ബെംഗളൂരു: ബാങ്ക് വിളിക്കുന്നതിനെ പരിഹസിച്ച ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിന് പിന്നാലെ ശിവമോഗയില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ നിന്ന് ബാങ്ക് വിളിച്ച് യുവാവ്. ഒരു സംഘം യുവാക്കള്‍ ഡി.സി ഓഫീസിന് മുന്നിലെത്തുകയും അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ബി.ജെ.പി നേതാവ് പരിഹസിച്ചത് ഞങ്ങളുടെ ദൈവത്തേയും ബാങ്കിനേയുമാണ്. വേണമെങ്കില്‍ വിധാന്‍ സൗദത്തിന് മുന്‍പിലും പോയി ബാങ്ക് വിളിക്കാന്‍ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഭീരുക്കളല്ല,’ യുവാക്കളിലൊരാള്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കി ഇവരെ പറഞ്ഞയച്ചെന്നും ശിവമോഗ പൊലീസ് സൂപ്രണ്ട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അതേസമയം ഇത്തരം അനിഷ്ട സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടാകുന്നതിന് കാരണം ബി.ജെ.പിയാണെന്നും ബി.ജെ.പി നേതാക്കള്‍ അവരുടെ അതിര്‍ത്തികള്‍ മനസിലാക്കി മാത്രം സംസാരിക്കണമെന്നും ജെ.ഡി (എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
ഞായറാഴ്ച കര്‍ണാടകയില്‍ നടന്ന റാലിക്കിടെയായിരുന്നു ബി.ജെ.പി നേതാവ് എസ്. ഈശ്വരപ്പ വിവാദ പരാമര്‍ശം നടത്തിയത്. ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നത് അള്ളാഹു ബധിരനായതുകൊണ്ടാകാം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വിവാദങ്ങള്‍ കനത്തതോടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നായിരുന്നു ഈശ്വരപ്പയുടെ വിശദീകരണം.
‘ലോകത്താകമാനമുള്ള രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള രാജ്യം. ഹിന്ദു ധര്‍മ്മത്തെയാണ് ഞങ്ങള്‍ സംരക്ഷിക്കുന്നത്. ഇനിയും മുസ്‌ലിങ്ങള്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അള്ളാഹു ബധിരനാണെന്ന് ഞങ്ങള്‍ക്ക് അനുമാനിക്കേണ്ടി വരും,’ ഈശ്വരപ്പ പറഞ്ഞു.
താന്‍ ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്താനല്ല അത്തരം പരാമര്‍ശം നടത്തിയെതെന്നും മറിച്ച് പൊതുജനത്തിന്റെ പ്രയാസത്തെ മാത്രമാണ് ബോധ്യപ്പെടുത്തിയതെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.
Content Highlight: Azaan delivered outside Shivamogga DC office over BJP MLA’s comments about Allah