| Sunday, 3rd July 2016, 1:24 pm

ഇടതുമുന്നണി വിട്ടുപോന്നത് തെറ്റായിപ്പോയെന്ന് പറയാനാവില്ല; എല്‍.ഡി.എഫിന്റേത് മോശം ഭരണം; ചന്ദ്രചൂഢനെ തള്ളി അസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡനെ തള്ളി ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് രംഗത്തെത്തി.

എല്‍.ഡി.എഫ് വിടാനുള്ള തീരുമാനം കൂട്ടായെടുത്തതാണെന്നും അതു തെറ്റായ രാഷ്ട്രീയസമീപനമാണെന്ന് വിളിച്ചുകൂവി പറയാനാകില്ലെന്നും അസീസ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും പാഠം പഠിച്ചില്ല. കൂടാതെ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണവും തിരിച്ചടിയായി. പ്രാദേശിക തലത്തില്‍ ആര്‍.എസ്.പി നിര്‍ജീവമായിട്ടുണ്ട്.

എല്‍.ഡി.എഫിന്റെ ഭരണം മോശമാണ്. എല്‍.ഡി.എഫ് വന്നതിന് ശേഷം വിലക്കയറ്റം കൂുടി കശുവണ്ടി ഫാക്ടറി തുറന്നില്ലെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.പി യോഗത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.

കുമ്പസാരിക്കുന്നത് നല്ലതാണെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ആര്‍.എസ്.പിയുടെ ജില്ലാ നേതൃയോഗത്തില്‍ ചന്ദ്രചൂഡന്‍ സംസാരിച്ച് തുടങ്ങിയത്.

ആര്‍.എസ.്പിക്ക് തെരഞ്ഞെടുപ്പില്‍ ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നും എല്‍.ഡി.എഫ് വിട്ടുപോന്ന ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തെ തടയാനായില്ലെന്നും അതില്‍ ദുഃഖമുണ്ടെന്നും ചന്ദ്രചൂഢന്‍ പറഞ്ഞിരുന്നു.

ഇത്ര തിടുക്കത്തില്‍ ഇടതുമുന്നണി വിട്ടുപോരേണ്ടിയിരുന്നില്ല. തെറ്റുകള്‍ തിരുത്തേണ്ടതാണ്. ഈ മുന്നണിയില്‍ എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പക്വമതിയെ പോലെയാണ് പിണറായി വിജയന്റെ പെരുമാറ്റമെന്നും അദ്ദേഹത്തിന്റെ കീഴില്‍ ഭേദപ്പെട്ട ഭരണമാണ് ഇടതുപക്ഷം കാഴ്ചവെക്കുന്നതെന്നും ചന്ദ്രചൂഢന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more