അതെന്താടാ അങ്ങനെ എന്നായിരുന്നു മമ്മൂക്ക സി.ബി.ഐയില്‍; കണ്ണൂര്‍ സ്‌ക്വാഡില്‍ അത് 'ജോസെ വാടാ' എന്നായി: അസീസ് നെടുമങ്ങാട്
Movie Day
അതെന്താടാ അങ്ങനെ എന്നായിരുന്നു മമ്മൂക്ക സി.ബി.ഐയില്‍; കണ്ണൂര്‍ സ്‌ക്വാഡില്‍ അത് 'ജോസെ വാടാ' എന്നായി: അസീസ് നെടുമങ്ങാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th September 2023, 10:55 am

സി.ബി.ഐയിലെയും കണ്ണൂര്‍ സ്‌ക്വാഡിലെയും മമ്മൂട്ടിയെപറ്റി പറയുകയാണ് നടന്‍ അസീസ് നെടുമങ്ങാട്. സി.ബി.ഐയിലും കണ്ണൂര്‍ സ്‌ക്വാഡിലും കണ്ട മമ്മൂക്കയുടെ വ്യത്യാസം ഭയങ്കരമായിരുന്നു എന്നാണ് അസീസ് പറയുന്നത്.

ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കംഫര്‍ട്ട് ആകുന്നതില്‍ മമ്മൂക്ക വളരെയേറെ ശ്രദ്ധിക്കുമെന്ന് നടന്‍ ശബരീഷും പറഞ്ഞു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കണ്ണൂര്‍ സ്‌ക്വാഡിലെ താരങ്ങളായ അസീസ് നെടുമങ്ങാടും ശബരീഷും.

‘സി.ബി.ഐയില്‍ ഞാന്‍ മമ്മൂക്കയുടെ കൂടെ ഉണ്ടായിരുന്നപ്പോള്‍ ഫസ്റ്റ് സീനില്‍ ‘അതെന്താടാ അങ്ങനെ’ എന്നൊരു രീതിയായിരുന്നു. അതില്‍ നിന്ന് കണ്ണൂര്‍ സ്‌ക്വാഡിലേക്ക് വന്നപ്പോള്‍ ജോസെ വാടാ എന്ന കുറച്ച് കൂടി കമ്പനിയായ ഒരു ബന്ധം പോലെയായി.

ആ ഒരു വ്യത്യാസം ഭയങ്കര സംഭവമായിരുന്നു. ഒരു തള്ളക്കോഴി എങ്ങനെയാണ് കുഞ്ഞുങ്ങളെ ചിറകിനടിയില്‍ കൊണ്ട് നടക്കുന്നത് അതുപോലെയാണ് ഞങ്ങള്‍ മൂന്നു പേരേയും മമ്മൂക്ക കണ്ടിരുന്നത്. കാരവാനില്‍ വെച്ച് അദ്ദേഹം ഞങ്ങളോട് ചോദിക്കും ഇന്ന് ചെയ്തത് ഓക്കെയായിരുന്നോ എന്ന്. ഞാന്‍ അത്ഭുതപ്പെട്ടു പോയിയിട്ടുണ്ട്. മമ്മൂക്കയെ പോലൊരു സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചോദിക്കുന്നത് എന്ന് ആലോചിച്ചിട്ട്.

അതും ഓക്കെയല്ലാതെ പിന്നെ എഡിറ്റ് ചെയ്ത് സ്പോട്ടില്‍ കാണുമ്പോഴും ഞങ്ങളെ നോക്കി ഓക്കെയല്ലെ എന്ന് ചോദിക്കും. മാത്രമല്ല നമുക്ക് മമ്മൂക്കയെ സുഖിപ്പിക്കേണ്ട ആവശ്യവുമില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു സംഭവമുണ്ടായത്. മമ്മൂക്ക ഒരു സീന്‍ ചെയ്തിട്ട് ഓക്കെയല്ലെ എന്ന് റോണിച്ചേട്ടനോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, അത്രക്ക് പോര എന്ന്. അതെന്താടാ അങ്ങനെ എന്നായി മമ്മൂക്ക. തമാശ രൂപേണയാണ് ഈ ചോദ്യം. അങ്ങനെ രസകരമായ ഒരു അന്തരീക്ഷമായിരുന്നു’, അസീസ് പറഞ്ഞു.

Content Highlight: Azees Nedumangad about Mammootty Acting on Kannur Squad