തിരഞ്ഞെടുപ്പ് കമ്മീഷന്‍ സി.ബി.ഐ ആകാന്‍ ശ്രമിക്കരുത്: അസം ഖാന്‍
India
തിരഞ്ഞെടുപ്പ് കമ്മീഷന്‍ സി.ബി.ഐ ആകാന്‍ ശ്രമിക്കരുത്: അസം ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th April 2014, 12:27 am

[share]

[] ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചും നിയമനടപടിയ്‌ക്കൊരുങ്ങിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. കേന്ദ്ര സര്‍ക്കാറിന്റെ ആജ്ഞയനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമായി തിരഞ്ഞെടുപ്പ് കമീഷന്‍ മാറിയെന്നും അവര്‍ തങ്ങളുടെ വ്യക്തിത്വം തെളിയിക്കണമെന്നും അസം ഖാന്‍ പറഞ്ഞു.

വിവാദപ്രസംഗത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിലക്കേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സി.ബി.ഐ ആകാന്‍ ശ്രമിക്കരുത്. സി.ബി.ഐയെപ്പോലെ പ്രവര്‍ത്തിയ്ക്കാന്‍ ശ്രമിയ്ക്കയും കോണ്‍ഗ്രസിന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യുകയാണെങ്കി്ല്‍ അത് ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും. ഞാന്‍ പറഞ്ഞതും അമിത് ഷാ പറഞ്ഞതും തീര്‍ത്തും വ്യത്യസ്തമാണ്. അമിത് ഷായെപ്പോലെ വിദ്വേഷപ്രസംഗം നടത്താഞ്ഞിട്ടും എനിക്കെതിരെ നടപടിയെടുത്തത് മനസ്സിലാവുന്നില്ല-അദ്ദേഹം പറഞ്ഞു.

പ്രചരണത്തില്‍ നിന്ന് തന്നെ വിലക്കിയതുകൊണ്ട്  ആശയങ്ങള്‍ സംവദിയ്ക്കാന്‍ തനിയ്ക്ക കഴിയില്ലെന്നാണോ കമ്മീഷന്‍ കരുതുന്നതെന്ന് അസംഖാന്‍ ചോദിച്ചു. ഈമാസം ഏഴിന് മസൂറിയില്‍ പാര്‍ട്ടി റാലിക്കിടെ 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ വിജയം കൈവരിക്കാന്‍ പേരാടിയത് ഹിന്ദു സൈനികരല്ല മുസ്ലിം സൈനികരാണെന്നായിരുന്നു അസംഖാന്റെ പ്രസംഗം. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയ്‌ക്കെതിരെയും അസം ഖാന്‍ പരാമര്‍ശം നടത്തിയിരുന്നു.

ഗുജറാത്ത് കലാപത്തെപ്പറ്റി ചോദിച്ചപ്പോള്‍ കാറിനടിയില്‍പ്പെട്ട് പട്ടിക്കുട്ടി ചത്താലും താന്‍ അസ്വസ്ഥനാകുമെന്ന് മറുപടി പറഞ്ഞ മോദി യഥാര്‍ഥത്തില്‍ മുസ്ലിംകളെ പട്ടിക്കുട്ടിയെന്ന് വിളിക്കുന്നതിന് തുല്യമാണെന്നായിരുന്നു അസം ഖാന്റെ വ്യാഖ്യാനം. ഇതിനെതിരെ പരാതി ലഭിച്ചതിനത്തെുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസം ഖാനെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കിയത്.

അസംഖാന്റെ പരാമര്‍ശം വിവാദം സൃഷ്ടിയ്ക്കുകയും ഇതിനെതിരെ വിവധ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അസം ഖാനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഏറ്റവും വലിയ ഹൈന്ദവ സംഗമമായ കുംഭമേള വിജയകരമായി നടത്തിയ മന്ത്രിയാണ് അസംഖാന്‍ എന്ന കാര്യം മറക്കരുതെന്നായിരുന്നു അഖിലേഷിന്റെ വാദം.