| Thursday, 27th October 2022, 5:37 pm

യോഗി ആദിത്യനാഥിനെതിരായ പ്രസംഗം; എസ്.പി നേതാവ് അസംഖാന് മൂന്ന് വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അസംഖാന് മൂന്ന് വര്‍ഷം തടവ്. 25,000 രൂപ പിഴശിക്ഷയും അസംഖാന് വിധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ റാംപൂര്‍ കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. അതുവരെ അദ്ദേഹത്തിന് ജാമ്യത്തില്‍ കഴിയാമെന്നും കോടതി വ്യക്തമാക്കി.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ച സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. യോഗി ആദിത്യനാഥിനെതിരെ 2019ല്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളിലാണ് യു.പിയിലെ രാംപുര്‍ കോടതി ശിക്ഷ വിധിച്ചത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ആഞ്ജനേയ കുമാര്‍ സിങ് ഐ.എ.എസിനെയുമാണ് അസം ഖാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചത്. പ്രസംഗം പ്രകോപനപരമാണെന്ന് ചൂണ്ടിക്കാണിച്ചാണ്് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

രാംപുര്‍ എം.എല്‍.എയായ അസംഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തില്‍ നിയമസഭാ അംഗത്വവും നഷ്ടപ്പെട്ടേക്കും. എന്നാല്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും അവസാനിക്കുന്നത് വരെ അദ്ദേഹത്തിന് എം.എല്‍.എയായി തുടരാം.

അടുത്തിടെയാണ് തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷത്തോളം ജയിലിലായ അസം ഖാന് സുപ്രീം കോടതി താല്‍കാലിക ജാമ്യം അനുവദിച്ചത്. അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകളാണ് അസം ഖാനെതിരെ നിലവിലുള്ളത്.

Content Highlight: Azam Khan gets 3-year jail term in hate speech against UP CM Yogi Adityanath

Latest Stories

We use cookies to give you the best possible experience. Learn more