Kerala News
'ഫേസ്ബുക്ക് പോസ്റ്റ് കലാപ ഉദ്ദേശത്തോടെ'; ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ ജലീലിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 24, 04:31 am
Wednesday, 24th August 2022, 10:01 am

പത്തനംതിട്ട: ജമ്മു-കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കീഴ് വായ്പൂര് പൊലീസ്. 153ബി ഐ.പി.സി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോട് കൂടിയാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

എഴുമറ്റൂര്‍ സ്വദേശി അരുണ്‍ മോഹന്‍ നല്‍കിയ ഹരജിയില്‍ ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

വിഷയത്തില്‍ പത്തനംതിട്ട കീഴ് വായ്പൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയില്‍ ഹരജി നല്‍കിയതെന്ന് അരുണ്‍ മോഹന്‍ പറഞ്ഞിരുന്നു.

പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ജമ്മു-കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ.ടി. ജലീല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

പരാമര്‍ശം വിവാദമായതോടെ ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലാണ് എഴുതിയതെന്ന് പറഞ്ഞ് ജലീല്‍ രംഗത്തെത്തിയിരുന്നു. അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം തോന്നുന്നുവെന്നും ജലീല്‍ മറുപടി കുറിപ്പില്‍ സൂചിപ്പിച്ചു.

ഇതിനെത്തുടര്‍ന്ന് ഫേസ്ബുക്ക് കുറിപ്പിലെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കളും ബി.ജെ.പിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയ്ക്കായി അത് പിന്‍വലിക്കുകയാണെന്നും ജലീല്‍ പറഞ്ഞു. സി.പി.ഐ.എം നേതാക്കളും അമര്‍ഷം അറിയിച്ചതോടെയാണ് ജലീല്‍ പരാമര്‍ശം പിന്‍വലിച്ചത്. മന്ത്രിമാരായ എം.വി. ഗോവിന്ദനും പി. രാജീവും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.

Content Highlight: Azad Kashmir remark in Facebook post police take case against KT Jaleel