കണ്ടവരുടെ അഭിപ്രായങ്ങള്‍.
മലയാള സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷം ബേസില്‍ ജോസഫ് ചിത്രം ജയ ജയ ജയ ഹേയിലെ മുഴുനീള കോമഡി വേഷം അസീസിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആ ചിത്രത്തിന് ശേഷം കണ്ണൂര്‍ സ്‌ക്വാഡിലും മികച്ച പെര്‍ഫോമന്‍സാണ് അദ്ദേഹം കാഴ്ചവെക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ അസീസ് കണ്ണൂര്‍ സ്‌ക്വാഡില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്ന് മമ്മൂട്ടിയും അഭിപ്രായപ്പെട്ടിരുന്നു, അത് ശരിവെക്കുകയാണ് സിനിമ കണ്ടവരും.
തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ണ സംതൃപ്തിയാണ് ചിത്രം നല്‍കുന്നതെന്നും കണ്ണൂര്‍ സ്‌ക്വാഡിലൂടെ മികച്ച മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മമ്മൂട്ടി മലയാളത്തിന് നല്‍കിയെന്നും സിനിമ ആദ്യ ഷോ കണ്ടവര്‍ പറഞ്ഞിരുന്നു.
പ്രകടനത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ലെന്നും ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായങ്ങളുണ്ട്.
സുഷിന്‍ ശ്യാമിന്റെ മ്യൂസിക് ചിത്രത്തിന് മുതല്‍ക്കൂട്ടായെന്നും ഇന്‍വെസ്റ്റിഗേഷന്‍ മാത്രമല്ല, ഇമോഷണലിയും ചിത്രം കണക്ടാവുന്നുണ്ടെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ആദ്യദിവസത്തെ പ്രതികരണങ്ങള്‍ ഇനി വരുന്ന ദിവസങ്ങളിലും തുടര്‍ന്നാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയാണുള്ളത്.
ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.