| Saturday, 25th February 2023, 6:35 pm

അതെന്താടാ തടിയുള്ളവര്‍ക്ക് ക്രിക്കറ്റ് കളിച്ചാല്‍, അവര്‍ കളിക്കുകയും ചെയ്യും ചിലപ്പോള്‍ വായടപ്പിക്കുകയും ചെയ്യും; പോഡ്രാ അന്ത ബി.ജി.എം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്‌ലമാബാദ് യുണൈറ്റഡിന്റെ സൂപ്പര്‍ താരം അസം ഖാന്റെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മത്സരത്തില്‍ താരത്തിന്റെ വെടിക്കെട്ടായിരുന്നു യുണൈറ്റഡിന് വിജയം നേടിക്കൊടുത്തത്.

42 പന്തില്‍ നിന്നും 97 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഒമ്പത് ബൗണ്ടറിയും എട്ട് സിക്‌സറും ഉള്‍പ്പെടെ 230.95 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്.

ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും നാഷണല്‍ ടീമിലെ സ്ഥിരസാന്നിധ്യമാകാന്‍ താരത്തിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ക്രിക്കറ്റില്‍ ഗോഡ് ഫാദര്‍മാരുണ്ടായിട്ടുപോലും പാകിസ്ഥാന്റെ പച്ച ജേഴ്‌സി അസം ഖാന് പലപ്പോഴും അന്യമായിരുന്നു. ഇതിന് പലപ്പോഴും കാരണമായി പറഞ്ഞിരുന്നതാകട്ടെ താരത്തിന്റെ തിടിച്ച ശരീരപ്രകൃതിയും.

ഈ തടിയനൊക്കെ ടീമിലെത്തിയിട്ട് എന്ത് കാണിക്കാനാണ് എന്നായിരുന്നു പലരുടെയും വിമര്‍ശനം. പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഇതിന് മുമ്പും ഇന്‍സമാം ഉള്‍ ഹഖ് അടക്കമുള്ള തടിച്ച ശരീരപ്രകൃതിയുള്ളവര്‍ കളിക്കുകയും റണ്ണടിച്ചുകൂട്ടുകയും ചെയ്തത് മറന്നുകൊണ്ടായിരുന്നു പലരും അസം ഖാനെ തടിയുടെ പേരില്‍ കടന്നാക്രമിച്ചത്.

എന്നാല്‍ അപ്പോഴും അസം ഖാനെ പിന്തുണച്ച ആരാധകരുമുണ്ടായിരുന്നു. താരത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനത്തിന് പിന്നാലെ ഇവര്‍ ഇസ്‌ലമബാദ് യുണൈറ്റഡിന്റെ ലോഗോയിലെ സിംഹത്തെ പോലെ സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്.

തടിയുള്ള തങ്ങളുടെ പ്രിയപ്പെട്ടവന്‍ കളിച്ചതു കണ്ടില്ലേ എന്നും ശരീരപ്രകൃതിയുടെ പേരില്‍ ഒരാളെയും കളിയാക്കരുതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തന്റെ അച്ഛനും മുന്‍ പാക് താരവുമായ മോയിന്‍ ഖാന്‍ പരിശീലിപ്പിച്ച ടീമിനെയായിരുന്നു അസം ഖാന്‍ കടന്നാക്രമിച്ചത്. ആ പ്രകടനം കണ്ട് സ്വന്തം മകനെ നിറഞ്ഞൊന്ന് അഭിനന്ദിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു മോയിന്‍ ഖാന്‍.

അവന്റെ ഇന്നിങ്‌സിനെ ചിരിക്കാതെ കയ്യടിച്ച് അഭിനന്ദിക്കുമ്പോള്‍ മുഖം നിറയെ കാര്‍ക്കശ്യമായിരുന്നെങ്കിലും മനസ് നിറയെ ‘നീ വീണ്ടും തെളിയിച്ചെടാ മോനേ’ എന്ന അഭിമാനം തന്നെയായിരിക്കും.

മത്സരശേഷം നടന്ന പ്രസ് കോണ്‍ഫറണ്‍സിലും താരത്തിന്റെ തടിയെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നിരുന്നു.

‘സര്‍, എന്റെ ഫിറ്റ്‌നെസ് തുടക്കത്തിലേ ഇങ്ങനെ തന്നെയായിരുന്നു. മികച്ച രീതിയില്‍ പ്രകടനം നടത്തുക എന്നതുമാത്രമാണ് ഞാന്‍ ലക്ഷ്യമിടുന്നത്. ഞാന്‍ മറ്റെന്തിനേക്കാളും വിലകല്‍പിക്കുന്നതും അതുതന്നെയാണ്. ഞാന്‍ എപ്പോഴും നെഗറ്റിവിറ്റിയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് ശ്രമിക്കുന്നത്.

നാഷണല്‍ ടീമിലേക്കുള്ള സെലക്ഷനെ കുറിച്ച് പറയുകയാണെങ്കില്‍ എന്നെ ടീമിലെടുക്കണമോ വേണ്ടെയോ എന്നതെല്ലാം സെലക്ടര്‍മാരുടെ തീരുമാനമാണ്. അല്ലാത്തപക്ഷം എന്റെ പ്രകടനം നിങ്ങള്‍ക്ക് മുമ്പിലുണ്ട്,’ എന്നായിരുന്നു താരത്തിന്റെ മറുപടി.

ഇസ്‌ലമാബാദ് യുണൈറ്റഡ് – ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് മത്സരത്തില്‍ അസം ഖാനെ തന്നെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തതും. വരും മത്സരങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഭാവിയില്‍ താരം പാകിസ്ഥാന്‍ ടീമിലെ സ്ഥിര സാന്നിധ്യമാകുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

Content highlight: Azam Khan with performance that silences the critics

We use cookies to give you the best possible experience. Learn more