|

അയ്യപ്പനും കോശിയും വിജയിച്ചപ്പോള്‍ നല്ല സിനിമകള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ..; മനസുതുറന്ന് ഗൗരി നന്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രം കരിയറില്‍ വലിയൊരു ബ്രേക്കാണ് നടി ഗൗരി നന്ദയ്ക്ക് നല്‍കിയത്.

അയ്യപ്പനും കോശിയും വിജയിച്ചു നില്‍ക്കുന്ന സമയത്ത് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നെന്നും നല്ല കുറച്ചു സിനിമകള്‍ കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ ആകസ്മികമായി കൊവിഡ് വന്നതോടെ എല്ലാ പ്രതീക്ഷയും അവതാളത്തിലായെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി നന്ദ പറയുന്നു.

‘ പല സിനിമകളും അതോടെ നീണ്ടുപോയി. എന്നാലും എനിക്ക് അതിലൊന്നും സങ്കടമില്ല. ലോകത്തെ മുഴുവന്‍ ജനങ്ങളും ഇതുപോലുള്ള പ്രതിസന്ധികള്‍ കൊവിഡ് കാലത്ത് നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ പുതിയ സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ട്. നല്ലൊരു സിനിമ ഉടന്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഗൗരി പറയുന്നു.

റഹ്മാനൊപ്പം ചെയ്ത പഗടി ആട്ടം എന്ന ചിത്രം കണ്ടാണ് സച്ചിയേട്ടന്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചതെന്നും സച്ചിയേട്ടന്റെ സിനിമയില്‍ എപ്പോഴും സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഒരു പ്രാധാന്യമുണ്ടെന്നും അതുകൊണ്ട് താന്‍ കണ്ണുംപൂട്ടി സമ്മതിക്കുകയായിരുന്നെന്നും ഗൗരി അഭിമുഖത്തില്‍ പറയുന്നു.

‘കണ്ണമ്മ എന്ന ഇമേജ് ബേക്ക് ചെയ്യുക എളുപ്പമല്ല. അത്തരത്തിലൊരു കഥാപാത്രം കിട്ടണം. കണ്ണമ്മയ്ക്കായി ഞാന്‍ ഒരുപാട് എഫേര്‍ട്ടെടുത്തിരുന്നു. ഡയറ്റിങ് ചെയ്ത് ഭാരം കുറച്ചു. കണ്ണമ്മ എന്ന കഥാപാത്രം അട്ടപ്പാടിയിലെ ആദിവാസി ഗോത്രത്തില്‍പ്പെട്ട ഒരാളാണ്. അതുകൊണ്ടു തന്നെ മെലിഞ്ഞ, അല്പം പരുക്കനായ ഒരു ശരീരപ്രകൃതമായിരിക്കും അവര്‍ക്കെന്ന് കഥപറയുമ്പോള്‍ത്തന്നെ സച്ചിയേട്ടന്‍ പറഞ്ഞിരുന്നു.

ഗൗരിയെക്കൊണ്ട് ആവുന്നത്രയും ഭാരം കുറയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ആ കഥാപാത്രത്തോടുള്ള ഇഷ്ടംകൊണ്ടുതന്നെ അതിനുശേഷം കഠിനമായ ഡയറ്റിങ് നടത്തി. മിതമായ രീതിയില്‍ പച്ചക്കറികള്‍ മാത്രമാണ് കഴിച്ചിരുന്നത്. ചില ദിവസങ്ങളില്‍ പട്ടിണിപോലും കിടന്നിട്ടുണ്ട്. ഒപ്പം കഠിനമായ വ്യായാമമുറകളും ചെയ്തു. കുറച്ച് ഭക്ഷണം കഴിച്ചാല്‍ത്തന്നെ പെട്ടെന്ന് ശരീരത്തില്‍ കാണുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഡയറ്റിങ് എന്നെ സംബന്ധിച്ച് ഇത്തിരി ബുദ്ധിമുട്ടായിരുന്നു.

മെലിഞ്ഞ ശേഷം ഫോട്ടോകള്‍ സച്ചിയേട്ടന് അയച്ചുകൊടുത്തപ്പോള്‍, ഇതുമതി, ഡയറ്റിങ് നിര്‍ത്തിക്കോളൂ എന്ന് പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ രാജുവേട്ടനും ബിജുവേട്ടനുമൊക്കെ അഭിനന്ദിച്ചു. കഥാപാത്രമാകാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടല്ലേ, നന്നാകട്ടെ, എന്ന് അവര്‍ പറഞ്ഞു.

ഇനിയും അത്തരം എഫേര്‍ട്ടുകളാവശ്യമായ കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യാന്‍ സന്തോഷമാണ്. കാരണം അഭിനയത്തിനായി എന്തു റിസ്‌കെടുക്കാനും ഇഷ്ടമാണ്. ഇപ്പോള്‍ പുതിയ കഥകള്‍ കേള്‍ക്കുന്നുണ്ട്. പിന്നെ സിനിമയാണല്ലോ, എപ്പോള്‍ സംഭവിക്കുമെന്ന് നമുക്ക് കൃത്യമായി പറയാനാകില്ലല്ലോ. നല്ലത് സംഭവിക്കട്ടെയെന്നാണ് ആഗ്രഹം,’ ഗൗരിനന്ദ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ayyappanum Koshiyum Actress Kannamma Gauri Nanda says About Her Career

Video Stories