| Friday, 14th July 2023, 11:35 am

അസം ഖാന്റെ 'വൈ' കാറ്റഗറി സുരക്ഷ നിര്‍ത്തലാക്കി യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: സമാജ്‌വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ അസം ഖാന്റെ ‘വൈ’ കാറ്റഗറി സുരക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കി. ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒഴിവാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അസം ഖാന്റെ വൈ കാറ്റഗറി സുരക്ഷയില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസുകാരെ പിന്‍വലിച്ചതായി യു.പി പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ നടന്ന സംസ്ഥാനതല സുരക്ഷാ യോഗത്തിലാണ് അസമിന്റെ സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെങ്കിലും ബുധനാഴ്ചയാണ് ഉത്തരവ് വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

മന്ത്രിമാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും വി.വി.ഐ.പികള്‍ക്കുമായുള്ള സുരക്ഷാ സംവിധാന
മാണ് വൈ ക്യാറ്റഗറി.

പ്രതിപക്ഷ നേതാക്കളോടുള്ള യു.പി സര്‍ക്കാരിന്റെ പ്രതികാര നടപടയുടെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് വിമര്‍ശനമുണ്ട്. 2017ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം അസം ഖാനെതിരെ 80ഓളം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം മേയില്‍ ഭൂമി കയ്യേറ്റക്കേസില്‍ അസം ഖാന് രണ്ട് കൊല്ലത്തെ ജയില്‍ശിക്ഷ ലഭിച്ചിരുന്നു. സുപ്രീം കോടതി ഈ കേസില്‍ പിന്നീട് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

ഭരണഘടനാ പദവിയില്‍ തുടരുന്നവര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ഭീഷണിപ്പെടുത്തുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍
2019 ഏപ്രില്‍ ഒമ്പതിന് അസം ഖാനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അസം ഖാന്റെ ഭാര്യ തന്‍സീം ഫാത്തിമ, മകന്‍ അബ്ദുള്ള അസം ഖാന്‍ എന്നിവരും ഈ കേസില്‍ കൂട്ടുപ്രതികളാണ്. മൂന്ന് പേരും നിലവില്‍ ജാമ്യത്തിലാണ്. ഇതിന് പിന്നാലെ 20230 ഫെബ്രുവരിയില്‍ അബ്ദുള്ള അസം ഖാന്‍ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.

Content Highlight: Azam Khan’s ‘Y’ category security removed by Uttar Pradesh government

We use cookies to give you the best possible experience. Learn more