| Sunday, 13th October 2024, 3:44 pm

സന്ദീപ് വാര്യരും ആരിഫ് ഹുസൈനും പരസ്പരം പൂരിപ്പിച്ചു; യുക്തിബോധം ചോര്‍ത്തപ്പെട്ട മനുഷ്യര്‍ കാവിയണിയുന്ന ഭീകരചിത്രം: ആസാദ് മലയാറ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ‘സ്വതന്ത്ര ചിന്തകരുടെ മഹാസമ്മേളന’ത്തിനെതിരെ വിമര്‍ശനവുമായി ആസാദ് മലയാറ്റില്‍. സമ്മേളനത്തില്‍ പങ്കെടുത്ത ഏതാനും അതിഥികള്‍ വേദിയെ ഹിന്ദുത്വ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാക്കിയെന്നും സംവാദത്തിന്റെ ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്തിയെന്നും ആസാദ് പറഞ്ഞു.

ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും ആരിഫ് ഹുസൈനും പങ്കെടുത്ത സെഷനെതിരെയാണ് ആസാദ് മലയാറ്റില്‍ പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയില്‍ മതേതരത്വം തകര്‍ച്ചയിലേക്കോ’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള സംവാദത്തില്‍ സന്ദീപ് വാര്യര്‍ക്കും ആരിഫ് ഹുസൈനും ഒരേ നിലപാടായിരുന്നുവെന്നാണ് ആസാദ് പറയുന്നത്. സംവാദത്തിലെ മറ്റൊരു അതിഥിയായ തനിക്ക് സംസാരിക്കാനുള്ള സമയം തരാതിരിക്കാന്‍ ഇരുവരും ശ്രമിച്ചുവെന്നും ആസാദ് പറയുന്നു.

മതേതരത്വത്തെ കേന്ദ്രീകരിച്ചായിരുന്നില്ല ഇരുവരും ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയതെന്നും സംവാദം പെട്ടെന്ന് ഒരു മുസ്‌ലിം പ്രശ്‌നമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങള്‍ ആ വഴിക്ക് കൊണ്ടുവരാനും നേരത്തേ തയ്യാറാക്കിയ ഒരു സ്‌ക്രിപ്റ്റിലേക്ക് സംവാദത്തെ എത്തിക്കാനും മോഡറേറ്ററായ മനുജ മൈത്രിയും ശ്രമം നടത്തിയെന്ന് ആസാദ് മലയാറ്റില്‍ ചൂണ്ടിക്കാട്ടി.

സമ്മേളനത്തില്‍ സന്ദീപ് വാര്യര്‍ക്ക് ലഭിച്ച കയ്യടി സദസിലിരിക്കുന്ന ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ചായ്‌വ്‌ പുറത്തുകാട്ടിയെന്നും സംഘടനാ പ്രതിനിധിയുടെ പക്ഷംചേരല്‍ കൂടിയായതോടെ വേദിയുടെ രാഷ്ട്രീയം പ്രകടമായെന്നും ആസാദ് മലയാറ്റില്‍ പറഞ്ഞു.

അവരുടെ രാഷ്ട്രീയം സംവാദത്തില്‍ തന്നെ ബാധിക്കുന്നതല്ല, എന്നാല്‍ ജനാധിപത്യ മര്യാദ കാണിക്കാതെ മൂലയില്‍ നിര്‍ത്തുന്ന ഏര്‍പ്പാടിനോട് സഹകരിക്കാന്‍ കഴിയാത്തതുകൊണ്ട് തന്നെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു.

ഇറങ്ങിപ്പോരലും ഒരു രാഷ്ട്രീയ ഇടപെടലാണല്ലോയെന്നും ആസാദ് മലയാറ്റില്‍ ചോദിച്ചു. ഹിന്ദുത്വ മതരാഷ്ട്രവാദവും ഫാഷിസവും കേരളത്തിന്റെ ധൈഷണിക ജീവിതത്തിലും പൊതുജീവിതത്തിലും കടന്നുകയറുന്നു എന്ന ഞെട്ടിക്കുന്ന അനുഭവമാണ് തനിക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ പുരോഗമന പ്രസ്ഥാനങ്ങളില്‍ കണ്ട പല മുഖങ്ങളും കോഴിക്കോട് നടന്ന സമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഇത് വേദനപ്പിക്കുന്ന വിഷയമായിരുന്നുവെന്നും ആസാദ് മലയാറ്റില്‍ കൂട്ടിച്ചേര്‍ത്തു. യുക്തിബോധവും ജീവിതവീക്ഷണവും ചോര്‍ത്തപ്പെട്ട മനുഷ്യര്‍ കാവിയണിഞ്ഞുതുടങ്ങുന്ന ഒരു ഭീകര ചിത്രമാണ് കോഴിക്കോട് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘എത്തിനോക്കിയത് തെറ്റാണോ എന്നറിയില്ല. ഇറങ്ങിപ്പോന്നതിന്റെ ആശ്വാസം ചെറുതല്ല.’ എന്നും അദ്ദേഹം കുറിച്ചു.

പരിപാടിയുടെ പോസ്റ്ററുകളില്‍ ഒരു വ്യക്തിയാണ് നിറഞ്ഞുനില്‍ക്കുന്നതെന്നും ഇത്തരത്തില്‍ ആള്‍ ദൈവങ്ങളെയുണ്ടാക്കുന്ന വ്യക്തിപൂജാ പ്രസ്ഥാനം എങ്ങനെ സ്വതന്ത്ര ചിന്തകരുടേതാകും എന്ന് താന്‍ നേരത്തെ സംഘടനകരോട് ചോദിച്ചിരുന്നു. എന്നാല്‍ തന്റെ ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയില്ലെന്നും ആസാദ് മലയാറ്റില്‍ പറഞ്ഞു.

Content Highlight: Azad Malayattil criticizes the ‘Mahasammelanam of independent thinkers’ organized by Essence Global

Latest Stories

We use cookies to give you the best possible experience. Learn more