| Saturday, 25th February 2023, 3:41 pm

ഇവന്‍ പാകിസ്ഥാനിലെ 'സഞ്ജു സാംസണ്‍'; അച്ഛന്റെ ടീമിനെ കൊന്ന് കൊലവിളിച്ച് അങ്ങേരെക്കൊണ്ട് തന്നെ കയ്യടിപ്പിച്ച മുതല്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനവുമായി അസം ഖാന്‍. ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് – ഇസ്‌ലമാബാദ് യുണൈറ്റഡ് മത്സരത്തിലായിരുന്നു അസം ഖാന്‍ ഒരിക്കല്‍ക്കൂടി ആറാടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യുണൈറ്റഡ് നായകന്‍ ഷദാബ് ഖാന്റെ തീരുമാനം തെറ്റുന്ന കാഴ്ചയായിരുന്നു കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ കണ്ടത്. വെടിക്കെട്ട് വീരന്‍മാരായ റഹ്‌മത്തുള്ള ഗുര്‍ബാസും റാസി വാന്‍ ഡെര്‍ ഡസനും പെട്ടെന്ന് തന്നെ പുറത്തായപ്പോള്‍ യുണൈറ്റഡ് നിന്ന് വിയര്‍ത്തു. നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ഷദാബ് ഖാനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

എന്നാല്‍ അഞ്ചാം നമ്പര്‍ ബാറ്ററായി അസം ഖാന്‍ ക്രീസിലെത്തിയതോടെ കളി മാറി. 42 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും എട്ട് സിക്‌സറും ഉള്‍പ്പെടെ 97 റണ്‍സാണ് താരം നേടിയത്.

അസം ഖാന് പുറമെ ആറാമനായി ഇറങ്ങിയ ആസിഫ് അലിയും തകര്‍ത്തടിച്ചു. 24 പന്തില്‍ നിന്നും 42 റണ്‍സാണ് താരം നേടിയത്.

തന്റെ അച്ഛനും മുന്‍ പാക് താരവുമായ മോയിന്‍ ഖാന്‍ പരിശീലിപ്പിക്കുന്ന ടീമിനെതിരെയാണ് അസം ഖാന്‍ റണ്ണടിച്ചുകൂട്ടിയത്. വെടിക്കെട്ട് ഇന്നിങ്‌സിന് ശേഷം അച്ഛനെ നോക്കി അസം ഖാന്‍ ആഘോഷിച്ചപ്പോള്‍ ചിരിക്കാതെ മുഖം വീര്‍പ്പിച്ചുകൊണ്ട് കയ്യടിച്ചാണ് മോയിന്‍ ഖാന്‍ ആ പ്രകടനത്തെ വരവേറ്റത്.

അസമിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ യുണൈറ്റഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലാഡിയേറ്റേഴ്‌സിനും കാര്യങ്ങള്‍ ശുഭകരമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കവെ മാര്‍ട്ടിന്‍ ഗപ്ടില്ലിനെ നഷ്ടമായ ക്വേറ്റക്ക് ഏഴാം റണ്‍സില്‍ ജേസണ്‍ റോയ്‌യെയും നഷ്ടമായി.

48 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും 41 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദും 39 റണ്ണടിച്ച ഇഫ്തിഖര്‍ അഹമ്മദും പൊരുതി നോക്കിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

ഒടുവില്‍ 19.1 ഓവറില്‍ 157 റണ്‍സിന് ഗ്ലാഡിയേറ്റേഴ്‌സ് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹസന്‍ അലിയും ഫസലാഖ് ഫാറൂഖിയുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

അസം ഖാനെയാണ് മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തത്. ആഭ്യന്തര തലത്തിലും മറ്റും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും അസം ഖാന് പാകിസ്ഥാന്‍ ദേശീയ ടീമിലെ സ്ഥാനം ഇപ്പോഴും അകലെയാണ്. പാകിസ്ഥാന്റെ ഭാവിയിലെ പരമ്പരകളില്‍ താരത്തിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Azam Khan’s brilliant knock in PSL

Latest Stories

We use cookies to give you the best possible experience. Learn more