ന്യൂദല്‍ഹി: മോദി സര്‍ക്കാറും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. രാംപൂരില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ രാംപൂരിലെ തെരഞ്ഞെടുപ്പ് വളരെ അപകടകരമാണ്. എന്നെ പരാജയപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്യാനാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഇവിടെ വന്നിരിക്കുന്നത്. എന്റെ എല്ലാ ലൈസന്‍സുകളും റദ്ദാക്കിയിരിക്കുകയാണ്. പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. എന്റെ കുടുംബത്തിന്റെ അവകാശങ്ങളും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. എനിക്കിപ്പോള്‍ ഒറ്റപ്പെട്ടതുപോലെ തോന്നുന്നു. മോദി സര്‍ക്കാറും യോഗി സര്‍ക്കാറും മുഴുവന്‍ ഭരണകൂടവും എന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയാണ്.’ എന്നാണ് അസംഖാന്‍ പറഞ്ഞത്.
Also read:രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ സഖ്യസര്‍ക്കാറിനെ ബാധിക്കില്ല; യെച്ചൂരി
തന്റെ പരാജയം ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്താനും നിയമവിരുദ്ധമായ മറ്റ് കാര്യങ്ങള്‍ ചെയ്യാനും ഭരണകൂടം തയ്യാറാവുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘അവര്‍ എല്ലാ തന്ത്രങ്ങളും പയറ്റും. ഇ.വി.എമ്മുകള്‍ അട്ടിമറിക്കും. അവര്‍ സാധ്യമായത് എല്ലാം ചെയ്യും’ ഖാന്‍ ആരോപിച്ചു.
എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ ഭാഗമായാണ് അസംഖാന്‍ റാംപൂരില്‍ മത്സരിക്കുന്നത്. ജയപ്രദയാണ് അദ്ദേഹത്തിനെതിരെ ഇവിടെ മത്സരിക്കുന്നത്.