| Tuesday, 3rd October 2023, 2:12 pm

ആ കാര്യം മമ്മൂക്കയുടെ മനസില്‍ കിടപ്പുള്ളതുകൊണ്ടായിരിക്കാം ഞങ്ങളെ അദ്ദേഹം ഭയങ്കരമായി കെയര്‍ ചെയ്തു: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്‌സ് ഓഫീസില്‍ കണ്ണൂര്‍ സ്‌ക്വാഡ് ചാര്‍ജ് എടുത്തിട്ട് അഞ്ചു ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഗംഭീര അഭിപ്രായത്തോടെ ഈ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്ലേക്കാണ് സിനിമ മുന്നേറിക്കൊണ്ടിരിക്കുന്നത്. എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിന്റെ വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ സ്‌ക്വാഡിലെ മറ്റുള്ളവരും വലിയ തോതില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. നാല്‍വര്‍സംഘത്തില്‍ ഒരാളായ ജോസ് എന്ന കഥാപാത്രം നടന്‍ അസീസ് നെടുമങ്ങാടിന്റെ കൈയില്‍ ഭദ്രമായിരുന്നു. റിലീസിന് ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെ കുറിച്ചും കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് തീരുന്നതുവരെ അദ്ദേഹം തങ്ങളെ കൊണ്ടുനടന്ന രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അസീസ്. എത്ര തവണ തെറ്റിപ്പോയാലും എത്ര ടേക്ക് എടുക്കേണ്ടി വന്നാലും അദ്ദേഹം കാണിക്കുന്ന കരുതലും ക്ഷമയും വലുതാണെന്നാണ് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ അസീസ് പറയുന്നത്.

‘മമ്മൂക്കയുടെ മുന്നില്‍ ഡയലോഗ് പറയുമ്പോള്‍ എനിക്ക് എപ്പോഴും തെറ്റിപ്പോവാറുണ്ട്. ‘സി.ബി.ഐ, വണ്‍, പരോള്‍ എന്നീ സിനിമയിലെല്ലാം മമ്മൂക്കയുടെ കൂടെ നിന്ന് അഭിനയിച്ചപ്പോള്‍ എത്രയോ വട്ടം എനിക്ക് ഡയലോഗ് തെറ്റിപോയിട്ടുണ്ട്. സി.ബി.ഐ യില്‍ അഭിനയിക്കുമ്പോള്‍ ഒരു സീനില്‍ 12 ടേക്കുകള്‍ വരെ ഞാന്‍ എടുത്തിട്ടുണ്ട്. അപ്പോഴൊക്കെ മമ്മൂക്ക എന്നോട് ചിരിച്ചുകൊണ്ട് ‘എന്താടാ നേരെ ചെയ്യ് ‘എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു’. അസീസ് പറയുന്നു

‘ആ കാര്യമെല്ലാം മമ്മൂക്കയുടെ മനസില്‍ കിടക്കുന്നത് കൊണ്ടായിരിക്കാം കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയില്‍ മമ്മൂക്ക, വല്യേട്ടന്‍ സിനിമയില്‍ അനുജന്മാരെ നോക്കുന്ന പോലെ ഹിറ്റ്‌ലര്‍ സിനിമയില്‍ പെങ്ങള്‍മാരെ ശ്രദ്ധിക്കുന്നപോലെ ഒരു ജേഷ്ഠ സഹോദരനായി ഭയാനകരമായ രീതിയിലാണ് ഞങ്ങളെ ഓരോരുത്തരെയും കെയര്‍ ചെയ്തത്. ഒപ്പമുള്ളത് മമ്മൂക്കയായതുകൊണ്ട് തന്നെ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന സീനിയര്‍ ഉദ്യോഗസ്ഥന് നല്‍കേണ്ട ആദരവും ബഹുമാനവുമെല്ലാം ഞങ്ങള്‍ക്ക് അഭിനയിച്ച ഫലിപ്പിക്കേണ്ടി വന്നില്ല’. അസീസ് പറഞ്ഞു

കണ്ണൂര്‍ സ്‌ക്വാഡിന്റെ അവസാന ദിവസം ആരാധകരോടൊപ്പം വരി നിന്ന് അസീസും മമ്മൂക്കയോടൊപ്പം ഫോട്ടോ എടുത്തപ്പോള്‍ നിനക്ക് എന്തിനാടാ ഈ ഫോട്ടോ എന്നായിരുന്നു മമ്മൂക്ക ചോദിച്ചത്. സിനിമയില്‍ മാത്രമാണ് ഞാന്‍ ജോസ് എന്ന കഥാപാത്രം. റിയല്‍ ലൈഫില്‍ അത് മമ്മൂക്കയും ഞാന്‍ അസീസുമല്ലേ എന്നാണ് അസീസ് പറയുന്നത്.

കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാള മിനി സ്‌ക്രീനിലേക്ക് എത്തിയ അസീസ് ചെറുതും വലുതുമായി ഒരുപാട് വേഷങ്ങള്‍ സിനിമയില്‍ ചെയ്തിട്ടുണ്ടെങ്കിലും ജോസിനെ പോലെയൊരു മുഴുനീള പരുക്കന്‍ കഥാപാത്രം ആദ്യമായാണ് അസീസ് കൈകാര്യം ചെയുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് പോലെ ഇനിയും മികച്ച സിനിമകളുടെയും കഥാപാത്രങ്ങളുടെയും ഭാഗമാവാനുള്ള ഒരുക്കത്തിലാണ് അസീസ് നെടുമങ്ങാട്.

Content Highlight: Azees nedumangad about Mammootty and his Approach

We use cookies to give you the best possible experience. Learn more