| Sunday, 16th October 2022, 6:21 pm

അസം ഖാന് എന്‍.ഒ.സി നിഷേധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റർനാഷണൽ ലീഗ് ടി-20 ടൂർണമെന്റിൽ പങ്കെടുക്കാൻ അസം ഖാൻ നൽകിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നിരസിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

യു.എ.ഇയുടെ ഉദ്ഘാടന ഐ.എൽ. ടി-20 ലീഗിൽ പങ്കെടുത്ത ഒരേയൊരു പാക് താരം കൂടിയാണ് അസം ഖാൻ.

ലീഗിലെ ഏക ഇന്ത്യൻ ഉടമസ്ഥതയില്ലാത്ത ടീമായ ഡെസേർട്ട് വൈപ്പേഴ്സിനായാണ് താരം കളിക്കുന്നത്. 24 കാരനായ വിക്കറ്റ് കീപ്പർ-ബാറ്ററിന് അടുത്ത വർഷം ആദ്യം ആരംഭിക്കുന്ന ലീഗിൽ മത്സരിക്കുന്നതിനുള്ള എൻ.ഒ.സി ലഭിക്കാത്തതിനാൽ വരാനിരിക്കുന്ന കളിയിൽ പങ്കെടുക്കാനാവില്ല.

പാകിസ്ഥാൻ കളിക്കാർക്ക് എൻ.ഒ.സി നൽകില്ലെന്ന് ദുബായ് ലീഗിന്റെ സംഘാടകരെ പി.സി.ബി അറിയിക്കുകയായിരുന്നു.

അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ഐ.എൽ ടി-20സിൽ നിന്നും പി.സി.ബി തങ്ങളുടെ കളിക്കാരെ വിലക്കിയതായി പാകിസ്ഥാൻ നേരത്തെ അറിയിച്ചിരുന്നു.

രണ്ട് ടൂർണമെന്റുകളിലെയും 12 ടീം ഉടമകളിൽ 11 പേരും ഇന്ത്യക്കാരാണെന്നതായിരിക്കാം വിലക്കിന് കാരണമെന്നാണ് സൂചന.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിരോധം കാരണം ഇന്ത്യയിലെ ഉടമകൾ പാകിസ്ഥാനിൽ നിന്നുള്ള കളിക്കാരെ അനുകൂലിക്കുന്നില്ലെന്നും പി.സി.ബി പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു.

‘പാകിസ്ഥാൻ കളിക്കാർക്ക് ഐ.എൽ ടി-20യിൽ കളിക്കാൻ എൻ.ഒ.സി നൽകില്ലെന്ന് ഞങ്ങൾക്ക് പി.സി.ബി കത്തയച്ച് അറിയിക്കുകയായിരുന്നു.

പാക് താരങ്ങളെ എടുക്കണോ വേണ്ടയോ എന്നത് ഉടമകളുടെ തീരുമാനമായിരുന്നു, എന്നാൽ ലാൻസർ ക്യാപിറ്റലിന് അവരെ പങ്കെടുപ്പിക്കാൻ താൽപ്പര്യമുണ്ടായിരുന്നു,” ഐ.എൽ ടി-20 അധികൃതർ പറഞ്ഞു.

അതേസമയം എൻ.ഒ.സിയുടെ തീരുമാനത്തെക്കുറിച്ച് തനിക്ക് ധാരണയില്ലെന്നാണ് മുൻ പാക് ഇതിഹാസം മൊയിൻ ഖാന്റെ മകൻ അസം ഖാൻ പറഞ്ഞത്.

ജനുവരി ആറ് മുതൽ ഫെബ്രുവരി 12 വരെയാണ് ഐ.എൽ ടി-20 നടക്കുക.

Content Highlights: Azam Khan not granted NOC for ILT20, PCB sends letter

We use cookies to give you the best possible experience. Learn more